|    Apr 21 Sat, 2018 9:28 am
FLASH NEWS
Home   >  Kerala   >  

ഡോ. ഹാദിയ: നിയമലംഘകര്‍ക്ക് താക്കീതായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാര്‍ച്ച്

Published : 16th July 2017 | Posted By: G.A.G

കോട്ടയം: കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്ന കോട്ടയം വൈക്കം ടിവി പുരം സ്വദേശി ഡോ. ഹാദിയയുടെ വിലാസത്തിലുള്ള രജിസ്‌ട്രേഡ് കത്തുകള്‍ തിരിച്ചയച്ച തപാല്‍ വകുപ്പിന്റെ നടപടിക്കെതിരേ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് കോട്ടയം ജില്ലാ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തപാല്‍ നിയമം ലംഘിച്ച ജീവനക്കാരെ പുറത്താക്കുക, തപാല്‍ ജീവനക്കാരുടെ ആര്‍എസ്എസ് ബന്ധം അന്വേഷിക്കുക, ഡോ. ഹാദിയയെ മോചിപ്പിക്കുക, ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി നടത്തിയ പ്രകടനം കൃത്യവിലോപം നടത്തുന്ന തപാല്‍ ഉദ്യോഗസ്ഥര്‍ക്കു കനത്ത താക്കീതായി.
തിരുനക്കര ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി ഹെഡ്‌പോസ്റ്റ് ഓഫിസിന് മുമ്പില്‍ സമാപിച്ചു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു. കോടതിയുടെ പേരുപറഞ്ഞ് സുരക്ഷയുടെ മറവില്‍ വീട്ടുതടങ്കലിലായ ഡോ. ഹാദിയ കടുത്ത മാനസികപീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് റൈഹാനത്ത് ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹാദിയയ്ക്ക് അയക്കുന്ന കത്തുകള്‍പോലും എത്തിച്ചുകൊടുക്കാന്‍ തയ്യാറാവാതെ തപാല്‍ വകുപ്പ് തിരിച്ചയക്കുകയാണ്. കത്തില്‍ വിലാസമുള്ള വ്യക്തി സ്ഥലത്തുണ്ടെങ്കില്‍ രജിസ്റ്റേര്‍ഡ് കത്തുകള്‍ അവര്‍ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യണമെന്നാണ്. അസാന്നിധ്യത്തില്‍ സ്വീകര്‍ത്താവ് രേഖാമൂലം ചുമതലപ്പെടുത്തിയ വ്യക്തിക്ക് മാത്രമേ ഇതിന് അധികാരമുള്ളൂ എന്നാണു ചട്ടം. ഈ നിയമം തപാല്‍വകുപ്പ് അധികൃതര്‍ ബോധപൂര്‍വം ലംഘിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥര്‍ ആരെയോ ഭയപ്പെടുകയാണ്. നിയമലംഘനം നടത്തിയ തപാല്‍ ജീവനക്കാരെ പുറത്താക്കണം. തനിക്കുള്ള കത്ത് പോലും വായിക്കാന്‍ സ്വാതന്ത്ര്യമില്ലാതെ കടുത്ത അടിമത്വത്തിലേക്കാണു വിദ്യാസമ്പന്നയായ യുവതിയെ തള്ളിവിട്ടിരിക്കുന്നത്. അടിമത്വത്തില്‍ നിന്നു മോചനം നല്‍കുമെന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍, ഹാദിയ നേരിടുന്ന മനുഷ്യാവകാശലംഘനം കാണുന്നില്ല. ഇരട്ടച്ചങ്കനെന്നു വിശേഷിപ്പിക്കുന്ന പിണറായി പോലും സംഘപരിവാരത്തെ ഭയപ്പെട്ട് മിണ്ടാതിരിക്കുകയാണ്. ഈ മൗനം അപകടകരമാണ്. ഇതിനെതിരേ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണം. ഡോ. ഹാദിയയ്ക്ക് നീതി ലഭിക്കുംവരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പോരാട്ടരംഗത്തുണ്ടാവുമെന്നും റൈഹാനത്ത് ടീച്ചര്‍ വ്യക്തമാക്കി.
നിയമലംഘനം നടത്തിയ തപാല്‍ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ കെ റൈഹാനത്തിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടയം ഡിവിഷനിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫിസസിന് നിവേദനവും നല്‍കി. സംസ്ഥാന സെക്രട്ടറി ചന്ദ്രിക താമരക്കുളം, കോട്ടയം ജില്ലാ പ്രസിഡന്റ് റസിയ ഷഹീര്‍, ജില്ലാ സെക്രട്ടറി സബീന അനസ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് റൈഹാനത്ത് സുധീര്‍, പ്രത്യാശ സംസ്ഥാന സെക്രട്ടറി ഷൈല നുജൂം, ഡോ. ഹാദിയ ആക്ഷന്‍ കൗണ്‍സില്‍ ജോ. കണ്‍വീനര്‍ ബാബിയ ടീച്ചര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss