|    Nov 19 Mon, 2018 2:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

തകര്‍ന്നടിഞ്ഞ് ബിജെപി

Published : 7th November 2018 | Posted By: kasim kzm

ബംഗളൂരു: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ രൂപംകൊള്ളുന്ന മഹാസഖ്യത്തിന് ഊര്‍ജം പകര്‍ന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഗംഭീരവിജയം. മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ബിജെപിയെ കടപുഴക്കി. അഞ്ചില്‍ നാലു സീറ്റും സഖ്യത്തിനാണ്. ശനിയാഴ്ച സംസ്ഥാനത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 67 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം രൂപകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നേരിട്ട ആദ്യപരീക്ഷണം കൂടിയായിരുന്നു ഉപതിരഞ്ഞെടുപ്പ്.
ജമഖണ്ഡി, രാമനഗര നിയമസഭാ മണ്ഡലങ്ങളും ബെല്ലാരി, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളുമാണ് ഭരണപക്ഷത്തിന് ലഭിച്ചത്. സിറ്റിങ് സീറ്റായ ശിവമോഗയില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
ജമഖണ്ഡിയില്‍ കോണ്‍ഗ്രസ്സിന്റെ ആനന്ദ് ന്യാമഗൗഡ 39,480 വോട്ടിനും രാമനഗരത്തില്‍ ജെഡിഎസ് പ്രതിനിധിയും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയുമായ അനിതകുമാരി 1,09,137 വോട്ടിനും വിജയിച്ചു. മാണ്ഡ്യയില്‍ ജെഡിഎസ് സ്ഥാനാര്‍ഥി എല്‍ ആര്‍ ശിവരാമ ഗൗഡ 3,24,943 വോട്ടിനും ബെല്ലാരിയില്‍ കോണ്‍ഗ്രസ്സിന്റെ വി എസ് ഉഗ്രപ്പ 2,43,161 വോട്ടിനും വിജയിച്ചു. 52,148 വോട്ടിനാണ് ശിവമോഗയില്‍ ബിജെപി സ്ഥാനാര്‍ഥി കെ രാഘവേന്ദ്രയുടെ വിജയം.
കോണ്‍ഗ്രസ് ബെല്ലാരി പിടിച്ചെടുത്തതാണ് ഉപതിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി. ബിജെപിയുടെ ശക്തികേന്ദ്രമായ ബെല്ലാരി 2004നുശേഷം ആദ്യമായാണ് പാര്‍ട്ടിക്ക് നഷ്ടമാവുന്നത്. ശ്രീരാമുലു, റെഡ്ഡി സഹോദരന്മാരുടെ പണസ്വാധീനത്തെ പരാജയപ്പെടുത്തിയാണ് ഉഗ്രപ്പയുടെ വിജയം. ഉഗ്രപ്പ 6,28,366 വോട്ടും ബിജെപിയുടെ ജെ ശാന്ത 3,85,205 വോട്ടുമാണ് നേടിയത്. ഖനിപ്രഭുക്കന്മാരുടെ ബെല്ലാരിയില്‍ 1999ല്‍ സോണിയാഗാന്ധിക്കും 2000ല്‍ കോലൂര്‍ ബസവനഗൗഡയ്ക്കും ശേഷം കോണ്‍ഗ്രസ്സിനു ലഭിക്കുന്ന വിജയത്തിളക്കമാണിത്. റെഡ്ഡിമാരുടെ വലംകൈയായ ശ്രീരാമുലു നിയമസഭാംഗമായതിനെ തുടര്‍ന്നു രാജിവച്ച ഒഴിവിലാണ് സഹോദരി ശാന്ത ബിജെപി സ്ഥാനാര്‍ഥിയായത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര കേവലം അരലക്ഷം വോട്ടുകള്‍ക്കാണ് ശിവമോഗയില്‍ കടന്നുകൂടിയത്. രാഘവേന്ദ്രയുമായി മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ കടുത്ത മല്‍സരമാണ് കാഴ്ചവച്ചത്. ബിജെപിയുടെ ഉരുക്കുകോട്ടയെന്നു വിലയിരുത്തിയിരുന്ന ശിവമോഗയില്‍ ഭൂരിപക്ഷം വലിയതോതില്‍ ഇടിഞ്ഞു. യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞ ഇവിടെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 3.6 ലക്ഷത്തോളമായിരുന്നു.
പിതാവ് സിദ്ധുന്യാമെ ഗൗഡ കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ബാഗല്‍ക്കോട്ടിലെ ജമഖണ്ഡിയില്‍ കോണ്‍ഗ്രസ്സിനായി ആനന്ദ് ന്യാമഗൗഡ മല്‍സരത്തിനിറങ്ങിയത്.
മാണ്ഡ്യ നേരത്തേ ജെഡിഎസ് വിജയിച്ച മണ്ഡലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിനായി സി എസ് പുട്ടരാജു രാജിവച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ടു മണ്ഡലങ്ങളിലും മുഖ്യമന്ത്രി കുമാരസ്വാമി വിജയിച്ചിരുന്നു. ഇദ്ദേഹം രാജിവച്ചതിനെ തുടര്‍ന്നാണ് രാമനഗരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് 27ല്‍ 17 സീറ്റും കോണ്‍ഗ്രസ്സിന് 9 സീറ്റുമാണ് ലഭിച്ചത്. ജെഡിഎസിന് രണ്ടു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss