|    Jan 18 Wed, 2017 1:37 pm
FLASH NEWS

തച്ചങ്കരി തെറിച്ചു; എസ് ആനന്ദകൃഷ്ണന്‍ പുതിയ ഗതാഗത കമ്മീഷണര്‍

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ മാറ്റി. എഡിജിപി എസ് ആനന്ദകൃഷ്ണനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ തച്ചങ്കരിക്കു പകരം ചുമതല നല്‍കിയിട്ടില്ല. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി  എംഡിയായി അദ്ദേഹം തുടരും.
തച്ചങ്കരിയെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും എന്‍സിപിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. വകുപ്പുമന്ത്രിയോട് ആലോചിക്കാതെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നുവെന്നായിരുന്നു ആരോപണം. ഇന്നലെയും  മന്ത്രി നിലപാട് ആവര്‍ത്തിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുത്തത്. തച്ചങ്കരിയുടെ ജന്മദിനാഘോഷം സംബന്ധിച്ച വിവാദം അന്വേഷിച്ച ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി.
ഗതാഗത കമ്മീഷണറായി തച്ചങ്കരി ചുമതലയേറ്റ ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പലതും വിവാദത്തിലാണ് കലാശിച്ചത്. ഇതേച്ചൊല്ലി വകുപ്പുമന്ത്രിയും കമ്മീഷണറും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തു. ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന തീരുമാനമാണ് മന്ത്രിയെ കൂടുതല്‍ ചൊടിപ്പിച്ചത്. ഈ വിവാദം കെട്ടടങ്ങവെ തച്ചങ്കരിയുടെ ജന്‍മദിനവുമായി ബന്ധപ്പെട്ട് ആര്‍ടി ഓഫിസുകളില്‍ ലഡു വിതരണം ചെയ്തുകൊണ്ട് ആഘോഷം നടന്നതും വിവാദത്തിലായി.
അതേസമയം, തച്ചങ്കരിയെ മാറ്റിയതില്‍ ഖേദമോ സന്തോഷമോ ഇല്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവികം മാത്രമാണ്. തച്ചങ്കരിയുടെ മാറ്റം അല്‍പം വൈകിപ്പോയെന്നും മന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക