|    Nov 15 Thu, 2018 11:35 am
FLASH NEWS

തണ്ണീര്‍ത്തട നിയമം; വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കണം

Published : 2nd August 2018 | Posted By: kasim kzm

കോഴിക്കോട്: തണ്ണീര്‍ത്തട നിയമപ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത റസിഡന്റ്‌സ് ഏരിയ ആയ സ്ഥലത്ത് വീട് നിര്‍മിക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും അനുമതി നല്‍കുന്ന വിധത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
നിയമപ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് കോര്‍പറേഷനില്‍ അഞ്ചു സെന്റ് സ്ഥലത്തും പഞ്ചായത്തില്‍ പത്ത് സെന്റ് സ്ഥലത്തും 120 ചതുരശ്ര മീറ്റര്‍ വീട് മാത്രമെ പുതിയ ഉത്തരവ് പ്രകാരം അനുമതി ലഭിക്കുകയുള്ളു. 2008നു മുമ്പ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്താത്ത തോട്ടമായി മാറിയിട്ടുള്ള സ്ഥലങ്ങളില്‍ 300 ചതുരശ്ര മീറ്റര്‍ കെട്ടടത്തിനും കെട്ടിടം പൊളിച്ചു മാറ്റി പുതിയത് നിര്‍മിക്കുന്നതിനും അനുമതി നല്‍കിയിരുന്നത് പുതിയ ഉത്തരവനുസരിച്ച് ഇല്ലാതായിരിക്കയാണെന്ന് പ്രമേയം അവതരിപ്പിച്ച പി കിഷന്‍ചന്ദ് പറഞ്ഞു.
മാനാഞ്ചിറ മൈതാനം പുല്ല് നിറഞ്ഞ് ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത രീതിയിലായെന്ന് കെ ടി ബീരാന്‍ കോയ ശ്രദ്ധ ക്ഷണിച്ചു. എന്നാല്‍ മെയിന്റനന്‍സ് ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതാണ് പ്രശ്നമെന്നും പരിഹരിക്കാന്‍ ശ്രമിക്കുന്നതായും നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍ എം സി അനില്‍കുമാര്‍ മറുപടി നല്‍കി. ഗാന്ധി റോഡ് എരഞ്ഞിപ്പാലം റൂട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ടി സി ബിജുരാജ് ശ്രദ്ധ ക്ഷണിച്ചു.
ടാഗോര്‍ ഹാളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാത്തത് വലിയ ആരോപണങ്ങള്‍ക്ക് കാരണമാവുന്നതായി പി കിഷന്‍ ചന്ദ് സഭയെ അറിയിച്ചു. ജനറേറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ ടാഗോര്‍ ഹാളില്‍ പരിശോധന നടത്തുമെന്ന് മേയര്‍ സഭയെ അറിയിച്ചു. അരീക്കോടുള്ള അക്ഷയകേന്ദ്രത്തിന്റെ നടത്തിപ്പ് മാറ്റിക്കൊടുക്കുന്നത് സംബന്ധിച്ചുള്ള അജണ്ട കൗണ്‍സിലര്‍ എം കുഞ്ഞാമുട്ടിയുടെ വിയോജന കുറിപ്പോടെ പാസാക്കി. 16 പേരുടെ വിയോജന കുറിപ്പാണ് ഹാജരാക്കിയത്.
ചെറുവണ്ണൂര്‍, എലത്തൂര്‍, ബേപ്പൂര്‍ സോണല്‍ ഓഫിസുകളിലേക്ക് താല്‍കാലികമായി മൂന്ന് ജീവനക്കാരെ നിയമിക്കും. ഐ ലീഗ് മല്‍സരങ്ങള്‍ നടത്തുന്നതിന് ഗോകുലം കേരള എഫ്‌സിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയം ഒരു വര്‍ഷത്തേക്ക് സൗജന്യമായി വിട്ടുകൊടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി അബ്ദുര്‍റഹ്്മാന്‍, കെ സി ശോഭിത, മുഹമ്മദ് ഷമീല്‍, കെ കെ റഫീഖ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss