|    Jul 24 Mon, 2017 4:20 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തദ്ദേശസ്ഥാപന യോഗവിവരങ്ങള്‍ പൊതുജനങ്ങളിലേക്കും

Published : 9th December 2015 | Posted By: SMR

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: തിരഞ്ഞെടുപ്പിനു ശേഷം പുതിയ ഭരണസമിതികള്‍ നിലവില്‍ വന്നതോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഹൈടെക് ആവുന്നു. ഭരണസമിതി യോഗങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ആപ്ലിക്കേഷ ന്‍ സോഫ്റ്റ്‌വെയറായ ‘സകര്‍മ’ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
പുതിയ പഞ്ചായത്തുകള്‍, നഗരസഭ, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് ഭരണസമിതികളുടെ യോഗതീരുമാനങ്ങള്‍ ‘സകര്‍മ’ വഴി മാത്രം നടത്തണമെന്നാണു നിര്‍ദേശം. തദ്ദേശഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്‍ വിശ്രുതന്‍ ആചാരി മുഖേന ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പുതിയ സോഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്താന്‍ വിവിധ ജില്ലകളില്‍ കിലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് പരിശീലനം നടന്നുവരുകയാണ്. റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലനം കിലയില്‍ പൂര്‍ത്തിയായി.
ഇ-ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇതിനകം 15 ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ തദ്ദേശസ്ഥാപനങ്ങളി ല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷ ന്‍ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് സകര്‍മ സോഫ്റ്റ്‌വെയര്‍. ഭരണസമിതി, സ്റ്റാന്റിങ് കമ്മിറ്റി, സ്റ്റിയറിങ് കമ്മിറ്റി തുടങ്ങിയ ഔദ്യോഗിക കമ്മിറ്റി തീരുമാനങ്ങള്‍ക്കുള്ള വിവരവിനിമയ പാക്കേജ് ആണിത്.
യോഗങ്ങളുടെ മിനിറ്റ്‌സ് തയ്യാറാക്കിയ ദിവസവും സമയവും കൃത്യതയോടെ രേഖപ്പെട്ടു കിടക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. വെട്ടല്‍, തിരുത്തല്‍, കൂട്ടിച്ചേ ര്‍ക്കല്‍ തുടങ്ങിയവയൊന്നും നടക്കില്ല. ഭരണസമിതി യോഗം കഴിഞ്ഞാലുടന്‍ അജണ്ട, മിനിറ്റ്‌സ്, തീരുമാനങ്ങള്‍, അംഗങ്ങളുടെ ഹാജര്‍നില തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാവും.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്പായ സമഗ്രയിലൂടെയും സമഗ്ര ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോര്‍ വഴി മൊബൈലുകളിലും ലഭിക്കും.
സകര്‍മ നടപ്പാക്കാനായി ഓരോ തദ്ദേശസ്ഥാപനത്തിനും പ്രത്യേക പേരും പാസ്‌വേര്‍ഡും നല്‍കിയിട്ടുണ്ട്. കംപ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കോ-ഓഡിനേറ്റര്‍മാരും ജില്ലാതല സാങ്കേതിക സഹായം ഏകോപിപ്പിക്കുന്നതിനായി ജില്ലാ ടെക്‌നിക്കല്‍ ഓഫിസര്‍മാരും പ്രവര്‍ത്തിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക