|    Jul 23 Sun, 2017 2:34 pm
FLASH NEWS

തണല്‍വീട്ടില്‍നിന്ന് അവര്‍ മടങ്ങി; കരുത്തോടെ, പ്രതീക്ഷകളോടെ

Published : 20th March 2017 | Posted By: fsq

കണ്ണൂര്‍: രോഗം തളര്‍ത്തിയ ശരീരവുമായി തണല്‍ വീട്ടിലെത്തിയവര്‍ മൂന്നുമാസത്തെ പരിചരണത്തിന്റെ കരുത്തില്‍ മടങ്ങി. 2007ല്‍ ആരംഭിച്ച തണലിന്റെ കണ്ണൂര്‍ സിഎച്ച് കേന്ദ്രം പാരാപ്ലീജിയ സെന്ററിലെ ശുശ്രൂഷയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നവരുടെ കൂടിചേരല്‍ കാഴ്ചക്കാര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. തീര്‍ത്തും വികാരനിര്‍ഭരമായ നിമിഷങ്ങള്‍. പാതിയില്‍ നിലച്ച പഠനം തുടരണം, ഒപ്പം കംപ്യൂട്ടര്‍ പരിശീലനവും. ജസീലയുടെ വാക്കുകളിലുണ്ടായി പ്രതീക്ഷയുടെ പുതുകിരണം.
മൂന്നുമാസത്തെ ചികില്‍സ കഴിഞ്ഞ് തണല്‍വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവളുടെ പുഞ്ചിരിക്കും തിളക്കമേറെ. കബീറിന്റെയും ഗംഗാധരന്റെയും റജീഷിന്റെയും ശരത്തിന്റെയും ഹസന്റെയും മുഖത്തുണ്ടായിരുന്നു സന്തോഷത്തിന്റെ നിറചിരി. ഇനിയങ്ങോട്ട് ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന ദൃഢനിശ്ചയവുമായാണ് അവര്‍ തണല്‍വീട്ടിന്റെ പടിയിറങ്ങിയത്. ഇന്നലെ വരെ അവരെ പരിചരിച്ചവരുടെ ഉള്ളിലുമുണ്ടായിരുന്നു വിങ്ങല്‍.
ഡിസംബറില്‍ പയ്യാമ്പലത്ത് ജില്ലയിലെ പാരാപ്ലീജിയ രോഗികളുടെ കൂട്ടായ്മ നടത്തിയിരുന്നു. എത്തിവര്‍ മിക്കവരും വിവിധ അപകടങ്ങളെ തുടര്‍ന്ന് കിടപ്പിലായവര്‍. തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികില്‍സയും ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പടന്നപ്പാലത്തെ തണല്‍വീട്ടിലൊരുക്കി. അതില്‍ ആദ്യബാച്ചിലെ പത്തോളം പേര്‍ക്ക് ചികില്‍സ നല്‍കി അവരെ പരസഹായമില്ലാതെ നടക്കാന്‍ പ്രാപ്തരാക്കി. പാരാപ്ലീജിയ വിഭാഗം കോ-ഓഡിനേറ്റര്‍ റഫീഖ്, നിസാര്‍, എം പി സക്കീര്‍, സഫീര്‍, ഫിസിയോതെറാപിസ്റ്റുകളായ ഹാരിസ്, അനീസ്, സൂര്യ എന്നിവരുടെ പരിചരണമാണ് ശരീരം തളര്‍ന്ന നിലയിലെത്തിയ ആ പത്തുപേരെയും നടക്കാവുന്ന അവസ്ഥയിലെത്തിച്ചത്. അടുത്ത ബാച്ചിലേക്കുള്ള 15 പേരെ ചികില്‍സയ്ക്കായി തണല്‍വീട്ടില്‍ എത്തിച്ചിരിക്കുകയാണ്.ഡോ. വി  ഇദ്‌രീസ്, വി വി മുനീര്‍, എന്‍ രാമചന്ദ്രന്‍, പി എം മുഹമ്മദ് ഷരീഫ്, ടി പി അബ്ബാസ് ഹാജി നേതൃത്വം നല്‍കി. പി കുഞ്ഞിമുഹമ്മദ്, ഡോ. സി പി സലീം, ദിനേശന്‍, ഷറഫുദ്ദീന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക