|    Jun 21 Thu, 2018 12:08 pm
FLASH NEWS
Home   >  Opinion   >  

തട്ടിപ്പിന്റെ നാട്ടിലെ ഭൂമിദാന മഹോല്‍സവം

Published : 17th August 2015 | Posted By: admin

ആബിദ് ചെറുവണ്ണൂര്‍

അങ്ങനെ കൈയേറ്റക്കാരെപ്പോലും ഞെട്ടിച്ച് മാണിയുടെ സുവിശേഷം (2012) അതുപോലെ പകര്‍ത്തിയെഴുതി മന്ത്രി അടൂര്‍ പ്രകാശ് പുതിയ നിയമമുണ്ടാക്കി.

 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാല്‍ ചേരയുടെ നടുക്കഷണം തിന്നണമെന്നു പണ്ടേക്കുപണ്ടേ മലയാളി ചൊല്ലിപ്പഠിച്ചതാണ്. അതുകൊണ്ടുതന്നെ ഭൂമാഫിയയുടെ നാട്ടില്‍ നിയമം നിര്‍മിക്കേണ്ടതും ഭേദഗതിവരുത്തേണ്ടതുമെല്ലാം അവര്‍ക്കു വേണ്ടിത്തന്നെയായിരിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിനു വകയുണ്ടായിരുന്നില്ല. അതിനുള്ള ഒരെളിയ ശ്രമം നടത്തുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. അതാണ് ആരെല്ലാമോ ചേര്‍ന്ന് പാരവച്ച് പൊളിച്ചത്. അല്ലെങ്കിലും കുറച്ചുകാലമായിട്ട് കാര്യങ്ങള്‍ ഇങ്ങനെത്തന്നെയാണു നീങ്ങുന്നത്. സരിതയിലൂടെ സോളാര്‍ വിപ്ലവത്തിന് ആവുന്നതെല്ലാം ചെയ്തപ്പോഴും മദ്യമുതലാളിമാരുടെ തോളിലേറി സമ്പൂര്‍ണ മദ്യനിരോധനത്തിനു ശ്രമിച്ചപ്പോഴുമെല്ലാം ഇങ്ങനെ ഓരോരുത്തര്‍ ഇടങ്കോലിടുകയായിരുന്നു.

revenue1

പണ്ട്, വിവേകാനന്ദസ്വാമികള്‍ ഇവിടെയെത്തിയപ്പോള്‍ ഭ്രാന്താലയമെന്നാണു വിളിച്ചത്. അന്ന് നിയമവും അങ്ങനെയായിരുന്നു. തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കുമെല്ലാം നിയമത്തിന്റെ പിന്‍ബലമുള്ള കാലം. ഇന്നിപ്പോള്‍ ആരെങ്കിലും ഇവിടെ വന്നാല്‍ സരിതാലയം എന്നോ മദ്യാലയമെന്നോ മാഫിയാലയമെന്നോ ഒക്കെയായിരിക്കും വിളിക്കുക.

പറ്റിച്ചവരോ പറ്റിക്കപ്പെട്ടവരോ അല്ലാത്ത വളരെ അപൂര്‍വം പേരെ ഇന്ന് മാമലനാട്ടിലുള്ളൂ. രണ്ടു രൂപ കൊടുത്താല്‍ 200 കിട്ടുമെന്ന് പറഞ്ഞാല്‍ അതു വിശ്വസിച്ചു പണം മുടക്കി 20 പൈസപോലും തിരിച്ചുകിട്ടാതിരിക്കുമ്പോള്‍ മാത്രം ബുദ്ധി ഉദിക്കുന്നവര്‍ ഇന്ന് പ്രബുദ്ധകേരളത്തിന്റെ അടയാളമായി മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ ലോട്ടറി അടിച്ചെന്ന വിവരം ലഭിച്ചാല്‍ ഉടനെ അതു കിട്ടാനായി ലക്ഷങ്ങള്‍ പൊടിപൊടിച്ചു പൊളിഞ്ഞുപാളിസാവുന്നവര്‍ സംസ്ഥാനത്ത് നൂറുകണക്കിനാണ്. അപ്പോള്‍ ആ മേഖലയില്‍ വനിതാസംവരണം ഉണ്ടാവണമെന്നും അവരെ സഹായിക്കണമെന്നുമുള്ള ആഗ്രഹം പ്രജാസ്‌നേഹികളായ ഭരണകര്‍ത്താക്കളിലുണ്ടാവുക സ്വാഭാവികം.

അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് മുന്‍കൈയെടുത്ത് കേരളത്തില്‍ സോളാര്‍ വിപ്ലവത്തിന് തിടുക്കംകൂട്ടിയത്. എന്നാല്‍, ദൈവാധീനംകൊണ്ട് അതു പരാജയപ്പെട്ടു. മുഖ്യമന്ത്രിയും കൂട്ടരും നാണംകെട്ടെങ്കിലും സ്വന്തമായി ഒരു മൊബൈല്‍ ഫോണില്ലാത്ത മുഖ്യന്‍ അങ്ങനെ ചെയ്യില്ലെന്ന്് വിശ്വസിപ്പിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. നേരത്തേ ഊതിവീര്‍പ്പിച്ചുവച്ച ആദര്‍ശരാഷ്ട്രീയക്കാരന്റെ തുണിയുരിഞ്ഞുപോയെങ്കിലും സരിതയുടെ പ്രഭയില്‍ അന്താളിച്ചുനിന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഒന്നു കൂക്കിവിളിക്കാന്‍പോലും കഴിഞ്ഞില്ല. അവസാനം മുഖ്യമന്ത്രിക്ക് സ്വന്തമായൊരു മൊബൈല്‍ ഫോണും കേരളക്കരയ്ക്ക് പുതിയൊരു നടിയെയും സമ്മാനിച്ച് സോളാര്‍ കണ്ണടച്ചു. പിന്നീട് സോളാര്‍ ഫെയിം മലയാളിയുടെ ഇഷ്ടതാരമായി മാറുന്ന കാഴ്ചയാണു നാം കണ്ടത്. വിവിധ ഭാവത്തിലും വേഷത്തിലുമുള്ള അവരുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷപൂര്‍വം വില്‍പ്പനയ്ക്കു വച്ചു. ഇനി സിനിമകളില്‍ നായികാവേഷത്തില്‍ നമുക്ക് അവരെ കാത്തിരിക്കാം. തട്ടിപ്പുകള്‍ക്ക് സര്‍ക്കാര്‍ വിലാസം നല്‍കി അത്തരക്കാര്‍ക്ക് കൂടുതല്‍ ഉര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാനുള്ള സന്ദേശം കൈമാറുന്നതില്‍ സോളാര്‍ ഒരു ഗംഭീര വിജയമായി.

അങ്ങനെയിരിക്കുമ്പോഴാണ് മലയാളിയുടെ ഇഷ്ട പാനീയമായ മദ്യം വിറ്റു കൊഴുത്ത മാഫിയകളിലൂടെ പാര്‍ട്ടിക്കും മറ്റും നേട്ടമുണ്ടാക്കാനാവുമോയെന്ന ചിന്ത ചിലരിലുദിച്ചത്. അതിനു നല്ല വഴി മദ്യനിരോധനമാണെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

മദ്യമുതലാളിമാരില്‍നിന്ന് പണം വാങ്ങി തിരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നവര്‍ മദ്യനിരോധന മുദ്രാവാക്യം മുന്നോട്ടുവച്ചപ്പോഴേ അതു പണം നേടാനുള്ള അടവാണെന്ന് ചില അസൂയാലുക്കള്‍ക്ക് തോന്നിയിരുന്നു. എന്തായാലും കോടതിയില്‍ തോറ്റുകൊടുത്തും എതിരാളികളെ ജയിക്കാനനുവദിച്ചുമെല്ലാം മദ്യനിരോധനം ഏറക്കുറേ മുന്നണിക്ക് നല്ല ‘മുതല്‍ക്കൂട്ടായി.’ അരുവിക്കരയില്‍ തുഴഞ്ഞ് മറുകര കയറാനാവാതെ പ്രതിപക്ഷം അരുവിയിലാണ്ടപ്പോള്‍ ഇനി എന്തുമാവാമെന്ന ചിന്തയിലേക്ക്് മുഖ്യമന്ത്രി വീണുപോയത് സ്വാഭാവികം. പിള്ളയിലെ കള്ളനെയും ഗണേഷിലെ സരിതയെയുമെല്ലാം ഇടതുഭാഗത്ത് കണ്ട ചിലര്‍ പൂവിനു കുത്തുകയായിരുന്നു. അതറിയാതെ ബാറും സരിതയുമെല്ലാം കറക്കുകമ്പനിയുടെ റേറ്റ് വര്‍ധിപ്പിച്ചതുകൊണ്ടാണ് ഭൂരിപക്ഷം കുറയാതെപോയതെന്ന ആവേശത്തില്‍ നാട്ടിലെ പ്രബല ഭൂമാഫിയകളെ കൂടി പ്രീതിപ്പെടുത്തി അടുത്ത തിരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാമെന്ന വ്യാമോഹത്തിലായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. അങ്ങനെ കൈയേറ്റക്കാരെപ്പോലും ഞെട്ടിച്ച് മാണിയുടെ സുവിശേഷം (2012) അതുപോലെ പകര്‍ത്തിയെഴുതി മന്ത്രി അടൂര്‍ പ്രകാശ് പുതിയ നിയമമുണ്ടാക്കി. പാവപ്പെട്ട കര്‍ഷകരെ സഹായിക്കലായിരുന്നു ലക്ഷ്യം. അതിനെന്തിനാണ് വരുമാനപരിധി ലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമാക്കിയതെന്ന് ചോദിക്കുന്നവരുണ്ടാവും. അത്തരം ആളുകള്‍ക്ക് മറുപടികൊടുക്കല്‍ മന്ത്രിയുടെ മാന്യതയ്ക്ക് ചേര്‍ന്നതല്ലാത്തതിനാല്‍ മിണ്ടാതിരിക്കുകയായിരുന്നു. ഇന്നലെ കൈയേറിയ ഭൂമിയും 10 വര്‍ഷം മുമ്പ് കൈയേറിയതാണെന്ന രേഖയുണ്ടാക്കി നാളെ തന്നെ വില്‍ക്കാന്‍ അനുവാദം നല്‍കുംവിധമായിരുന്നു ഭേദഗതി. അതേസമയം, പാവപ്പെട്ട മൂന്നു സെന്റുകാരന് ഈ ജന്മത്തില്‍ അതു വില്‍പ്പന നടത്താന്‍ കഴിയാത്തവിധം ചട്ടങ്ങള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍, ഇത് അവരെ ബുദ്ധിമുട്ടിക്കാനാണെന്നു കരുതരുത്. പാവപ്പെട്ടവന്റെ മൂന്നു സെന്റ് പോയാല്‍ അവന്‍ തെരുവിലാവുമെന്ന ആശങ്കകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത്. വന്‍കിടക്കാരന്‍ അവനു കിട്ടിയ ഭൂമി വിറ്റുതുലയ്ക്കട്ടെ.

മറ്റവന്‍, അവിടെ കുത്തകകള്‍ക്ക് ഭൂമി പിടിച്ചടക്കാന്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ ലവന്‍ ഇവിടെ ഭൂമാഫിയകള്‍ക്ക് പൊതുസ്വത്ത് പതിച്ചുനല്‍കാന്‍ നിയമം ഭേദഗതി വരുത്തുകയാണ്. ഇടതനും മുമ്പ് അതുതന്നെയായിരുന്നു പണിയെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 9798 കാലഘട്ടത്തില്‍ കെ ഇ ഇസ്്മയില്‍ സര്‍ക്കാര്‍ഭൂമി മറിച്ചുനല്‍കി കഴിവു തെളിയിച്ചിട്ടുണ്ടെന്ന്് ടി പി സെന്‍കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്തൊക്കെയായിരുന്നു! പട്ടയം നല്‍കുന്നതിന്റെ അളവ് ഒരേക്കറില്‍നിന്ന് മൂന്നേക്കറാക്കി, വരുമാനപരിധി ഒരുലക്ഷത്തില്‍നിന്ന്് മൂന്നുലക്ഷമാക്കി, കൈയേറിയ ഭൂമി മുഴുവന്‍ വിറ്റ് ലാഭംകൊയ്യാന്‍ ഭൂമാഫിയകള്‍ക്ക് എളുപ്പമാവും തരത്തില്‍ നിയമങ്ങളുണ്ടാക്കി. ഇങ്ങനെ തങ്ങളാലാവുംവിധം ‘പാവപ്പെട്ടവരെ’ സഹായിച്ചെന്ന ആശ്വാസത്തിലായിരുന്നു. അതിനിടയിലാണ് ചില ആദര്‍ശധീരന്‍മാരുടെ നാണംകെട്ട കളി. നമ്മള്‍ കൈയേറും ഭൂമിയെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്ന് മലയോരത്തുക്കൂടി താളത്തില്‍ പാടിനടക്കാനും കിട്ടാനുള്ളവ മുഴുവന്‍ പോക്കറ്റിലാക്കാനാവുമെന്നുമുള്ള മോഹത്തിലായിരുന്നു. പക്ഷേ, ചില ശകുനംമുടക്കികള്‍ എല്ലാം നശിപ്പിച്ചു. നാലുചക്രം തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് വരുന്നത് മുടക്കിയ ഇവര്‍ക്കറിയുമോ ആരുമറിയാതെ ഈ ഭേദഗതികളെല്ലാം വരുത്താന്‍ പെട്ട പാട്.

 

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക