|    Jul 20 Fri, 2018 3:00 am
FLASH NEWS

തകര്‍ച്ചയിലായ അന്നമനട തെക്കുംമുറി വില്ലേജ് ഓഫിസിന് ശാപമോക്ഷമാകുന്നു

Published : 10th August 2017 | Posted By: fsq

 

മാള: തകര്‍ച്ചാഭീഷണിയിലായ അന്നമനട കല്ലൂര് തെക്കുംമുറി വില്ലേജ് ഓഫീസ് കെട്ടിടത്തിന് ശാപമോക്ഷമാകുന്നു. തകര്‍ന്ന് ചോര്‍ന്നൊലിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം പുനഃര്‍നിര്‍മ്മാണം നടത്താനായി ഫണ്ടനുവദിക്കപ്പെട്ടതോടെ ഓഫീസിലെ ജീവനക്കാരും നാട്ടുകാരും ആശ്വാസത്തിലായിരിക്കയാണ്. ആസ്തി വികസന ഫണ്ടില്‍ നിന്നും അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ 50 ലക്ഷം രൂപ അനുവദിച്ചതില്‍ നന്ദി രേഖപ്പെടുത്തുകയാണ് ജീവനക്കാരും നാട്ടുകാരും. നൂറ്റാണ്ടുകളേറെയായി പാടെ തകര്‍ന്ന അവസ്ഥയിലാണ് ഈ വില്ലേജോഫീസ് കെട്ടിടം. നിരവധി രേഖകള്‍ സൂക്ഷിക്കുന്ന കെട്ടിടം മഴയില്‍ ചോര്‍ന്നൊലിക്കുകയാണ്. നനയുന്ന ഫയലുകളും ഫര്‍ണ്ണീച്ചറുകളും വരെ ചിതല് തിന്നുന്ന അവസ്ഥയുമുണ്ട്. ഇതിന് തടയിടാന്‍ മേല്‍ക്കൂരയില്‍ ഷീറ്റ് വലിച്ച് കെട്ടിയിരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് കാര്യമായ പ്രയോജനമില്ല. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടത്തിലെ അസൗകര്യങ്ങളും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നേരത്തെ ഈ വില്ലേജ് ഓഫീസ് കെട്ടിടം പുതുക്കി പണിയുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ഷക്കാലത്തിന് മുന്‍പായി കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് നടപടികള്‍ നടത്തുമെന്നതും പാഴ് വാക്കായി മാറിയിരിക്കുകയായിരുന്നു. ശക്തമായ മഴയിലും ജീവനക്കാര്‍ ഭയപ്പാടോടെ ജോലി തുടര്‍ന്നു കൊണ്ടിരിക്കയാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് വില്ലേജ് ഓഫീസ് പ്രവര്‍ത്തനം സമീപത്തെ പഞ്ചായത്ത് ആപ്പീസിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ട സാഹചര്യം വരെയുണ്ടായിരുന്നു. നിയമ പരമായ കടമ്പകള്‍ ഇതിന് തടസ്സമായതിനാല്‍ ദുരിതം സഹിച്ചും ഭയപ്പാടോടെയും ജീവനക്കാരും ഇതേ അവസ്ഥയില്‍ തന്നെ ഇടപാടുകാരും ഇവിടത്തെ പ്രവര്‍ത്തനം തുടരുകയായിരുന്നു.അതേ സമയം കെട്ടിടം ചോര്‍ച്ച സംഭവിച്ച് രേഖകള്‍ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലയെന്നായിരുന്നു ബന്ധപ്പെട്ടവരുടെ ന്യായീകരണം. നൂറ്റാണ്ടിന്റെ പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടം തകര്‍ച്ചാഭീഷണി നേരിടുന്നതായി അന്നമനടയിലെ പ്രായം ചെന്ന നാട്ടുകാര്‍ പതിറ്റാണ്ടുകളായി ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ അനങ്ങാപ്പാറനയം തുടരുകയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരുള്ള അന്നമനട ഗ്രാമപഞ്ചായത്തില്‍ ശാപമേറ്റെന്ന പോലെ പതിറ്റാണ്ടുകളോളം കിടക്കാനായിരുന്നു ഈ വില്ലേജോഫീസ് കെട്ടിടത്തിന്റെ വിധി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നൂറൂകണക്കിന് കോടി രൂപ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിനായി അനുവദിക്കപ്പെട്ടുവെന്ന ഊറ്റം കൊള്ളലിനിടയിലും ഈ വില്ലേജോഫീസ് കെട്ടിടം അവഗണിക്കപ്പെട്ടു. ഫണ്ട് അനുവദിച്ച സാഹചര്യത്തിലും ഇത്തവണത്തെ മഴക്കാലം മുഴുവന്‍ നിലവിലെ അവസ്ഥ തുടരുന്ന സാഹചര്യമാണ്. അടുത്ത മഴക്കാലത്തിന് മുന്‍പായി കെട്ടിടം പുതുക്കി പണിപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് ജീവനക്കാരും നാട്ടുകാരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss