|    Apr 27 Thu, 2017 2:31 pm
FLASH NEWS

തംഗത് വെടിവയ്പ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Published : 21st August 2016 | Posted By: SMR

അഹ്മദാബാദ്: 2012ല്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ മൂന്നു ദലിത് യുവാക്കള്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച ദലിത് നേതാക്കളുടെ നിരന്തര ആവശ്യം മുന്‍നിര്‍ത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി വിജയ് രൂപാനി തീരുമാനിച്ചത്. രാജ്‌കോട്ട് സിറ്റി പോലിസ് കമ്മീഷണര്‍ അനുപം സിങ് ഗെഹ്‌ലോട്ട്, സൂറത്ത് സിറ്റി ഡിസിപി പരീക്ഷിത റാത്തോഡ്, പോര്‍ബന്തര്‍ എസ്പി തരുണ്‍കുമാര്‍ ദഗ്ഗാള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൂടാതെ കേസില്‍ വാദം കേള്‍ക്കുന്നതിന് പ്രത്യേക കോടതി സ്ഥാപിക്കാനും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. മരിച്ചവരുടെ ഉറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപ അധികം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നിരവധി ദലിത് നേതാക്കള്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഉനയില്‍ നടന്ന ദലിത് മഹാ സംഗമത്തിലും ഇതേ ആവശ്യമുയര്‍ന്നിരുന്നു.
തംഗതില്‍ 2012 സപ്തംബറില്‍ ദലിതുകളും ഒബിസി വിഭാഗത്തില്‍പെട്ട ബര്‍വാദ് വിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവയ്പുണ്ടായത്. കുപിതരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ വെടിവയ്പിലാണ് ദലിത് യുവാക്കള്‍ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day