|    Feb 26 Sun, 2017 4:25 pm
FLASH NEWS

തകര്‍ന്ന ഗ്രാമങ്ങള്‍; കല്ലെറിയുന്ന പയ്യന്‍മാര്‍

Published : 23rd November 2016 | Posted By: SMR

slug-kashmirറെനി ഐലിന്‍

താഴ്‌വരയില്‍ ഇടയ്ക്കിടെ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചായിരുന്നു കശ്മീരി സുഹൃത്തുക്കളുമായി ഒരിക്കല്‍ സംസാരിച്ചത്. ദേശീയ സുരക്ഷാ മേധാവിയായ അജിത് ഡോവലിന്റെ വിവിധ പദ്ധതികളെപ്പറ്റിയായിരുന്നു അവര്‍ക്കു കൂടുതല്‍ പറയാനുണ്ടായിരുന്നത്. ഇന്ത്യന്‍ പത്രങ്ങളില്‍ വരുന്നതൊക്കെ അപ്പടി വിശ്വസിക്കാന്‍ ഞങ്ങള്‍ക്കു ഭ്രാന്തൊന്നുമില്ല- മഖ്ബൂല്‍ പറഞ്ഞു.
ശ്രീനഗറിന്  പ്രാന്തപ്രദേശത്തുള്ള പാംപൂരില്‍ ഒക്ടോബറില്‍ ഇഡിഐ (എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്) കെട്ടിടത്തില്‍ ഭീകരരുമായി രണ്ടു ദിവസമാണ് ഇന്ത്യന്‍ സേന യുദ്ധംചെയ്തത്. സര്‍ജിക്ക ല്‍ സ്‌ട്രൈക്ക് പാകിസ്താനില്‍ നടത്തിയവര്‍ക്ക് രണ്ടു ഭീകരരെ തുരത്താന്‍ രണ്ടു ദിവസം! ഇതാരു വിശ്വസിക്കും. അവിടെ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന പണിക്കാരോട് നാളെ നിങ്ങള്‍ വരേണ്ട എന്ന് എന്തിനാണ് പട്ടാളക്കാര്‍ പറഞ്ഞത്. അപ്പോള്‍ അതൊരു നാടകമെന്നു കരുതാനാണു ന്യായം. ഭീകരര്‍ പ്രസ്തുത കെട്ടിടത്തെ ആക്രമിച്ചത് പുരോഗതിക്ക് അവര്‍ക്കു താല്‍പര്യമില്ലെന്ന സന്ദേശം രാജ്യത്തിനു നല്‍കാനായിരുന്നു.
ഞാന്‍ താഴ്‌വരയിലെത്തുമ്പോള്‍ ‘ഷട്ട് ഡൗണ്‍’ തുടങ്ങിയിട്ട് മൂന്നുമാസമായിരുന്നു. ജനം അസംതൃപ്തരായി സമരം പൊളിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ അസീം പറഞ്ഞു. ഇപ്പോള്‍ രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ തുറക്കാന്‍ പറയുന്നുണ്ട് സംഘടനകള്‍. ജനങ്ങള്‍ ഒരിക്കലും സമരത്തിന് എതിരാവില്ല. ലോകത്തില്‍ നേതാക്കന്‍മാര്‍ ജനത്തെ മാറ്റിമറിക്കുന്നതു നിങ്ങള്‍ കണ്ടിട്ടുണ്ടാവും. പക്ഷേ, ഇവിടെ ജനം നേതാക്കളെ രൂപപ്പെടുത്തുന്നു. അതാണ് ഒരിക്കല്‍ പാകിസ്താന്‍ അനുകൂലിയായിരുന്ന സയ്യിദ് അലിഷാ ഗിലാനിയുടെ നിലപാടുമാറ്റത്തിനു കാരണം. ആസാദിക്കെതിരായി കശ്മീരില്‍ ഒരു നേതാവിനും നിലനില്‍ക്കാന്‍ കഴിയില്ല. മുന്‍കാല നേതാക്കന്‍മാരുടെ അനുഭവം അതാണു കാണിക്കുന്നത്. സമാധാനപരമായ സമരങ്ങള്‍ പോലും തോക്കുകൊണ്ട് നേരിടുന്ന ഇക്കാലത്ത് ‘ഷട്ട് ഡൗണ്‍’ അല്ലാതെ വേറെ മാര്‍ഗമില്ല. എത്ര കള്ളങ്ങള്‍ പ്രചരിപ്പിച്ചാലും അത് താഴ്‌വരയില്‍ ചെലവാകില്ല. കാര്‍ഗില്‍ യുദ്ധകാലത്ത് ശ്രീനഗറില്‍ നിന്ന് കഷ്ടിച്ച് വെറും 100 കി.മീ. പോലും ഇല്ലാത്ത സോണുമാര്‍ഗ് വരെ പാക് പട്ടാളം എത്തിയപ്പോള്‍ ഇസ്‌ലാമാബാദും ന്യൂഡല്‍ഹിയും നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തോടെ പാകിസ്താന്‍ പിന്‍വാങ്ങി. കാരണം, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഒരു ‘ബിസിനസ് മാന്‍’ ആണ്. അതുകൊണ്ടുതന്നെ യുദ്ധപ്പനിയുണ്ടായാലും രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ യുദ്ധമുണ്ടാവില്ലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
പ്രഫ. സഫറുല്ല എന്ന അധ്യാപകന്‍ പറയുന്നത് കേള്‍ക്കൂ; ഗുറൈസ് എന്ന സ്ഥലത്ത് കഷ്ടിച്ച് 20,000 മുതല്‍ 50,000 വരെ ആളുകള്‍ മാത്രമാണ് വസിക്കുന്നത്. എന്നാല്‍ ഒന്നരലക്ഷം പട്ടാളക്കാരെയാണ് അവിടെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. അവിടെ നടക്കുന്ന അതിക്രമങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരായി നടക്കുന്നത്. ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ പട്ടാളം പെട്ടെന്ന് വരുന്നു. കുറേ വീടുകളോ അല്ലെങ്കില്‍ അവിടത്തെ പ്രധാന കെട്ടിടമോ കൈവശപ്പെടുത്തുന്നു. പിന്നെ ആ പ്രദേശത്തുള്ള സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പിന്നാലെ സദാസമയവും ചുറ്റിനടക്കുന്നു. പോരാഞ്ഞതിന് മറ്റ് അതിക്രമങ്ങളും ഏതെങ്കിലും ഒരു ഭാഗത്തു നിന്ന് ഒരു കല്ല് വീണാല്‍ മതി. പ്രസ്തുത പ്രദേശം തകര്‍ത്ത് തരിപ്പണമാക്കും. അതാണു രീതി. മുമ്പ് നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിക്രമങ്ങ ള്‍ നടക്കുന്നത്. പക്ഷേ, ഇത്തവണ അവര്‍ ലക്ഷ്യം മാറ്റി ഗ്രാമങ്ങളെ തകര്‍ത്തു. വൈദ്യുതി ബ ന്ധം പുനസ്ഥാപിച്ചിട്ടില്ലാത്ത നിരവധി ഗ്രാമങ്ങള്‍ ഇപ്പോഴുമുണ്ട്. പ്രശ്‌നം തുടങ്ങിയപ്പോള്‍ പട്ടാളം ആദ്യം ചെയ്തത് ഗ്രാമങ്ങളിലെ ട്രാന്‍സ്‌ഫോമറുകള്‍ കത്തിച്ചുകളയുകയാണ്. 3000 ത്തിനും 5000ത്തിനുമിടയ്ക്ക് ട്രാന്‍സ്‌ഫോമറുകള്‍ കത്തിച്ചുവെന്ന് പത്രങ്ങള്‍ പറയുന്നു.
കശ്മീരില്‍ കല്ലെറിയുന്ന പൗരന്‍മാരുടെ പ്രതീകമായിരുന്നു ആബിദ് എന്ന പ്ലസ്ടു വിദ്യാര്‍ഥി. മുഖംമറച്ചാണു ആബിദ് സംസാരിച്ചത്. ഫോട്ടോ എടുക്കില്ലെന്ന് ഉറപ്പുനല്‍കിയപ്പോ ള്‍ തുണിമാറ്റി മുഖം കാണിച്ചു. മീശപോലും കിളിര്‍ക്കാത്ത ഒരു കുട്ടി എന്നു മാത്രമേ ആബിദിനെ വിളിക്കാന്‍ കഴിയൂ. ആറാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കല്ലെറിയാന്‍ തുടങ്ങിയതാണ്.
ഞാന്‍ ഈ കുറിപ്പെഴുതാന്‍ തുടങ്ങിയപ്പോള്‍ സുബ്രഹ്മണ്യ സ്വാമി ന്യൂയോര്‍ക്കില്‍ ഈയിടെ നടത്തിയ ഒരു പ്രസംഗത്തിലെ വാചകങ്ങള്‍ ഓര്‍മയിലെത്തി. കശ്മീരില്‍ കുട്ടികള്‍ക്ക് ഒരു കല്ലേറിന് 3000 രൂപതൊട്ട് 5000 വരെ കിട്ടുന്നു എന്നാണു സ്വാമി തട്ടിവിട്ടത്. അങ്ങനെയെങ്കില്‍ എല്ലാ കശ്മീരികളും ഇതിനകം വലിയ സമ്പന്നര്‍ ആവുമായിരുന്നു. ആസാദിക്കുവേണ്ടി മരിക്കുന്നതുവരെ കല്ലെറിയുമെന്ന് ആബിദ് പറഞ്ഞു. ഞാന്‍ ചോദിച്ചു, ഇത്രയും വലിയ സേനാവ്യൂഹത്തോട് എതിരിടാന്‍ നിങ്ങളുടെ കല്ലുകള്‍ മതിയാവുമോ? അധിനിവേശം തുടങ്ങിയ കാലം മുതല്‍ ഇന്നുവരെയും നിലയ്ക്കാത്ത ഞങ്ങളുടെ പോരാട്ടം തന്നെയാണ് അതിനു തെളിവ്-ആബിദ് തുടര്‍ന്നു. ഷോപിയാനില്‍ നിങ്ങളുടെ സേന കൊലപ്പെടുത്തിയ ഞങ്ങളുടെ രണ്ടു സഹോദരിമാരായ നിലോഫറിനെയും ആസിയയെയും ഞങ്ങള്‍ മറക്കില്ല. നിങ്ങള്‍ക്കറിയുമോ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍ അവരിലൊരാള്‍ ഗര്‍ഭിണിയായിരുന്നു- ആബിദ് തുടര്‍ന്നു. ഇന്നു ഞാന്‍ ഇവിടെ വന്നത് എന്റെ സുഹൃത്തിന്റെ ബൈക്കിലാണ്. അവന്റെ വീട്ടിലേക്ക് ഞാന്‍ നടന്നുപോവുമ്പോള്‍ എന്റെ മുമ്പിലൂടെ പോയ രണ്ടു പെണ്‍കുട്ടികളെ പുളിച്ച തെറിവിളിച്ച് ആനന്ദിക്കുകയാണ് സിആര്‍പിഎഫ് ഭടന്‍മാര്‍. പറയൂ, ഇതു നിങ്ങളുടെ സഹോദരിക്കാണു സംഭവിച്ചതെങ്കില്‍… ഞാനൊന്നും മറുപടി പറയാതെ മിണ്ടാതെ ഇരുന്നു. ആബിദ് പുറംതിരിഞ്ഞ് ഇട്ടിരുന്ന കമ്പിളിക്കുപ്പായം അഴിച്ച് മുതുക് കാണിച്ചുതന്നു. നിറയെ ലാത്തിയടിയേറ്റ പാടുകള്‍. ആബിദിന്റെ ഒപ്പം വന്ന സുഹൃത്ത് കണംകൈ കാണിച്ചു; ചൂണ്ടുവിരലിന്റെ മധ്യഭാഗത്ത് ഒരു ചെറിയ ബോളിന്റെ വലിപ്പത്തില്‍ എന്തോ ഉയര്‍ന്നു നില്‍ക്കുന്നു. പ്രക്ഷോഭത്തിനിടെ പെല്ലറ്റ് ഏറ്റതാണ്. പക്ഷേ, ശസ്ത്രക്രിയ നടത്തി പുറത്തെടുക്കാന്‍ ഭയമാണ്. കാരണം, ആശുപത്രി രജിസ്റ്റര്‍ നോക്കി പോലിസ് അറസ്റ്റ് ചെയ്യുന്നു.

  (അവസാനിക്കുന്നില്ല.)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day