|    Sep 26 Wed, 2018 8:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തകര്‍ന്ന വീടുകള്‍ക്കു മുന്നില്‍ ചങ്കിടിപ്പോടെ കുടുംബങ്ങള്‍

Published : 20th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്നു പൂര്‍ണമായും വെള്ളത്തിനടിയിലായ എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍, കളമശ്ശരി, കാലടി മേഖലകളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും പ്രളയം നശിപ്പിച്ച വിടൂകളുടെ അവസ്ഥ കണ്ട് ചങ്കുതകര്‍ന്ന് നില്‍ക്കുകയാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍. മിക്ക ദുരിതാശ്വാസ ക്യാംപുകളിലും ആവശ്യത്തിനു ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും ലഭ്യമാവാത്ത സ്ഥിതിയും ഉണ്ട്.
ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഷോപ്പുകളും അടിയന്തരമായി തുറക്കണമെന്നു ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രക്ഷപ്പെടുത്തിയവരെ താമസിപ്പിച്ച മിക്ക ക്യാംപുകളുടെയും സ്ഥിതി അതീവ ദയനീയമാണ്. പിഞ്ചു കുട്ടികളടക്കം രണ്ടു ലക്ഷത്തോളം ആളുകള്‍ വിവിധ ക്യാംപുകളിലായുണ്ട്. പല ക്യാംപുകളിലും താങ്ങാവുന്നതിനപ്പുറമാണ് ആളുകള്‍. കുറച്ചു പേരെ മാത്രം താമസിപ്പിക്കാന്‍ സൗകര്യമുള്ള ക്യാംപുകളില്‍ പോലും ആയിരത്തിലധികം ആളുകളാണുള്ളത്.
മിക്ക ക്യാംപുകളിലെയും പ്രധാന പരാതി ആവശ്യത്തിന് ഭക്ഷണം, കുടിവെള്ളം, വസ്ത്രങ്ങള്‍, പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം, വൈദ്യസഹായം എന്നിവയില്ലെന്നാണ്. ചില ക്യാപുകളില്‍ മാറിധരിക്കാന്‍ വസ്ത്രം പോലും ഇല്ലാത്ത അവസ്ഥ. ആലുവയിലെ യുസി കോളജിലെ ക്യാംപില്‍ മാത്രം ഏതാണ്ട് 1000ത്തിലധികം ആളുകള്‍ ഉണ്ട്. ജില്ലാ ഭരണകൂടവും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്നു പരമാവധി ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും മതിയാവാത്ത സാഹചര്യമാണ്.
ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്നു വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ഇവരുടെ വീടുകള്‍ വാസയോഗ്യമാക്കാന്‍ കഠിനപ്രയത്‌നം തന്നെ വേണമെന്നതാണ് അവസ്ഥ. മിക്ക വീടുകളും പുനര്‍നിര്‍മിക്കാതെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. വീട്ടുപകരണങ്ങള്‍ വെള്ളംകയറി നശിച്ചു. വീടുകളില്‍ ചളി നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. വീടുകള്‍ ഇടിഞ്ഞുവീഴാറായ സ്ഥിതിയും ഉണ്ട്. ഇവിടങ്ങളിലെ സ്ഥാപനങ്ങളുടെ അവസ്ഥയും ഇതു തന്നെ. കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ആലുവ, പെരുമ്പാവൂര്‍, കാലടി, പറവൂര്‍, കളമശ്ശേരി മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss