|    Oct 20 Sat, 2018 12:14 pm
FLASH NEWS

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്തു

Published : 1st November 2017 | Posted By: fsq

 

കല്‍പ്പറ്റ: തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ ഗ്രാമങ്ങളുടെ വികസനം സ്വപ്‌നങ്ങളായി അവശേഷിക്കുമെന്നു തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്യാനായി ആസൂത്രണ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ മറ്റു വഴികള്‍ തേടും. 20 ലക്ഷത്തില്‍ താഴെ അടങ്കലടങ്ങിയ പ്രൊജക്റ്റുകള്‍ ഗുണഭോക്തൃസമിതികള്‍ക്ക് ഏറ്റെടുക്കാം. ജില്ലയിലെ നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എല്ലാവരും കൂടി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഒരേ സമയം പരിസ്ഥിതിവാദിയും വികസനവാദിയും ആവാന്‍ പാടില്ല. നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവും കരാറുകാരുടെ നിസ്സഹകരണവും ഉദ്യോഗസ്ഥരുടെ കുറവും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതിക്ക് തടസ്സമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ യഥാസമയത്ത് പൂര്‍ത്തികരിക്കുന്നതിന് ഉദ്യോഗസ്ഥരുടെ സഹകരണം ആവശ്യമാണ്. സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി പദ്ധതി അവതാളത്തിലാവരുത്. തദ്ദേശ സ്ഥാപനങ്ങള്‍ നൂതന പ്രൊജക്റ്റുകള്‍ തയ്യാറാക്കണം. പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല വികസനം. മാലിന്യസംസ്‌കരണവും തെരുവുനായ ഭീഷണിയും സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. ഒരോ ബ്ലോക്കിലും വാതക ശ്മശാനങ്ങള്‍, തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, ആധുനിക അറവുശാലകള്‍ എന്നിവ വേണം. തെരുവുനായകളെ കൊല്ലുകയല്ല വേണ്ടത്. അവയുടെ വംശവര്‍ധന തടയുകയെതാണ് പ്രായോഗിക വഴി. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ താല്‍പര്യവും ജാഗ്രതയും കാണിക്കണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഓരോ ബ്ലോക്ക് പഞ്ചായത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച്  ചെറിയ കഷ്ണങ്ങളാക്കി പുനരുപയോഗ സാധ്യമാക്കുതിനുള്ള യൂനിറ്റുകള്‍ സ്ഥാപിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് ടാറിങിന് ഉപയോഗിക്കാന്‍ കഴിയും. എന്‍ജിനീയര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡയറക്ടര്‍ മേരിക്കുട്ടി, നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. കെ ബാലന്‍, ഗ്രാമവികസന കമ്മീഷണര്‍ ഷൗക്കത്തലി, എഡിഎം കെ എം രാജു, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി സി മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ്, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമ-ബ്ലോക്ക്-മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ജില്ലാതല വകുപ്പ് മേധാവികള്‍, ജില്ലാതല ഉദേ്യാഗസ്ഥര്‍, ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍, ഐകെഎം ജില്ലാ ടെക്‌നിക്കല്‍ ഓഫിസര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss