|    Mar 23 Thu, 2017 4:11 pm
FLASH NEWS

തടവുകാരന്റെ മനുഷ്യാവകാശം

Published : 11th September 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

മുരളിയെ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. അതും പത്തുപതിനഞ്ചു വര്‍ഷം മുമ്പ്. ഒരു രാഷ്ട്രീയപ്രവര്‍ത്തകനായി ജീവിതം ആരംഭിച്ച കാലം മുതല്‍ മുരളിയെക്കുറിച്ച് കേട്ടിട്ടുണ്ട്. കോഴിക്കോട്ടെ റീജ്യനല്‍ എന്‍ജിനീയറിങ് കോളജിലെ അടിയന്തരാവസ്ഥാ രക്തസാക്ഷി രാജന്റെ സഹപാഠി, അടിയന്തരാവസ്ഥാവിരുദ്ധ പോരാളി, സൈദ്ധാന്തികന്‍, വിപ്ലവകാരി… അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്.
മുരളി ഇപ്പോള്‍ ജയിലിലാണ്. മാവോവാദി നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്. രൂപേഷിന്റെ അറസ്റ്റിനു ശേഷം ആഴ്ചകള്‍ക്കുള്ളിലായിരുന്നു അത്. അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്നത് യെര്‍വാദാ ജയിലിലെ അണ്ഡാസെല്ലിലാണെന്ന് പത്രവാര്‍ത്തയുണ്ടായിരുന്നു. മുരളിയെ ജയിലില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശസമിതി നേതാവ് സി പി റഷീദും ഇതു ശരിവയ്ക്കുന്നു.
ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തയനുസരിച്ച് മുരളി രോഗബാധിതനാണ്. തനിക്ക് മതിയായ ചികില്‍സ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പൂനെയിലെ സാസൂണ്‍ ആശുപത്രിയില്‍ നിരാഹാരസമരത്തിലാണെന്നും റിപോര്‍ട്ടുണ്ട്. 2015 മെയിലെ അറസ്റ്റിനെ തുടര്‍ന്ന് വിചാരണാതടവുകാരനായി ജയിലില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് അവിടെ വച്ചുതന്നെ നിരവധി തവണ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായ ആളാണെന്ന് വക്കീല്‍ അറിയിച്ചിരുന്നെങ്കിലും ജയിലധികാരികള്‍ കനിഞ്ഞില്ല. ഇനിയും വച്ചുതാമസിപ്പിച്ചാല്‍ കൈവിട്ടുപോവുമെന്നായപ്പോഴാണ് ആശുപത്രിയിലാക്കാന്‍പോലും തയ്യാറായത്. പക്ഷേ, ഇപ്പോഴും ആവശ്യമായ ചികില്‍സ ലഭിക്കാനുള്ള നടപടികളുണ്ടായിട്ടില്ല.
മുരളിയുടെ നേര്‍ക്കുള്ള സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനത്തിനെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബുദ്ധിജീവികള്‍ പ്രതിഷേധിച്ചിട്ടുണ്ട്. 62 വയസ്സ് കഴിഞ്ഞ മുരളിക്ക് മതിയായ ചികില്‍സയും നീതിയും ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവനയില്‍ വളരെ സന്തോഷത്തോടുകൂടിയാണ് താന്‍ ഒപ്പിടുന്നതെന്ന് നോംചോസ്‌കി പ്രതികരിച്ചു. ഈ കേസില്‍ നീതിയുക്തമായ രീതിയില്‍ വിചാരണ പൂര്‍ത്തിയാക്കി ജാമ്യം നല്‍കണമെന്നും ചോസ്‌കി ആവശ്യപ്പെട്ടു. ബെര്‍ണാഡ് ഡിമെല്ലോ, ആനന്ദ് തെല്‍തുംഡെ, എ കെ രാമകൃഷ്ണന്‍ തുടങ്ങി പ്രമുഖരും പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍ പെടുന്നു.
ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കൊണ്ട് ജയിലില്‍ നരകിക്കേണ്ടിവരുന്ന ആദ്യത്തെ ആളല്ല മുരളി, തീര്‍ച്ചയായും അവസാനത്തെ ആളുമല്ല. എന്തെങ്കിലും കുറ്റം തെളിയിക്കപ്പെട്ടോ ആരോപിക്കപ്പെട്ടോ തടവറയിലേക്കയക്കപ്പെടുന്നവര്‍ക്ക് യാതൊരു അവകാശങ്ങളുമില്ലെന്ന് പലരും വിശ്വസിക്കുന്നു. തടവുകാരെ ശിക്ഷയുടെ ഭാഗമായാണ് തടവറയിലേക്കയക്കുന്നത്, അല്ലാതെ ശിക്ഷിക്കാന്‍ വേണ്ടിയല്ല എന്ന കാര്യം നാം പലപ്പോഴും മറന്നുപോവും.
രാഷ്ട്രം ശിക്ഷയുടെ ഭാഗമായി തടവുകാരില്‍നിന്ന് ചില സ്വാതന്ത്ര്യങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നു എന്നത് സത്യം തന്നെ. അതിനര്‍ഥം തടവുകാരുടെ മുഴുവന്‍ അവകാശങ്ങളും എടുത്തുമാറ്റിയിരിക്കുന്നുവെന്നല്ല. തടവുകാരില്‍നിന്ന് ഒരിക്കലും എടുത്തുമാറ്റാനാവാത്ത അവകാശങ്ങളുമുണ്ട്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. തടവറയിലെ ആരോഗ്യകരമായ അവസ്ഥയും ഇതേ ഗണത്തില്‍പെടും. പകര്‍ച്ചവ്യാധികളില്‍നിന്നും മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്‍നിന്നും തടവുകാര്‍ക്കു സംരക്ഷണം നല്‍കാന്‍ രാഷ്ട്രം ബാധ്യസ്ഥമാണ്. തടവുകാര്‍ക്കു ലഭ്യമായ ഏറ്റവും ഉയര്‍ന്ന മാനസിക, ശാരീരികാരോഗ്യ സംവിധാനങ്ങള്‍ നല്‍കണമെന്ന് ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
വസ്തുതകളും നിയമങ്ങളും ഇതൊക്കെയായിരിക്കുമ്പോഴാണ് കാര്യങ്ങള്‍ മറുവഴിക്കു നീങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഫ്യൂഡല്‍വല്‍ക്കരിക്കപ്പെട്ട ജയിലുകളിലൊന്നാണ് നമ്മുടേത്. ധനികനും ദരിദ്രനും വ്യത്യസ്ത നീതി ലഭിക്കുന്ന ഇടം. അക്കാര്യത്തില്‍ കൊളോണിയല്‍ ജയിലുകളുടെ പാരമ്പര്യമാണ് നാം കാത്തുസൂക്ഷിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലെന്നത് അദ്ഭുതകരമാണ്.

(Visited 70 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക