|    Jun 25 Mon, 2018 11:12 pm
FLASH NEWS

തട്ടിക്കൊണ്ടുപോവല്‍ പ്രചാരണം; ജാഗ്രത പുലര്‍ത്തണം

Published : 25th November 2016 | Posted By: SMR

മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതായി വ്യാപക വാര്‍ത്തകള്‍ പരക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പരിചയമില്ലാത്ത വാഹനങ്ങളില്‍ കയറാതിരിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കണം. സ്‌കൂള്‍ അസംബ്ലികളില്‍ ഇക്കാര്യത്തില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിചയമില്ലാത്ത കാറുകള്‍ക്കും ബൈക്കുകള്‍ക്കും കൈക്കാണിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇതിന്റെ അപകടം അവരെ ബോധ്യപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങളില്‍ സൗജന്യമായി ലിഫ്റ്റ് വാങ്ങി മിച്ചംവയ്ക്കുന്ന പണം പുകയില ഉല്‍പന്നങ്ങള്‍ക്കും മറ്റും കുട്ടിക ള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. സ്‌കൂളുകള്‍ക്ക് ഇത് സംബന്ധമായ നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ ജില്ലയില്‍ നിന്ന് സമീപകാലത്ത് വ്യാപകമായി കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇതിനകം ഒരു സാധാരണ കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തതെന്നും പോലിസ് അറിയിച്ചു. വിദേശത്തുനിന്ന് ഉള്‍പ്പെടെ ഫോണ്‍ മുഖേന ലഭിച്ച ചില പരാതികള്‍ വ്യാജമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സ്‌കൂള്‍തലത്തില്‍ ശക്തമായ ജാഗ്രതാ- ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ബ്ലോക്ക്- പഞ്ചായത്ത് തലങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. നിലവില്‍ ജില്ലയിലെ 15 ബ്ലോക്കുകളിലും മിക്ക പഞ്ചായത്തുകളിലും കമ്മിറ്റികളുണ്ട്. ജില്ലയില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ കെഎസ്ആര്‍ടിസി ബസ്സുകളിലും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, അംഗങ്ങളായ ടി പി അഷ്‌റഫലി, സറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, പ്രൊബേഷനറി ഓഫിസര്‍ കെ വി യാസര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാരായ എ കെ മുഹമ്മദ് സാലിഹ്, പി മുഹമ്മദ് ഫസല്‍, ഉദ്യോഗസ്ഥര്‍ എന്നി വര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss