തഞ്ചാവൂര്‍ സ്വദേശിനി ഖത്തറില്‍ ആടുജീവിതം നയിച്ചത് 7 കൊല്ലം
Published : 6th October 2016 | Posted By: SMR

ദോഹ: ചുട്ടുപൊള്ളുന്ന മരുഭൂമി. വൈദ്യുതിയില്ല; വെള്ളവും ഭക്ഷണവുമില്ല. ഇരുട്ട് വീഴുമ്പോള്‍ ഇഴഞ്ഞെത്തുന്ന തേളുകളും പാമ്പുകളും. ആരും ഭയപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തില്‍ കൗമാരകാലത്ത് സൈനുല്‍ അറബിയ എന്ന തഞ്ചാവൂരുകാരി കഴിച്ചുകൂട്ടിയത് 7 കൊല്ലം.
പതിമൂന്നാം വയസ്സില്‍ വിവാഹം കഴിഞ്ഞ അറബിയ 16ാം വയസ്സിലാണ് ഖത്തറിലെത്തിയത്. കുഷ്ഠരോഗിയായ ഉമ്മയ്ക്കും രണ്ടു സഹോദരിമാ ര്‍ക്കും നല്ല ജീവിതം നല്‍കാനാണ് മൂന്നു പെണ്‍കുഞ്ഞുങ്ങളെ അനാഥാലയത്തില്‍ ഏല്‍പ്പിച്ച് അറബിയ വിമാനം കയറിയത്. വീട്ടില്‍ ജോലിക്കെന്നു പറഞ്ഞാണ് ഒരു നാട്ടുകാരന് വിസ നല്‍കിയതെന്ന് ഈ സ്ത്രീ കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു.100 ഒട്ടകങ്ങളും 150 ആടുകളുമുള്ള ഫാമില്‍ ഒറ്റയ്ക്ക് ഒരു ടെന്റില്‍. ആറുമണി കഴിഞ്ഞാ ല്‍ വെളിച്ചമില്ല. ഇരുട്ടില്‍, ഷീറ്റ് കൊണ്ട് കെട്ടിയ തമ്പില്‍ 16കാരിയായ അറബിയ തനിച്ച്. രാത്രി വൈകുമ്പോള്‍ തേളുകളും പാമ്പുകളുമൊക്കെ ഇഴഞ്ഞെത്തും. ഒരുതവണ മരുഭൂമിയിലെ കടുത്ത വിഷമുള്ള തേള് കടിച്ചു. ആശുപത്രിയില്‍ പോലും പോകാനാവാതെ ദിവസങ്ങളാണ് വേദന സഹിച്ചു കഴിഞ്ഞത്.
ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കലും അവയ്ക്കു തീറ്റ കൊടുക്കലും അവയെ പരിപാലിക്കലുമായിരുന്നു ജോലി. കൃത്യമായി ഭക്ഷണം ലഭിക്കാത്തതിനാല്‍ പലപ്പോഴും ഒട്ടകത്തീറ്റകൊണ്ട് വിശപ്പടക്കി. വെള്ളം ആര്ഭാടമായതിനാല് ആഴ്ചയിലൊരിക്കലാണ് കുളി. അപ്പോഴേക്കും ശരീരമാകെ ചളി പുരണ്ട് കറുത്തിരുണ്ടിട്ടുണ്ടാവും. ഇടയ്ക്ക് വിസ പുതുക്കാന്‍ നഗരത്തില്‍ വരുമ്പോഴാണ് പുറംലോകം കാണുന്നത്. ആ സമയത്താണ് അവസരം കിട്ടിയാല്‍ നാട്ടിലേക്കു വിളിക്കുന്നതും. കുടുംബത്തെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ദുരിതങ്ങളൊന്നും അവരോടു പറഞ്ഞിരുന്നില്ല. നാടുമായി അധികം ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഏഴുവര്‍ഷത്തെ ദുരിതജീവിതത്തിനുശേഷം ഒരുതവണ നാട്ടില്‍ പോയി തിരിച്ചെത്തിയ അറബിയ വീണ്ടും ഇതേ ജോലിയില്‍ തന്നെ കുറച്ചുകാലം കൂടി തുടര്‍ന്നു. പീഡനം സഹിക്കവയ്യാതെ ഒളിച്ചോടിയാണ് ദോഹയിലെത്തിയത്. വിസ മാറ്റാന്‍ നഗരത്തിലെത്തിയപ്പോഴാണ് രക്ഷപ്പെട്ടത്.
പിന്നീട് ഒമ്പതുവര്‍ഷം അനധികൃത താമസക്കാരിയായി പല വീടുകളിലും ജോലി ചെയ്തു. നാലുവര്‍ഷത്തോളം ജോലി ചെയ്ത് കിട്ടിയ 7000 റിയാല്‍ നാട്ടിലേക്ക് അയക്കാന്‍ ഒരു മലപ്പുറം സ്വദേശിയെ ഏല്‍പ്പിച്ചിരുന്നു. കുട്ടികളുടെ പഠനത്തിനും മറ്റുമുള്ള തുകയുമായി അയാള്‍ മുങ്ങി.
രണ്ടു പെണ്മക്കള്ക്ക് വിവാഹപ്രായമായി. ആകെയുള്ളത് ചെറുമഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന വീടാണ്. മൂത്ത സഹോദരിയുടെ രണ്ട് കിഡ്നിയും തകരാറിലായി. ഉമ്മയുടെ കാലിന് ശസ്ത്രക്രിയ നടത്തണം. ഇത്രയും വലിയ ഭാരം മുന്നില്‍നില്‍ക്കെ നാട്ടിലെത്തി എന്തുചെയ്യുമെന്ന ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചില്‍ മാത്രമായിരുന്നു മറുപടി.
ഖത്തര്‍ ഇന്ത്യന്‍ സോഷ്യ ല്‍ ഫോറം വനിതാ ഹെല്പ് ഡെസ്ക്കിന്റെ സഹായം തേടിയെത്തിയ സൈനുല്‍ അറബിയക്ക് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. തഞ്ചാവൂര്‍ ജില്ലയിലെ സമ്പപ്പെട്ടിയില് അറബിയയുടെ വീടിനും മറ്റും സഹായങ്ങള്‍ ചെയ്യാനും ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ചില സുമനസ്സുകള്‍ ഇതിനകം സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നതായി സോഷ്യല്‍ ഫോറം ഹെല്പ് ഡെസ്ക് ചുമതലയുള്ള മൊയ്നുദ്ദീന് മുതുവടത്തൂര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.