|    Oct 24 Wed, 2018 7:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തുക: മാനദണ്ഡം കൊണ്ടുവരും- മുഖ്യമന്ത്രി

Published : 22nd January 2017 | Posted By: fsq

 

തൃശൂര്‍: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തുക വിനിയോഗത്തിന് മാനദണ്ഡം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി രൂപവല്‍ക്കരണം ആഗസ്തില്‍ മാത്രമാണ് പൂര്‍ത്തിയാവുന്നത്. അതിനാല്‍ അവസാന മൂന്ന് മാസങ്ങളിലാണ് 80 ശതമാനത്തോളം പദ്ധതി തുക വിനിയോഗം നടക്കുന്നത്. ആ രീതി മാറണം. പദ്ധതി രൂപവല്‍ക്കരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ അത് നടപ്പാക്കിത്തുടങ്ങണം. അവസാന മൂന്ന് മാസത്തില്‍ 30 ശതമാനം മാത്രമേ ചിലവിടാന്‍ പാടുള്ളൂ. അതിന് മുമ്പ് ബാക്കി പദ്ധതി വിനിയോഗം പൂര്‍ത്തീകരിക്കണം. മാര്‍ച്ച് മാസത്തില്‍ 15 ശതമാനം തുക മാത്രമേ കൈവശം വയ്ക്കാവൂയെന്ന നിലവിലുള്ള മാര്‍ഗനിര്‍ദേശമാവും കൊണ്ടുവരുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പതിമൂന്നാം പദ്ധതി നവകേരളത്തിന് ജനകീയാസൂത്രണം’പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാര്‍ ആസൂത്രണത്തിന്റെ വഴി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, കേരളം വികസന ആസൂത്രണം തുടരും. കേരളത്തെ വിധിക്കും കമ്പോളത്തിനും വിട്ടുകൊടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ക്രമീകരണം നടത്തണം. ഗ്രാമസഭകളിലുള്‍പ്പെടെ ജനപങ്കാളിത്തം കുറയുന്നുണ്ട്. അത് വര്‍ധിപ്പിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൗരന്‍മാരുടെ ഉത്തരവാദിത്തം അവസാനിച്ചുവെന്ന ധാരണ മാറ്റണം. സംസ്ഥാനതലത്തിലുണ്ടാവുന്ന ഇടപെടലുകള്‍ ഗ്രാമപ്പഞ്ചായത്ത്, നഗരസഭകളുടെ കാര്യത്തിലുണ്ടാവുന്നില്ല. 13ാം പദ്ധതിക്കാലത്ത് സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ സന്നദ്ധസേവനം നടത്താന്‍ താല്‍പര്യമുള്ള സംഘടനകളുടെയും വ്യക്തികളുടെയും പാനല്‍ തയ്യാറാക്കും. ഇത്തരം സ്ഥാപനങ്ങളും വ്യക്തികളും അവരുടെ ഉപദേശങ്ങള്‍ നല്‍കണം. അതില്‍ അവസാന തീരുമാനം എടുക്കുക തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളായിരിക്കും. നോട്ടുനിരോധം മൂലമുള്ള സഹകരണപ്രസ്ഥാനങ്ങളുടെ തകര്‍ച്ചയും, വരള്‍ച്ചയും വലിയ പ്രശ്‌നമായി നിലകൊള്ളുന്നുണ്ട്. ഭീകരമായ വരള്‍ച്ചയാണ് നാം നേരിടാന്‍ പോവുന്നത്. അത് നേരിടാന്‍ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 13ാം പദ്ധതിയില്‍ രണ്ട് ലക്ഷം കോടി അടങ്കല്‍ വരുന്ന പദ്ധതിയാണ് നാം വിഭാവനം ചെയ്യുന്നത്. ഇതില്‍ 60,000 കോടിയും പ്രാദേശിക സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ളതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി എം തോമസ് ഐസക്, എ സി മൊയ്തീന്‍, പ്രഫ. സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, പട്ടികജാതി വര്‍ഗ സെക്രട്ടറി ഡോ. കെ വേണു, ഡോ. വി കെ ബേബി, തോട്ടത്തില്‍ രവീന്ദ്രന്‍, വി കെ മധു, അഡ്വ. തുളസി പത്മനാഭന്‍, വി വി രമേശന്‍, ആര്‍ സുഭാഷ്, ഡോ. പി പി ബാലന്‍, എന്‍ പ്രസന്നകുമാരി, വര്‍ഗീസ് കണ്ടംകുളത്തി സന്നിഹിതരായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss