|    Oct 19 Fri, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തടവറകള്‍ കഥ പറയുമ്പോള്‍ : സൗദി കോടതിയിലെ അനുഭവങ്ങളുമായി മലയാളി പ്രവാസിയുടെ കൃതി

Published : 13th September 2017 | Posted By: fsq

 

കെ പി ഒ  റഹ്മത്തുല്ല

മലപ്പുറം: പ്രവാസ സാഹിത്യത്തില്‍ കോടതികള്‍ക്കോ അവിടെയുള്ള ദുരിതകഥകള്‍ക്കോ കാര്യമായ സ്ഥാനമൊന്നുമില്ല. എന്നാല്‍, ഇദംപ്രഥമമായി ദമ്മാം കോടതിയിലെ നീതികാര്യമന്ത്രാലയത്തിലെ ഏക ഔദ്യോഗിക മലയാളി പരിഭാഷകനായ കരുളായി പുള്ളിയില്‍ സ്വദേശി മുഹമ്മദ് നജാത്തി തന്റെ അനുഭവങ്ങള്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നു. പ്രവാസം: തടവറകള്‍ കഥപറയുമ്പോള്‍ എന്നു പേരുള്ള 185 പേജ് പുസ്തകം കഴിഞ്ഞ ദിവസം മലപ്പുറം പ്രസ് ക്ലബ്ബില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിനിമാസംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്തു. ഫക്കീറായ എന്റെ സ്വന്തം അബുക്ക, ഹൗസ് ഡ്രൈവര്‍ അലവി, നൊമ്പരങ്ങള്‍ പെയ്യുന്ന ഫോണ്‍ വിളികള്‍, നിഷാദിന്റെ കണ്ണും നായിഫിന്റെ മാപ്പും, അബ്ദുല്ല രാജാവ്; പശ്ചിമേഷ്യയുടെ കെടാവിളക്ക് എന്നിങ്ങനെ അഞ്ച് അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. നോവല്‍പോലെ വായിച്ചു പോവാന്‍ കഴിയുന്ന ശൈലിയിലാണ് നജാത്തിയുടെ രചന. നീണ്ട രണ്ടരപതിറ്റാണ്ടുകാലത്തെ ദമ്മാം കോടതിയിലെ അനുഭവങ്ങളില്‍നിന്നു പെറുക്കിയെടുത്ത സംഭവകഥകളാണ് പുസ്തകത്തിലുള്ളത്. കെ പി രാമനുണ്ണി അവതാരികയും സുകുമാര്‍ കക്കാട്് പഠനവും എഴുതിയിരിക്കുന്നു. പ്രവാസികള്‍ സൗദിയി ല്‍ ശ്രദ്ധിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും പറയുന്ന ഇത്തരത്തിലുള്ള പുസ്തകം ഇതാദ്യമാണ്. സൗദി നിയമവ്യവസ്ഥയുടെ എല്ലാ സുതാര്യതകളും ഗ്രന്ഥകര്‍ത്താവ് ഇതില്‍ വരച്ചുകാട്ടിയിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ അവസരങ്ങളും പ്രതിക്ക് നല്‍കിയശേഷം മാത്രമാണ് സൗദി കോടതികള്‍ ശിക്ഷ വിധിക്കുന്നതെന്ന് ഈ കൃതി ഊന്നിപ്പറയുന്നു. പ്രവാസികളായി സൗദിയിലേ—ക്കു പോവുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം നജാത്തി വ്യക്തമായി സംഭവങ്ങളിലൂടെ പറയുന്നത് തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഉപകരിക്കും. നിഷാദിന്റെ കണ്ണും നായിഫിന്റെ മാപ്പും എന്ന അധ്യായം പ്രത്യേകം ശ്രദ്ധേയമാണ്. അന്ധവിശ്വാസത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട ഹൗസ് ഡ്രൈവര്‍ അലവിയുടെ കഥയും പ്രവാസത്തിനൊരുങ്ങുന്ന ഓരോ മലയാളിയും ആവര്‍ത്തിച്ചു വായിക്കണം. കഷ്ടപ്പാടും ദുരിതങ്ങളും ഇല്ലാതാക്കാന്‍ കടല്‍ കടക്കുന്നവര്‍ നിര്‍ബന്ധമായും മനസ്സില്‍ ഉറപ്പിച്ചിടേണ്ട നിയമപരിജ്ഞാനം ഈ പുസ്തകം പ്രദാനം ചെയ്യുന്നു.രചയിതാവ് മുഹമ്മദ് നജാത്തി 20 വര്‍ഷമായി ദമ്മാമിലെ കോടതിയില്‍ പരിഭാഷകനാണ്. നിയമത്തിന്റെ അജ്ഞതയാണ് സൗദിയിലെ ജയിലില്‍ കഴിയുന്നവരില്‍ ഭൂരിപക്ഷത്തെയും അവിടെ എത്തിച്ചത്. നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടി പുസ്തകരചനയ്ക്ക് പ്രചോദനമായെന്ന്് അദ്ദേഹം പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss