|    Jan 20 Fri, 2017 9:50 pm
FLASH NEWS

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മുന്‍തൂക്കം

Published : 30th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം. 11 ജില്ലകളിലായി 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏഴിടത്ത് വിജയിച്ചു. യുഡിഎഫ് അഞ്ചിടത്തും ബിജെപി മൂന്നു സീറ്റുകളിലും വിജയിച്ചു. നിര്‍ണായകമായ ഉദുമ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടിയ യുഡിഎഫ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.
തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. സിപിഎമ്മിലെ കെ മോഹനനെ 35 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി ജി എസ് ആശാനാഥ് പരാജയപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞതവണ ബിജെപിക്കു ലഭിച്ച 505 വോട്ടിന്റെ ഭൂരിപക്ഷം 35 ആയി കുറയുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്കം വാര്‍ഡും വെട്ടൂര്‍ പഞ്ചായത്തിലെ അക്കരവിള വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. തോട്ടുമുക്കം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി സജിത 151 വോട്ടിനും അക്കരവിള വാര്‍ഡില്‍ ബി റീന 134 വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ വിജയിച്ച് ബിജെപി അക്കൗണ്ട് തുറന്നു. 134 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥി ജ്യോതിഷ് വിജയിച്ചത്. പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ഷൈലജ 137 വോട്ടിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയില്‍ മാടപ്പള്ളി പഞ്ചായത്തിലെ കണിച്ചുകുളം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസ്സിലെ നിധീഷ് തോമസ് 64 വോട്ടിനാണ് വിജയിച്ചത്. മണര്‍കാട് പഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി സിന്ധു 198 വോട്ടിന് അട്ടിമറി വിജയം നേടി. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടുക്കി കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്തിലെ മുളംകുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. എല്‍ഡിഎഫ് സ്വതന്ത്രനായ തോമസ് ലൂക്കോസ് തെക്കേല്‍ 235 വോട്ടിന് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ഉറപ്പായി. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.
മുന്‍ മന്ത്രി കെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡ് ബിജെപിയില്‍ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചു. 94 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്വതന്ത്രനായ ശബരിഗിരീശനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞതവണ ബിജെപി അഞ്ചു വോട്ടിനാണ് ഇവിടെ ജയിച്ചത്. തൃശൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താഴക്കാട് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ്സിന്റെ കെ എ ഹൈദ്രോസ് 98 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി കെ കെ രാമകൃഷ്ണന്‍ 385 വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഊരകം ഗ്രാമപ്പഞ്ചായത്തിലെ ഒകെഎം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്വതന്ത്രയായ റീന തിരുത്തി 114 വോട്ടിനാണ് വിജയിച്ചത്.
കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റ് വാര്‍ഡ് സിപിഎം നിലനിര്‍ത്തി. എല്‍ഡിഎഫ് സ്വതന്ത്രനായ കെ കെ ഭാസ്‌കരന്‍ 76 വോട്ടിനാണ് ജയിച്ചത്. കണ്ണൂര്‍ കല്യാശേരി പഞ്ചായത്തിലെ അഞ്ചാംപീടിക വാര്‍ഡില്‍ 505 വോട്ടിന് സിപിഎമ്മിലെ ഡി രമ വിജയിച്ചു.
കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂര്‍ 1886 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ തവണത്തെ 6432 വോട്ടിന്റെ ഭൂരിപക്ഷം 1886 വോട്ടായി കുറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക