|    Jul 20 Fri, 2018 10:19 pm
FLASH NEWS

തട്ടിപ്പ്: ചിട്ടിക്കമ്പനി ഉടമ പോലിസ് കസ്റ്റഡിയില്‍

Published : 29th September 2017 | Posted By: fsq

 

മാനന്തവാടി: വ്യാജരേഖകള്‍ നല്‍കി ബാങ്കില്‍ നിന്നു വായ്പയെടുത്തും ചിട്ടിക്കമ്പനി നടത്തി വിവിധ ജില്ലകളില്‍ നിന്നു പണം തട്ടിയും മുങ്ങിയ പ്രതിയെ വെള്ളമുണ്ട പോലിസ് ബംഗളൂര്‍ എയര്‍പോര്‍ട്ട് പോലിസില്‍ നിന്ന് ഏറ്റുവാങ്ങി. വെള്ളമുണ്ട കോക്കടവ് ചങ്ങാടത്ത് നന്ദീഷ് (36) എന്ന നന്ദുവിനെയാണ് കഴിഞ്ഞ ദിവസം ബംഗളൂരു പോലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒമാനില്‍ നിന്നു മടങ്ങിവരുമ്പോഴായിരുന്നു അറസ്റ്റ്. 2014ല്‍ ജില്ലാ സഹകരണ ബാങ്കില്‍ വ്യാജരേഖകള്‍ നല്‍കി 10 ലക്ഷം രൂപയാണ് വായ്പയെടുത്തത്. ഈ പണം ഉപയോഗിച്ച് അനിവാര്യ എന്ന പേരില്‍ ചിട്ടി സ്ഥാപനം തുടങ്ങി. മാനന്തവാടി, കാസര്‍കോട്, പേരാവൂര്‍, തളിപ്പറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി, പയ്യോളി തുടങ്ങിയ സ്ഥലങ്ങളില്‍ ഓഫിസ് ആരംഭിച്ച് നിരവധി പേരെ ചിട്ടിയില്‍ ചേര്‍ത്ത് ലക്ഷങ്ങള്‍ കൈക്കലാക്കി. ഇടപാടുകാര്‍ക്ക് പണം തിരികെ കിട്ടാതായതോടെ പരാതികള്‍ ഉയര്‍ന്നു. പലര്‍ക്കും ചെക്കുകള്‍ നല്‍കിയെങ്കിലും ബാങ്കില്‍ പണമില്ലാതെ മടങ്ങി. ഈ സാഹചര്യത്തില്‍ പ്രതി രണ്ടുവര്‍ഷം മുമ്പ് ഒമാനിലേക്ക് കടക്കുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ 12 ചിട്ടികേസുകള്‍ നിലവിലുണ്ട്. കൂടാതെ മാനന്തവാടി, തളിപ്പറമ്പ്, പേരാമ്പ്ര, കൊയിലാണ്ടി കോടതികളിലും നിരവധി കേസുകള്‍ ഇയാള്‍ക്കതിരേയുണ്ട്. ബാങ്കില്‍ നിന്നു വ്യാജരേഖ ചമച്ച് പണം തട്ടിയതിന് വെള്ളമുണ്ട പോലിസ് എടുത്ത വഞ്ചനാ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബംഗളൂരുവില്‍ എത്തിയ വെള്ളമുണ്ട എസ്‌ഐ എന്‍ പുഷ്പന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ചയോടെ നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തു വന്നേക്കുമെന്നാണ് അറിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss