|    Feb 23 Thu, 2017 6:10 am
FLASH NEWS

തട്ടിക്കൊണ്ടുപോവല്‍ കേസ്: സക്കീര്‍ ഹുസയ്‌ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published : 6th November 2016 | Posted By: SMR

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കളമശ്ശേരി ഏരിയാ സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസയ്‌ന്റെ  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്.
തട്ടിക്കൊണ്ടുപോവല്‍ വിവാദത്തിനു പിന്നാലെ സക്കീര്‍ ഹുസയ്‌നെ കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നു സിപിഎം വെള്ളിയാഴ്ച നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയും തള്ളിയത്. സക്കീര്‍ ഹുസയ്‌ന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്.
ജാമ്യം നല്‍കിയാല്‍ സക്കീര്‍ രക്ഷപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. സക്കീറിന് 16 കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയക്കേസുകള്‍ കുറവാണെന്നും എന്നാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നറിയുന്നു.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയിരിക്കുകയാണ് സക്കീര്‍ ഹുസയ്ന്‍. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണ്. ഒളിവില്‍ക്കഴിയുന്ന സക്കീര്‍ ഹുസയ്‌നെ ഇതുവരെയും കണ്ടെത്താന്‍ പോലിസിന് സാധിച്ചിട്ടില്ല.
വ്യവസായിയെ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് സക്കീര്‍ ഹുസയ്ന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരേ പാലാരിവട്ടം പോലിസ് കേസെടുത്തത്.
എറണാകുളം വെണ്ണല ബംഗ്ലാവ് വില്ലയില്‍ ജൂബി പൗലോസിന്റെ പരാതിയിലായിരുന്നു നടപടി. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീല തോമസ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. സിപിഎം ആഭ്യന്തരവകുപ്പ് കൈയാളുന്നതിനിടെ ഉണ്ടായ തട്ടിക്കൊണ്ടുപോകല്‍ കേസും വടക്കാഞ്ചേരി കൂട്ടബലാല്‍സംഗക്കേസും ഉയര്‍ത്തിക്കാട്ടി നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടുവന്നതോടെ രണ്ടു സംഭവങ്ങളിലും സര്‍ക്കാരും എല്‍ഡിഎഫും കര്‍ശന തീരുമാനത്തിനു മുതിരുകയായിരുന്നു.
കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് സിപിഎമ്മുമായി ബന്ധപ്പെട്ട ആളായതുകൊണ്ട് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്നും പാര്‍ട്ടിക്കാരനാണെങ്കിലും ഉപ്പു തിന്നവനെക്കൊണ്ട് വെള്ളം കുടിപ്പിക്കുമെന്ന് മന്ത്രി എകെ ബാലന്‍ കഴിഞ്ഞ ദിവസം സഭയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പാര്‍ട്ടി നിര്‍ദേശിച്ചാണ് സക്കീര്‍ ഹുസയ്ന്‍ വ്യവസായികളുടെ തര്‍ക്കത്തി ല്‍ പങ്കെടുത്തതെന്നും മുമ്പ് സക്കീര്‍ ഹുസയ്‌നെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച എസ്‌ഐ ആണ് ഈ കേസ് അന്വേഷിക്കുന്നതെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞിരുന്നെങ്കിലും, ആരോപണങ്ങളും തെളിവും ഒളിവുമെല്ലാം പരസ്യമായ അവസ്ഥയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു രീതിയിലും ആരോപണവിധേയരെ സംരക്ഷിക്കാന്‍ കഴിയാത്ത രീതി സംജാതമായിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക