|    Jul 23 Mon, 2018 11:31 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയ നിലവിളിക്കുന്നത് നേരില്‍ കണ്ടു : അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രിയെ കാണും – ഫേസ്ബുക്ക് വനിതാ കൂട്ടായ്മ

Published : 24th September 2017 | Posted By: fsq

 

കൊച്ചി: ഡോ. ഹാദിയ കേസി ല്‍ അടിയന്തര ഇടപെടല്‍ തേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് ഫേസ്ബുക്ക് വനിതാ കൂട്ടായ്മയായ മലയാളി ഫെമിനിസ്റ്റ് റീഡിങ്. വൈക്കത്തെ വീട്ടില്‍ ഹാദിയ തടവിലാണെന്നും അകാരണമായി മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുന്നതായും കഴിഞ്ഞ മാസം 30ന് ഹാദിയയെ വീട്ടിലെത്തി കണ്ടതിനു ശേഷം ബോധ്യപ്പെട്ടെന്ന് വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഹാദിയയെ കാണുന്നതിന് അനുവാദം തേടിയെങ്കിലും ലഭിച്ചില്ല. അതുകൊണ്ടാണ് വീടിന് വെളിയില്‍ കാത്തുനിന്നത്. ഈ സമയം ജനല്‍ തുറന്ന ഹാദിയ ഉറക്കെ നിലവിളിച്ചത് നേരിട്ടു കണ്ടതായി മൃദുല ഭവാനി പറഞ്ഞു. രക്ഷിക്കണമെന്നും വീട്ടുകാര്‍ ഉപദ്രവിക്കുന്നുവെന്നും ഹാദിയ വിളിച്ചുപറഞ്ഞതായും മൃദുല പറഞ്ഞു. പിന്നീട് ആരോ ബലമായി പിന്നില്‍ നിന്നു ഹാദിയയെ പിടിച്ചുമാറ്റുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം കാവല്‍ നില്‍ക്കുന്ന പോലിസുകാരും മര്‍ദനമേല്‍ക്കുന്ന കാര്യം സ്ഥിരീകരിച്ചു. ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഹാദിയയുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുന്നതായി അയല്‍ക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഹാദിയയെ നേരിട്ടു കാണുവാന്‍ ശ്രമിച്ച വനിതാ കൂട്ടായ്മയ്‌ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. കര്‍ശന നിയന്ത്രണമുള്ള സ്ഥലത്ത് സംശയാസ്പദമായ സാഹചര്യങ്ങളില്‍ കണ്ടതിനാണ് കേസെടുത്തിരിക്കുന്നത്. ഹാദിയ കേസില്‍ കോടതിയുടെയും പോലിസിന്റെയും ഭാഗത്തുനിന്നുണ്ടായ നടപടികള്‍ തീര്‍ത്തും അന്യായമാണെന്നും മൃദുല പറഞ്ഞു. ഹാദിയ നേരിടുന്ന പീഡനങ്ങളെ സംബന്ധിച്ച് യൂത്ത് കമ്മീഷന്‍, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടികളുണ്ടായിട്ടില്ല. പരാതി പരിശോധിച്ച് മുഖ്യമന്ത്രി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയെ നേരിട്ടു കാണുവാനുള്ള നടപടികള്‍ ആരംഭിച്ചു. ആരോഗ്യ സ്ഥിതി ദിനംപ്രതി മോശമാവുന്ന ഹാദിയക്ക് അടിയന്തരമായി മെഡിക്കല്‍ സഹായങ്ങള്‍ എത്തിച്ചുനല്‍കണം. സര്‍ക്കാര്‍ പ്രതിനിധികള്‍ ഉടന്‍തന്നെ ഹാദിയയുടെ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഇതുകൊണ്ടൊന്നും പരിഹാരമായില്ലെങ്കില്‍ കൂടുതല്‍ സ്ത്രീ സമൂഹത്തെ അണിനിരത്തി തെരുവിലിറങ്ങുമെന്നും ഇവര്‍ ഓര്‍മിപ്പിച്ചു. ഹാദിയക്ക് നീതിതേടി ഫേസ്ബുക്കില്‍ ആരംഭിച്ച വനിതാ കൂട്ടായ്മയിലെ പ്രതിനിധികളായ സജ്‌ന പി, മൃദുല ഭവാനി, കുഞ്ഞില, ജാസ്മിന്‍ പി കെ, നിമി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss