|    Dec 17 Mon, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

തകര്‍ന്ന റോഡുകള്‍ ഉടന്‍ നന്നാക്കിത്തുടങ്ങും

Published : 13th August 2018 | Posted By: kasim kzm

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് തകര്‍ന്ന റോഡുകളുടെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കും. അടിയന്തര നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ധനകാര്യവകുപ്പ് കഴിഞ്ഞദിവസം 1000 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ സപ്തംബര്‍ ആദ്യവാരം തന്നെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ റോഡുകള്‍ക്കു മാത്രമായി 4,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ 3,000 കോടിയുടെ നഷ്ടം കണക്കാക്കിയിരുന്നു. 500 കോടിയുടെ നാശനഷ്ടം ആലപ്പുഴ ജില്ലയില്‍ മാത്രമുണ്ട്. സംസ്ഥാനത്തൊട്ടാകെ 10,000 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ തകര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന് നല്‍കിയ നിവേദനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നാശനഷ്ടത്തിന്റെ തോത് ഇനിയും ഉയരാനാണ് സാധ്യത. ഇടുക്കിയില്‍ മാത്രം 250 കിലോമീറ്റര്‍ ദൂരത്തില്‍ റോഡുകള്‍ തകര്‍ന്നതായി കണക്കാക്കുന്നു. ഓണത്തിന് മുന്നോടിയായി റോഡുകളുടെ നിര്‍മാണം ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി വീണ്ടും കാലവര്‍ഷം കരുത്താര്‍ജിച്ചതോടെയാണ് ജോലികള്‍ നീണ്ടുപോയത്. കാലവര്‍ഷക്കെടുതി നാശം വിതച്ച ജില്ലകളിലാകും നിര്‍മാണം ആദ്യം ആരംഭിക്കുക. തകര്‍ന്ന റോഡുകളുടെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ശബരിമല സീസണ്‍ മുന്നില്‍ക്കണ്ട് നവംബറില്‍ തന്നെ ഈ ഭാഗത്തെ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. ബലക്ഷയം നേരിട്ട പാലങ്ങളുടെ അറ്റകുറ്റപ്പണിയും ഉടന്‍ പൂര്‍ത്തിയാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss