|    Nov 21 Wed, 2018 1:01 am
FLASH NEWS
Home   >  Kerala   >  

തകര്‍ന്ന വെള്ളാമ്പുറം റോഡില്‍ സൈന്യം താല്‍ക്കാലിക പാലം നിര്‍മ്മിച്ചു

Published : 11th August 2018 | Posted By: G.A.G

കാളികാവ്: സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ തരംഗമായി മാറിയ വണ്ടൂര്‍ വെള്ളാമ്പുറം റോഡില്‍ ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചു. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് തകരുന്നതിന്റെ തത്സമയ ദൃശ്യങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കാലവര്‍ഷക്കെടുതി നേരിടാന്‍ കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്യാംപ് ചെയ്യുന്ന കര സേനാ വിഭാഗമാണ് വണ്ടൂരിലെത്തിയത്. ക്യാപ്റ്റന്‍ കുല്‍ദീപ് സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ മുപ്പതിലധികം വരുന്ന സൈനികര്‍ ശനിയാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെത്തിയത്. കഴിഞ്ഞ ദിവസം സൈനികര്‍ സന്ദര്‍ശിച്ചപ്പോള്‍ താല്‍ക്കാലികമായി നടപ്പാലമൊരുക്കിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് സമീപത്തെ തെങ്ങിന്‍ തോപ്പില്‍ നിന്ന് നാല് വലിയ തെങ്ങുകള്‍ മുറിച്ചു മാറ്റി പിളര്‍ന്ന റോഡിന് കുറുകെയിട്ടാണ് താല്‍ക്കാലിക നടപ്പാലമുണ്ടാക്കിയിട്ടുള്ളത്. ഇരുഭാഗത്തും കമുകുകള്‍ ഉപയോഗിച്ച് കൈവരികളും നിര്‍മ്മിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് നിന്ന് ഭാരമുള്ള തെങ്ങുകള്‍ യന്ത്രങ്ങളുടെ സഹായമില്ലാതെയാണ് റോഡിന് മുകളിലെത്തിച്ചത്. ഏറെ ശ്രമകരമായ ദൗത്യത്തിന് സഹായവുമായി നാട്ടുകാരും പങ്കുചേര്‍ന്നു. വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവില്ലെങ്കിലും നടക്കാനുള്ള സംവിധാനമായത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ ഏറെ ആശ്വാസകരമാണ്. വണ്ടൂരില്‍ നിന്നും നിലമ്പൂരിലേക്കിലുള്ള സമാന്തര പാതയാണിത്. ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലുമുണ്ടായി വ്യാപക നാശനഷ്ടങ്ങളുണ്ടായ വ്യാഴാഴ്ചയാണ് കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ റോഡ് ഒലിച്ചു പോയത്. വണ്ടൂര്‍, വാണിയമ്പലം നഗര ഭാഗങ്ങളില്‍ നിന്നുള്‍പ്പെടെ ഒലിച്ചെത്തിയ വെള്ളമാണ് തോടുകളും, കൃഷിയിടങ്ങളും കവിഞ്ഞൊഴുകിയത്. കുത്തൊഴുക്കിന്റെ ശക്തിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് രണ്ടായി പിളരുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss