|    Dec 17 Mon, 2018 10:47 am
FLASH NEWS
Home   >  Editpage  >  Lead Article  >  

തടവുകാരുടെ അവകാശങ്ങള്‍

Published : 18th November 2018 | Posted By: kasim kzm

അവകാശങ്ങള്‍ നിഷേധങ്ങള്‍ – ബാബുരാജ് ബി എസ്

ഇന്നലെ ഷൈനയുടെ ഫോണുണ്ടായിരുന്നു. സംസാരത്തിനിടയില്‍ അവര്‍ ജയിലിലുള്ള തന്റെ ഭര്‍ത്താവിനെ നേരില്‍ കാണാനുള്ള അനുമതി ലഭിക്കാത്തതിനെ കുറിച്ചു പറഞ്ഞു. ഉമ്മയ്ക്ക് ഹാര്‍ട്ടിന് ഓപറേഷനാണ്. ഭര്‍ത്താവുമായി അതുസംബന്ധിച്ച ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോയതായിരുന്നു. പക്ഷേ, സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു.
ഇത്തരമൊരു അനുഭവം മറ്റൊരു തടവുകാരനെ കോയമ്പത്തൂര്‍ ജയിലില്‍ കാണാന്‍ ചെന്ന ഹരിക്കുമുണ്ടായി. മാവോയിസ്റ്റ് തടവുകാരനായ അനൂപിനെ കാണാനാണ് ഹരി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. മൂന്നര വര്‍ഷമായി നിരന്തരം തുടരുന്ന സന്ദര്‍ശനമാണ്. അദ്ദേഹം ആവശ്യപ്പെട്ട ചില പുസ്തകങ്ങളും കൈയിലുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം ചെന്നപ്പോള്‍ ഉണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു.
ജയില്‍ കവാടത്തില്‍ വച്ച് പരിശോധന നടത്തുന്ന പോലിസുകാര്‍ ആരെ കാണാനാണു പോവുന്നതെന്ന് ഹരിയോട് ചോദിച്ചു. അനൂപിനെ കാണാനെത്തിയതാണെന്നു പറഞ്ഞതോടെ പോലിസുകാരുടെ മട്ടുമാറി. അനൂപിനെ ഇനി മുതല്‍ കാണാന്‍ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങളെയും രക്തബന്ധുക്കളെയും മാത്രമേ കയറ്റിവിടൂ എന്നും പോലിസ് അറിയിച്ചു. താന്‍ പല തവണ കണ്ട കാര്യം പറഞ്ഞപ്പോള്‍ അതൊക്കെ പഴങ്കഥയെന്നായിരുന്നു മറുപടി.
2017 ഫെബ്രുവരി 17ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയില്‍ സന്ദര്‍ശനം സംബന്ധിച്ച് പുറപ്പെടുവിച്ച സര്‍ക്കുലറിനെ തുടര്‍ന്നാണ് ജയില്‍ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറിന് സമാനമായ സര്‍ക്കുലര്‍ കേരളമടക്കമുള്ള എല്ലാ സംസ്ഥാന സര്‍ക്കാരുകളും പുറപ്പെടുവിച്ചു.
സര്‍ക്കുലര്‍ തുടങ്ങുന്നത് ജയിലിലെത്തിയേക്കാവുന്ന സന്ദര്‍ശകരുടെ ലിസ്റ്റ്, തടവുകാരന്റെ ജയില്‍പ്രവേശന സമയത്തുതന്നെ എഴുതിവാങ്ങണമെന്നു നിര്‍ദേശിച്ചുകൊണ്ടാണ്. തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് എന്തിനെ കുറിച്ചെല്ലാം സംസാരിക്കാമെന്നു പറയുന്നു. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണ് അനുവദനീയമായത്. ജയില്‍ ഭരണം, അച്ചടക്കം, മറ്റു തടവുകാരെ സംബന്ധിച്ച വിഷയങ്ങള്‍, രാഷ്ട്രീയം തുടങ്ങിയവയൊക്കെ നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. തുടര്‍ന്ന് മറ്റൊരു നിബന്ധന കൂടി വരുന്നു. ഒരു തടവുകാരനെ സന്ദര്‍ശിക്കുന്ന ആളുടെ എണ്ണം മൂന്നായി നിജപ്പെടുത്തുന്നു. ഒരേസമയം മൂന്നുപേരില്‍ കൂടുതല്‍ പാടില്ലെന്നാണു പറയുന്നതെങ്കിലും ആകെ മൂന്നുപേരെ കാണാനേ ഒരു തടവുകാരനെ അനുവദിക്കേണ്ടതുള്ളൂ എന്നാക്കി ജയിലധികാരികള്‍ അതു വ്യാഖ്യാനിക്കാന്‍ തുടങ്ങിയിട്ടുണ്ടത്രേ.
ജയിലിലെത്തുന്ന പല സന്ദര്‍ശകരും തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ജയിലില്‍ കഴിയുന്നവര്‍ ആവശ്യപ്പെടുന്ന വസ്തുക്കളുമായാണ് വരുക പതിവ്. ഒരിക്കലെങ്കിലും ജയിലില്‍ കിടന്നവര്‍ക്ക് അത് അറിയാം. എത്രയോ കാലമായി അതങ്ങനെയാണ്. സഹതടവുകാരനെ കുറിച്ചുള്ള സംസാരം നിരോധിച്ചവയുടെ ലിസ്റ്റില്‍ പെട്ടിരിക്കുന്നതുകൊണ്ട് ഇതൊക്കെ ഏതുസമയത്തും ചോദ്യംചെയ്യപ്പെടാം.
ജയിലധികാരികളുടെ അതിക്രമങ്ങള്‍ പലതും പുറത്തുവരുന്നത് ഇത്തരം സന്ദര്‍ശനങ്ങളിലൂടെ ലഭിക്കുന്ന സൂചനകളിലൂടെയാണ്. എന്നാല്‍, അതും ഇപ്പോള്‍ നിരോധിത വര്‍ത്തമാനങ്ങളാണ്. ഈ സര്‍ക്കുലര്‍ നിലവിലുണ്ടെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും പഴയ മട്ടില്‍ പോകുന്നുണ്ട്. പക്ഷേ, ഒരാവശ്യം വരുമ്പോള്‍ ഇതൊക്കെ അധികാരികള്‍ ഉപയോഗപ്പെടുത്തുമെന്നാണ് നേരത്തേ പറഞ്ഞ അനുഭവം സൂചിപ്പിക്കുന്നത്.
സന്ദര്‍ശനങ്ങളെ വ്യാപകമായി നിയന്ത്രിക്കുന്ന ഈ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായമാണ് അതിനേക്കാള്‍ രസകരം. സര്‍ക്കുലര്‍ പറയുന്നു: ”സന്ദര്‍ശനം തടവുകാരെ അവരുടെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് ഉപകാരപ്രദമാണെന്ന് ഉറപ്പുവരുത്തേണ്ടതും അതോടൊപ്പം ടി സൗകര്യം ജയില്‍സുരക്ഷയെയും അച്ചടക്കത്തെയും ഒരുതരത്തിലും ബാധിക്കുന്നില്ലായെന്നും ദുരുപയോഗപ്പെടുത്തുന്നില്ലായെന്നും ഉറപ്പുവരുത്തേണ്ടതുമാണ്.” ജയില്‍ സന്ദര്‍ശനത്തെ അച്ചടക്കത്തിന്റെയും സുരക്ഷയുടെയും പ്രശ്‌നമായി അവതരിപ്പിക്കുകയാണു സര്‍ക്കാര്‍.
ജയില്‍ സന്ദര്‍ശനങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ പരിഗണനയിലാണ്. ബ്രിട്ടിഷുകാരുടെ കാലത്തുപോലും ഇല്ലാതിരുന്ന നിബന്ധനകളാണ് പുതിയ കാലത്തുള്ളത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss