|    Nov 13 Tue, 2018 11:28 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തണ്ണീര്‍ത്തട സംരക്ഷണ നിയമം; കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി

Published : 25th December 2015 | Posted By: SMR

കെ വി ഷാജി സമത

കോഴിക്കോട്: സംസ്ഥാനത്ത് അനധികൃതമായി നികത്തിയ നെല്‍വയലുകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കാന്‍ പുതിയ ചട്ടം തയ്യാറാക്കിയത്, നിയമ ലംഘനത്തിന് കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെ ശിക്ഷാ നടപടികളില്‍നിന്ന് ഒഴിവാക്കിയതിന് ശേഷം. സാമ്പത്തിക- രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങി നിലം നികത്തലിനു കൂട്ടുനിന്ന സംസ്ഥാനത്തെ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാരെ തടവു ശിക്ഷയില്‍നിന്നു രക്ഷിക്കാനാവശ്യമായ ഉത്തരവ് ഇറക്കിയതിനു ശേഷമാണ് സര്‍ക്കാര്‍ പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. ചട്ടം നടപ്പാക്കാന്‍ ഒരുങ്ങുമ്പോഴും അനധികൃത നികത്തലിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
അനധികൃതമായി നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയത് ശ്രദ്ധയില്‍ പെട്ടിട്ടും നടപടി സ്വീകരിക്കാത്ത റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും കൃഷി ഓഫിസര്‍മാര്‍ക്കും രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തണമെന്ന് നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം 12(5), 7(2) വകുപ്പുകളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ആര്‍ഡിഒമാരെയും പ്രോസിക്യൂട്ട് ചെയ്യേണ്ട പ്രതിസന്ധിഘട്ടത്തിലാണ് ചട്ടത്തില്‍ ഭേദഗതി വരുത്തി നിയമവിരുദ്ധ നിലം നികത്തലിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ രക്ഷിച്ചത്. അനധികൃത നികത്തല്‍ ശ്രദ്ധയില്‍പെട്ടിട്ടും റിപോര്‍ട്ട് ചെയ്യാതിരിക്കുന്ന കൃഷി ഓഫിസര്‍മാര്‍ക്കും ഈ റിപോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാത്ത റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കുമാണ് നിയമത്തില്‍ തടവും പിഴയും ശുപാര്‍ശ ചെയ്യുന്നത്.
ഇത്തരത്തില്‍ കൃഷി ഓഫിസര്‍മാര്‍ റിപോര്‍ട്ട് ചെയ്ത നൂറുകണക്കിന് അനധികൃത നികത്തലുകള്‍ക്കെതിരേ ഇപ്പോഴും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്താന്‍ ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ മേല്‍ പറഞ്ഞ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവരാവകാശ പ്രവര്‍ത്തകനായ പി സോമന്‍ 2010ല്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അടക്കം ചെയ്തുകൊണ്ടുള്ള ഈ പരാതിയില്‍ ഒരുവിധ നടപടിയും സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍, നിയമത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമായ ഉത്തരവ് ഇറക്കി ഉദ്യോഗസ്ഥരെ രക്ഷിക്കുകയായിരുന്നു.
നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം 12ാം വകുപ്പുകളില്‍ ഭൂമി പരിവര്‍ത്തനപ്പെടുത്തുന്നതിനെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ക്ക് താഴെയല്ലാത്ത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, നിയമം നടപ്പാക്കാന്‍ റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് 2009 മാര്‍ച്ച് 31ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. 2009 മുതല്‍ സംസ്ഥാനത്ത് പതിനായിരക്കണക്കിന് ഏക്കര്‍ വരുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെട്ടു. ഭൂമി വില്‍പനയിലെ ഇടനിലക്കാര്‍ വഴി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഈ നികത്തലുകള്‍ എല്ലാം നടന്നത്.
സാമ്പത്തിക താല്‍പര്യത്തിനപ്പുറം ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാരെ അനധികൃത നിലം നികത്തലിനെതിരേ നടപടി എടുക്കുന്നതില്‍നിന്നും പിന്തിരിപ്പിച്ചത്. ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപപ്പെട്ട ഇടനിലസംഘം പരസ്യമായിത്തന്നെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയെടുത്തത് ഈ രാഷ്ട്രീയ പിന്‍ബലത്തെ തുടര്‍ന്നായിരുന്നു.
തങ്ങള്‍ക്കുവേണ്ടി മൗനം ദീക്ഷിച്ച ഉദ്യോഗസ്ഥരെ തടവുശിക്ഷയില്‍നിന്നും രക്ഷിക്കുന്നതിനായി ഈ സംഘംതന്നെ രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് 2011 ഏപ്രില്‍ 28ന് നിയമനടത്തിപ്പില്‍നിന്ന് റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാരെ ഒഴിവാക്കിക്കൊണ്ട് നിയമവകുപ്പ് ഉത്തരവ് ഇറക്കിയത്. 4660/ബി2/2011 നമ്പറിലുള്ള ഈ ഉത്തരവില്‍, റവന്യൂ ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കു പകരം വില്ലേജ് ഓഫിസര്‍മാരെ അധികാരപ്പെടുത്തുകയായിരുന്നു. ഇതോടെ ആര്‍ഡിഒമാര്‍ നിയമക്കുരുക്കില്‍നിന്നും താല്‍ക്കാലികമായി രക്ഷപ്പെട്ടു. ഉത്തരവ് വരുന്നതിനു മുമ്പുള്ള നിയമ ലംഘനങ്ങളുടെ പേരില്‍ ആര്‍ഡിഒമാര്‍ക്കെതിരേ നടപടി എടുക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതേസമയം, 2011ലെ ഈ ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ വില്ലേജ് ഓഫിസര്‍മാര്‍ക്കെതിരേയും രണ്ടുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ചുമത്തേണ്ട നിയമലംഘനങ്ങള്‍ സംബന്ധിച്ച പരാതികള്‍ സര്‍ക്കാറിന് മുന്നിലുണ്ട്. ഈ പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ചാല്‍ ഇവിടങ്ങളിലെ വില്ലേജ് ഓഫിസര്‍മാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതരാവും. ഈ പ്രതിസന്ധി മറികടക്കാനാണ് ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമത്തില്‍ വെള്ളം ചേര്‍ത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിലം നികത്തിയവരെയും ഒരുമിച്ചു രക്ഷിച്ചെടുക്കുന്നതിനാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss