|    Jun 18 Mon, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയ : ബ്രാഹ്മണിക്കല്‍ ശിക്ഷാവിധിയുടെ ഇരയെന്ന് ഭൂപാലി മഗാരെ

Published : 4th October 2017 | Posted By: fsq

 

തിരുവനന്തപുരം: ബ്രാഹ്മണിക്കല്‍ വ്യവസ്ഥയില്‍ ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും നീതി നിഷേധിക്കപ്പെടുന്ന അതേ അനീതിയാണ് ഹാദിയ കേസില്‍ ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പുലര്‍ത്തുന്നതെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഭൂപാലി മഗാരെ. ഇന്ത്യയിലെ വിവിധ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തെത്തി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഭൂപാലി. ഇഷ്ടമുള്ള മതം സ്വീകരിക്കുകയും ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുകയും ചെയ്ത ഡോ. ഹാദിയയെ വീട്ടുതടങ്കലി ല്‍ നിന്നു മോചിപ്പിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പുലര്‍ത്തുന്ന ക്രൂരമായ നിസ്സംഗത വെടിയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബ്രാഹ്മണിക്കല്‍ ശിക്ഷാവിധിയുടെ ഇരയാണ് ഹാദിയ. ദലിതുകള്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലികള്‍ക്കും എതിരെ ഖാപ് പോലുള്ള വ്യവസ്ഥകള്‍ ഉപയോഗിച്ച് അവരുടെ വീടുകള്‍ കത്തിക്കുകയും കൊല്ലുകയും ചെയ്യുന്നു. ജയിലുകളില്‍ ആദിവാസികളും മുസ്‌ലിംകളും ദലിതുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തെ ചോദ്യം ചെയ്യേണ്ടതുണ്ട്. രോഹിത് വെമുലയുടെ മരണത്തില്‍ ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലെയും പാര്‍ശ്വവല്‍കൃത വിദ്യാര്‍ഥി വിഭാഗങ്ങള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ എംഎച്ച്ആര്‍ഡിയും കേന്ദ്രസര്‍ക്കാരും രോഹിത് ദലിത് അല്ലെന്ന് പറഞ്ഞ് അമ്മയ്ക്കു നീതി നിഷേധിക്കുകയായിരുന്നു. നജീബ് ദുരൂഹമായി അപ്രത്യക്ഷമായപ്പോള്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലും അനീതി കാട്ടി. ബ്രാഹ്മണിക്കല്‍ മൂല്യ വിചാരങ്ങള്‍ ശിക്ഷ വിധിക്കുന്നത് ഇങ്ങനെയാണ്. ജാതി കേന്ദ്രീകൃത ഹിന്ദുവ്യവസ്ഥയില്‍ നിന്നു രക്ഷപ്പെടുന്ന കീഴാള മാറ്റങ്ങളെ സ്വാഗതം ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ എല്ലാവരും ഹാദിയ വിഷയത്തില്‍ ഒന്നിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ‘ചലോ കേരളാ റ്റു ഫ്രീ ഹാദിയ’ കാംപയിനിന്റെ ഭാഗമായി സിറ്റിസണ്‍സ് ഫോര്‍ ഹാദിയ എന്ന കൂട്ടായ്മയാണു മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ഡോ. വര്‍ഷ ബഷീര്‍, അഡ്വ. ഗ്രീഷ്മ അരുണ റായ്, ഭൂപാലി മാഗ്രേ, അസ്മാ നസ്രിന്‍, ഷിഹാദ്, ജമീര്‍ ഷഹാബ്  നേതൃത്വം നല്‍കി. സെക്രട്ടേറിയറ്റിനു മുമ്പില്‍ മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് കെ കെ ബാബുരാജ് (ദലിത് ആക്റ്റിവിസ്റ്റ്), മൃദുല ഭവാനി (പത്രപ്രവര്‍ത്തക), കെ എച്ച് നാസര്‍ (പോപുലര്‍ ഫ്രണ്ട്), മുഹമ്മദ് രിഫാ (കാംപസ് ഫ്രണ്ട്), ഷഫീഖ് വഴിമുക്ക് (എംഎസ്എഫ്), ശ്രുതീഷ് കണ്ണാടി (എഎസ്എ), തസ്‌നീം മുഹമ്മദ് (ജിഐഒ), ഹഫ്‌സ (ഹരിത), രാഹുല്‍ (ഡിഎസ്എ), ജസീം പി പി (എസ്‌ഐഒ), വിളയോടി ശിവന്‍കുട്ടി (എ ന്‍സിഎച്ച്ആര്‍ഒ), സജി കൊല്ലം (ഡിഎച്ച്ആര്‍എം), സജീദ് ഖാലിദ് (വെല്‍ഫെയര്‍ പാര്‍ട്ടി), എ എം നദ്‌വി (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), റെനി ഐലിന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss