|    May 27 Sat, 2017 12:34 am
FLASH NEWS

തക്ബീറും പൂവിളികളുമായി പെരുന്നാളോണം

Published : 12th September 2016 | Posted By: G.A.G

eidonam
ആബിദ്

കോഴിക്കോട്: അല്ലാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍… ചുണ്ടുകളില്‍ ദൈവപ്രകീര്‍ത്തനങ്ങളുമായി ബലിപെരുന്നാളും പൂവേ പൊലി പൂവേ പൊലി… പൂവിളികളുമായി പൊന്നോണവും ഒരുമിച്ചെത്തിയേപ്പാള്‍ കേരളീയ മണ്ണും മനസ്സും ആഘോഷത്തിമര്‍പ്പില്‍.
ഭരണാധികാരിയുടെ അതിക്രമങ്ങള്‍ക്കെതിരേ പോരാട്ടം നടത്തിയ ഇബ്രാഹീം നബിയുടെ ഓര്‍മകള്‍ അയവിറക്കുന്ന ബലിപെരുന്നാളും നീതിമാനായ ഭരണകര്‍ത്താവിന്റെ വരവ് കാത്തിരിക്കുന്ന പൊന്നോണവും നീതിക്കുവേണ്ടി നിലകൊള്ളാനും അതിക്രമങ്ങള്‍ക്കെതിരേ പോരാടാനുമാണ് സമൂഹത്തോട് ആവശ്യപ്പെടുന്നത്.
അത്തം പത്തിനെത്തുന്ന തിരുവോണം വീട്ടുമുറ്റത്ത് വിവിധ വര്‍ണങ്ങളിലും ഗന്ധങ്ങളിലുമുള്ള പൂക്കളമൊരുക്കിയുള്ള ആഘോഷമാണെങ്കില്‍ ദുല്‍ഹജ്ജ് പത്തിനെത്തുന്ന ബലിപെരുന്നാള്‍ വിവിധ വര്‍ണങ്ങളും ഭാഷകളുമെല്ലാം ഒരുമിക്കുന്ന ഹജ്ജിന് പരിസമാപ്തി കുറിച്ചുകൊണ്ടുള്ള ആഘോഷമാണ്.
കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത സംശുദ്ധ ഭരണം സമ്മാനിച്ച മാവേലിക്കുപകരം ആ നല്ല നാളുകള്‍ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയ വാമനനെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നതിനിടയിലേക്കാണ് ഓണവും പെരുന്നാളും ഒരുമിച്ചു കടന്നുവന്നതെന്നത് ഈ ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നു. വിശ്വാസാദര്‍ശങ്ങള്‍ക്കു വേണ്ടി എന്തും നല്‍കാന്‍ സന്നദ്ധരാവണമെന്ന സന്ദേശമാണ് ദൈവിക മാര്‍ഗത്തില്‍ സ്വന്തം മകനെ പോലും ബലിനല്‍കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ സ്മരണകള്‍ നമുക്ക് നല്‍കുന്നത്.
സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായ നംറൂദ്ദിന്റെ തീക്കുണ്ഠങ്ങളെയോര്‍ത്ത് ഭയപ്പെടുന്നതിനു പകരം ദൈവത്തില്‍ നിന്നുള്ള രക്ഷയും സമാധാനവും കാത്തിരിക്കുകയാണ് വിശ്വാസികള്‍ക്ക് അഭികാമ്യമെന്നു ബലിപെരുന്നാള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day