|    Jan 24 Tue, 2017 6:55 pm
FLASH NEWS

ഡ്രെയിനേജ് അറ്റകുറ്റപ്പണി; റോഡ് വെട്ടിപ്പൊളിച്ചിട്ട് ആഴ്ചകള്‍; കാല്‍നട-വാഹനയാത്ര തടസ്സപ്പെടുത്തി വാട്ടര്‍ അതോറിറ്റി

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: ഡ്രെയിനേജ് അറ്റകുറ്റപ്പണിയുടെ പേരില്‍ വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചിട്ട് ആഴ്ചകള്‍. കാല്‍നട-വാഹനയാത്ര തടസ്സപ്പെട്ടതോടെ പ്രദേശവാസികള്‍ ദുരിതത്തില്‍. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഊറ്റുകുഴിയില്‍ ഓഫിസേഴ്‌സ് നഗര്‍ റോഡാണ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം പകുതിയിലാണ് ഡ്രെയിനേജ് പണികള്‍ക്കായി നൂറു മീറ്ററോളം ഭാഗം വെട്ടിപ്പൊളിച്ചത്. ഏകദേശം എട്ട് അടിയോളം ആഴത്തിലും നാലു മീറ്റര്‍ വീതിയിലുമാണ് നീളത്തില്‍ കുഴിയെടുത്തിരിക്കുന്നത്. ഇതോടെ ഓഫിസേഴ്‌സ് നഗറിലുള്ള 30ലേറെ കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. വീടുകളും വിവിധ ഓഫിസുകളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. റോഡ് കുഴിച്ചതോടെ റോഡാകെ ചെളിക്കുഴിയായ അവസ്ഥയാണ്. ഇതോടെ ഇവിടേക്കുള്ള ജോലിക്കാരും വീട്ടുകാരും കാല്‍നട യാത്രയ്ക്കു പോലുമാവാതെ ബുദ്ധിമുട്ടുകയാണ്.
ഭീതിയോടെയാണ് ഇതുവഴി മാതാപിതാക്കള്‍ കുട്ടികളെയും കൊണ്ടുപോവുന്നത്. രാത്രിയാവുന്നതോടെ കറന്റ് പോയാല്‍ ആളുകള്‍ കുഴിയില്‍ വീഴാനുള്ള സാധ്യത ഇരട്ടിയാകുന്നു. ചെളിയില്‍ പലക നിരത്തിയിരിക്കുന്നതോടെ കഷ്ടിച്ചു കടന്നുപോവുന്ന ബൈക്കുകള്‍ തെന്നിവീഴാനുള്ള സാധ്യതയും ഏറെയാണ്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ മഴക്കാലം കണക്കിലെടുത്ത് ആഗസ്ത് വരെ റോഡുകള്‍ വെട്ടിപ്പൊളിക്കരുതെന്ന് കേരള വാട്ടര്‍ അതോറിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിനെതിരെ വാട്ടര്‍ അതോറിറ്റി രംഗത്തുവന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതിപ്രകാരം മാത്രമേ റോഡുകള്‍ വെട്ടിപ്പൊളിക്കാവൂ എന്നായി നിര്‍ദേശം.
എന്നാല്‍, ഡ്രെയിനേജ് അറ്റകുറ്റപ്പണികള്‍ക്കും പൈപ്പ് ഇടാനുമായി വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ പിന്നീട് റീടാര്‍ ചെയ്യാന്‍ ഇവര്‍ തയ്യാറാവാറില്ല. ഇതാണ് വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വെട്ടിപ്പൊളിക്കുന്ന റോഡുകള്‍ റീടാര്‍ ചെയ്യണമെന്നത് വാട്ടര്‍ അതോറിറ്റിയുടെത്തന്നെ ചുമതലയാക്കിയാല്‍ മാത്രമേ ഇവയ്‌ക്കൊരു പരിഹാരമാവൂ എന്നാണ് പൊതുവിലയിരുത്തല്‍. ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ബേക്കറി ജങ്ഷന്‍-തമ്പാനൂര്‍ റോഡില്‍ ഊറ്റുകുഴി ഭാഗത്ത് കഴിഞ്ഞ മാസം ആദ്യം ഇത്തരത്തില്‍ റോഡ് കുഴിച്ചിരുന്നു. എന്നാല്‍, അത് ഇതുവരെ റീടാര്‍ ചെയ്യാത്തതിനാല്‍ മെറ്റലില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. ഇതിനെതിരെ നാട്ടുകാരില്‍ നിന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക