|    Oct 17 Wed, 2018 7:05 am
FLASH NEWS

തകര്‍ന്ന റോഡുകളുടെ ഉത്തരവാദിത്തം മന്ത്രിമാര്‍ ഏറ്റെടുക്കണം : എംഎല്‍എ

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: ജില്ലയിലെ തകര്‍ന്ന എല്ലാ റോഡുകളും അടിയന്തിരമായ റീ ടാറിംഗ് നടത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാര്‍ താല്‍പര്യമെടുക്കണമെന്ന് അനില്‍ അക്കര എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെങ്കില്‍ മൂന്ന് പേരും മന്ത്രിപദവിയില്‍ നിന്നൊഴിയണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. തൃശൂര്‍-കുറ്റിപ്പുറം, തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാനപാതകളിലെ തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ ഇടതുപക്ഷ എംഎല്‍എമാര്‍ പങ്കെടുക്കാതിരുന്നത് മന്ത്രിയുടെ തന്നെ വിമര്‍ശനത്തിന് വിധേയമായിരുന്നു. താന്‍ മാത്രമാണ് എംഎല്‍എ എന്ന നിലയില്‍ ആ യോഗത്തില്‍ പങ്കെടുത്തത്. ജില്ലയ്ക്ക് വേണ്ടി ഒന്നും ചെയ്യാതെ വെറുക്കപ്പെട്ട മന്ത്രിമാരായി മൂവരും മാറി. ഇരുപാതകളും അഞ്ച് നിയമസഭാമണ്ഡലങ്ങളിലൂടെ കടന്നുപോകുമ്പോഴും മുതുവറയിലെ തകര്‍ന്ന റോഡിന്റെ പേരില്‍ വടക്കാഞ്ചേരി എംഎല്‍എയെ മാത്രം പഴിചാരുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. മണ്ഡലത്തില്‍ നടക്കുന്ന പല ഉദ്ഘാടനങ്ങളും താന്‍ അറിയാറില്ല. എന്നാല്‍ മന്ത്രിമാര്‍ ഉദ്ഘാടനങ്ങള്‍ നടത്തി പോകുന്നുണ്ടെങ്കിലും റോഡിന്റെ കാര്യം പറയുമ്പോള്‍ അനങ്ങാതിരിക്കയാണ്. യുഡിഎഫ് ഭരണകാലത്ത് ജില്ലയില്‍ ഒരു മന്ത്രി മാത്രമുണ്ടായിരുന്നപ്പോള്‍ ഇത്തരത്തില്‍ റോഡുകള്‍ തകര്‍ന്നു കിടന്നിട്ടില്ലെന്നും അനില്‍ അക്കര പറഞ്ഞു. റോഡുകള്‍ക്ക് റീ ടാറിംഗിനുള്ള തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കണം. റോഡുകള്‍ നന്നാക്കാന്‍ അനുവദിച്ചിരിക്കുന്ന ഒന്നര കോടി രൂപ പര്യാപ്തമല്ല. ജില്ലയ്ക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കാനായി ജനപ്രതിനിധികളുടേയും ഉന്നതതല ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രിമാര്‍ തയ്യാറാകണം. 22.8 ലക്ഷം രൂപയാണ് മുതുവറ ഭാഗത്ത് റോഡ് നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് 120 മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് കോണ്‍ക്രീറ്റ് കട്ട വിരിയ്ക്കാന്‍ കഴിയുക. റിലയന്‍സ് പെട്രോള്‍ പമ്പ് മുതല്‍ മോസ്‌കോ റോഡ് വരേയുള്ള ഈ ദൂരപരിധിക്ക് ശേഷം മുതുവറ സെന്റര്‍ വരെ 200 മീറ്ററോളം റോഡ് തകര്‍ന്നിരിക്കുകയാണ്. വ്യാഴാഴ്ച്ച കട്ട വിരിക്കുന്ന ജോലികള്‍ ആരംഭിക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ കട്ട വിരിച്ചതുകൊണ്ട് പൂര്‍ണമായ ഫലം കിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. 50 ലക്ഷം രൂപ ഇനിയും ആവശ്യമായി വരും. അതിന് പുറമേ കാനനിര്‍മാണത്തിന് 25 ലക്ഷം രൂപയും ആവശ്യമാണ്. 400 മീറ്റര്‍ ബിഎംബിസി ടാറിംഗ് നടത്താന്‍ 35 ലക്ഷം രൂപ ആവശ്യമായി വരും. ഇതിനാവശ്യമുള്ള തുക പ്രത്യേക ഫണ്ടായി ധനകാര്യവകുപ്പ് അനുവദിക്കണം. പൊതുമരാമത്ത് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെങ്കിലും ധനവകുപ്പ് പണം അനുവദിച്ചാല്‍ നല്‍കാമെന്നാണ് പറയുന്നത്. ക്യാബിനറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുപ്പിക്കാനുള്ള ആര്‍ജവം ജില്ലയിലെ മന്ത്രിമാര്‍ കാണിക്കണം. പ്രദേശത്തെ റോഡുകളുടെ ദുരവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഇന്ന് പൊതുമരാമത്ത് മന്ത്രി, ധനമന്ത്രി എന്നിവരെ സന്ദര്‍ശിക്കും. തുടര്‍നടപടിയുണ്ടായില്ലെങ്കില്‍ റോഡ് കടന്നുപോകുന്ന പ്രദേശത്തെ നിവാസികള്‍ എന്ന നിലയില്‍ അടാട്ട് ജനതയും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സമരരംഗത്തേയ്ക്കിറങ്ങും. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അനില്‍ അക്കര പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഒ ചുമ്മാറും പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss