|    Feb 19 Sun, 2017 10:21 pm
FLASH NEWS

ഡ്രൈവര്‍മാരുടെ പിടിവാശി; തോല്‍പ്പെട്ടി വന്യജീവിസങ്കേതം അടഞ്ഞുതന്നെ

Published : 27th October 2016 | Posted By: SMR

മാനന്തവാടി: ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ തോല്‍പ്പെട്ടി വന്യജീവി സങ്കേതം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. പ്രശ്‌നം തീര്‍ക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരവധി തവണ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തേങ്കിലും ചില ഡ്രൈവര്‍മാരുടെ പിടിവാശി കാരണം സങ്കേതം തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. ജില്ലയിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തോല്‍പ്പെട്ടി അടഞ്ഞുകിടക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിവയ്ക്കുന്നു. ഇതോടൊപ്പം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി സഞ്ചാരികളാണ് നിരാശയോടെ മടങ്ങുന്നത്. രാവിലെ 40ഉം വൈകീട്ട് 20ഉം ടോക്കണുകളുമാണ് സഞ്ചാരികള്‍ക്കു നല്‍കുന്നത്. കാനനസവാരിക്ക് ഇണങ്ങുംവിധം പച്ച പെയിന്റടിച്ച ടാക്‌സി ജീപ്പുകള്‍ക്കാണ് വനത്തില്‍ സഞ്ചാരികളുമായി പ്രവേശിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള 28 ജീപ്പുകള്‍ ഇവിടെയുണ്ട്. അവധി ദിവസങ്ങളിലും മറ്റും സഞ്ചാരികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ മറ്റ് ടാക്‌സി ജീപ്പുകളും സങ്കേതത്തില്‍ പ്രവേശിപ്പിക്കാറുണ്ട്. പച്ച പെയിന്റടിച്ച ജീപ്പുകള്‍ വനത്തിലേക്ക് പോയ ശേഷം മാത്രമേ മറ്റ് ജീപ്പുകള്‍ സാധാരണയായി കടത്തിവിടാറുള്ളൂ. ഈ തീരുമാനത്തിന് വിരുദ്ധമായി പ്രദേശവാസികളായ ചില ഡ്രൈവര്‍മാര്‍ പച്ച ജീപ്പുകള്‍ക്കൊപ്പം വെള്ള പെയിന്റടിച്ച ജീപ്പുകളും കടത്തിവിടണമെന്നു നിര്‍ബന്ധം പിടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തതും നവമി അവധി ദിവസമായ 11ന് വന്യജീവി സങ്കേതം അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചതും. ദീപാവലി അവധി കൂടി അടുത്തതോടെ സഞ്ചാരികളുടെ പ്രവാഹമായിരിക്കും തോല്‍പ്പെട്ടിയിലേക്ക്. എന്നാല്‍, ചില ഡ്രൈവര്‍മാരുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിര്‍ബന്ധബുദ്ധിയാണ് സങ്കേതം തുറക്കുന്നതിനു വിഘാതമായിരിക്കുന്നത്. കര്‍ണാടകയിലെ നാഗര്‍ ഹോളയിലും തമിഴ്‌നാട്ടിലെ മുതുമലയിലും വനംവകുപ്പ് ഏര്‍പ്പെടുത്തിയതു പോലെ സഞ്ചാരികള്‍ക്കായി ബസ് സൗകര്യം സജ്ജീകരിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും. ഇഡിസി ഫണ്ട് ഉപയോഗിച്ച് മുത്തങ്ങയിലേക്കും തോല്‍പ്പെട്ടിയിലേക്കും ബസ് വാങ്ങണമെന്ന വനംവകുപ്പ് നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയിലാണ്. 110 രൂപയാണ് ഒരാള്‍ക്ക് പ്രവേശന ഫീസ്. വിദേശികള്‍ക്ക് ഇരട്ടിയാണ് തുക. സഞ്ചാരികളുമായി സഫാരിക്ക് പോവുന്ന ജീപ്പുകളുടെ വരുമാനത്തെയും ചെറുകിട കച്ചവടക്കാരെയും സങ്കേതം അടച്ചിട്ടതു പ്രതികൂലമായി ബാധിച്ചു. രാഷ്ട്രിയ നേതൃത്വം ഇടപെട്ട് സങ്കേതം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക