|    Oct 17 Wed, 2018 9:35 am
FLASH NEWS
Home   >  Todays Paper  >  page 12  >  

തദ്ദേശഭരണ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല

Published : 19th September 2017 | Posted By: fsq

 

ഷാജി പാണ്ട്യാല

തലശ്ശേരി: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സ്റ്റാഫ് പാറ്റേണില്‍ വ്യക്തമായ മാനദണ്ഡം പാലിക്കാത്തതിനാല്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. 93 മുനിസിപ്പാലിറ്റികളിലും ആറു കോര്‍പറേഷനുകളിലും 700ഓളം പഞ്ചായത്തുകളിലും ഇതു കാരണം പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ സൗകര്യം രാഷ്ട്രീയപ്രേരിതമായി ഉപയോഗപ്പെടുത്തുന്നതിനാണ് സ്റ്റാഫ് പാറ്റേണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതെന്നാണ് ആരോപണം. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച നഗരസഭകളിലേക്ക് 700ഓളം വരുന്ന പഞ്ചായത്ത് ജീവനക്കാരെ സ്ഥലംമാറ്റിയത് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതിയ പദ്ധതികള്‍ നഗരസഭകളില്‍ എങ്ങനെ നടപ്പാക്കണം എന്നതിനെപ്പറ്റി വ്യക്തതയില്ലാത്തതിനാല്‍ പദ്ധതി മുടങ്ങുന്നതിനോടൊപ്പം വിവിധ ഏജന്‍സികള്‍ വഴി അനുവദിക്കുന്ന വന്‍ തുകകളും ലാപ്‌സാവുകയാണ്. പദ്ധതികളുടെ നടത്തിപ്പു ചുമതല കോര്‍പറേഷന്‍, നഗരസഭകള്‍ എന്നിവയിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികള്‍ക്കാണെങ്കിലും ബില്ലുകള്‍ പാസാക്കാനും മറ്റുമുള്ള പൂര്‍ണ അധികാരം സെക്രട്ടറിമാര്‍ക്കാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുക എന്നിവയുടെ ഉത്തരവാദിത്തവും സെക്രട്ടറിമാര്‍ക്കാണ്. ഇതിനാല്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ സെക്രട്ടറിമാര്‍ക്കു സാധിക്കുന്നില്ല. സ്റ്റാഫ് പാറ്റേണ്‍ മനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമേ ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്നാണു വിലയിരുത്തല്‍. സംസ്ഥാനത്തെ തദ്ദേശഭരണ വിഭാഗത്തിന്റെ രണ്ടു മേഖലാ ഡയറക്ടര്‍മാരുടെ ചുമതല നിലവില്‍ സെക്രട്ടറിമാരുടെ പദവിയില്‍ താഴെയുള്ള ഓഫിസ് സൂപ്രണ്ടുമാരാണ് നിര്‍വഹിക്കുന്നത്. ഇതിനാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംകാണുന്നില്ല. മാത്രമല്ല, ആസൂത്രണം പാഴാവുകയും ചെയ്യുന്നു. സാമ്പത്തികവര്‍ഷം ആരംഭിച്ച് ആറുമാസം കഴിഞ്ഞിട്ടും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനറല്‍ ട്രാന്‍സ്ഫര്‍ വൈകുന്നതും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss