|    May 24 Wed, 2017 3:25 pm
FLASH NEWS

തണ്ടര്‍ബോള്‍ട്ട് നിയമനം: സര്‍ക്കാര്‍ ഉറപ്പില്‍ ഉദ്യോഗാര്‍ഥികള്‍ ആത്മഹത്യാസമരം അവസാനിപ്പിച്ചു

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ നിയമനം വൈകുന്നതിന്റെ പേരില്‍ തിരുവനന്തപുരത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തിയ ആത്മഹത്യാസമരം അവസാനിച്ചു. പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ റാങ്ക്‌ഹോള്‍ഡേഴ്‌സ് അംഗങ്ങളാണ് കഴിഞ്ഞദിവസം രാവിലെ പത്തോടെ സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മുകളിലും സെക്രട്ടേറിയറ്റിനു സമീപമുള്ള മരത്തിലും കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുളള ഉറപ്പുകള്‍ ലഭിക്കാതെ താഴേക്കിറങ്ങില്ലെന്നായിരുന്നു ഇവരുടെ നിലപാട്. നിയമനം സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അറിയിച്ചിരുന്നത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞിട്ടും നിയമനം ലഭിച്ചില്ലെന്ന് യുവാക്കള്‍ ആരോപിക്കുന്നു. അതിനിടെ പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മരത്തില്‍ കയറിയവര്‍ താഴെയിറങ്ങി.
കെട്ടിടത്തിനു മുകളില്‍നിന്ന് ആത്മഹത്യാഭീഷണി മുഴക്കിയ അഞ്ച് യുവാക്കള്‍ രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെ ഇവര്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ഇറങ്ങാന്‍ തയ്യാറാവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി ഉദ്യോഗാര്‍ഥികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇവര്‍ സമാനമായ രീതിയില്‍ സെക്രേട്ടറിയറ്റിനു മുന്നിലെ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ജോലി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, അത് പാലിക്കപ്പെട്ടില്ല. തുടര്‍ന്നാണ് കഴിഞ്ഞമാസം 27 മുതല്‍ ഇവര്‍ സെക്രേട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചത്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട 550 പേര്‍ക്കും നിയമനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day