|    Nov 14 Wed, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയ: തലതിരിഞ്ഞ നീതിയെന്ന് എന്‍സിഎച്ച് ആര്‍ഒ ; മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കി

Published : 24th June 2017 | Posted By: fsq

എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എഎം ഷാനവാസ് എന്നിവര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസിന് നിവേദനം സമര്‍പ്പിച്ചപ്പോള്‍.

കൊച്ചി: ഡോ. ഹാദിയയുടെ അ ന്യായതടങ്കലില്‍  ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മീഷന് നിവേദനം ന ല്‍കി. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി എ എം ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹനദാസിനെ കണ്ട് നിവേദനം നല്‍കിയത്.സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുമ്പോഴും ഇഷ്ടമതം സ്വീകരിക്കാനും ഇഷ്ട പുരുഷനെ വിവാഹം ചെയ്യാനും അവകാശമില്ലെന്നു വ്യക്തമാക്കി ഡോ. ഹാദിയക്ക് മാത്രം തലതിരിഞ്ഞ നീതിയാണു ലഭിച്ചതെന്ന് എന്‍സിഎച്ച്ആര്‍ഒ നേതാക്കള്‍ പറഞ്ഞു. ഡോ. ഹാദിയയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചത് ഏതു നിയമത്തിന്റെ പേരിലായാലും നീതിക്കും നിയമത്തിനും നിരക്കാത്തതാണ്. പത്രം വായിക്കാനും ടിവി കാണാനും വിനോദത്തിലേര്‍പ്പെടാനും സ്വസ്ഥമായി വിശ്രമിക്കാന്‍പോലും കഴിയുന്നില്ല. ഇത് ജുഡീഷ്യല്‍ ഫാഷിസവും ജുഡീഷ്യല്‍ സാഡിസവുമാണ്. ഊണിലും ഉറക്കത്തിലും ഭയാനകമായ അന്തരീക്ഷത്തി ല്‍ പുരുഷ-വനിതാ പോലിസിന്റെ സാന്നിധ്യത്തില്‍ സ്വന്തം വീട്ടില്‍ കഴിയേണ്ടിവരുന്ന ഡോ. ഹാദിയയുടെ ദുരവസ്ഥ പുറംലോകം അറിയണം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടിയന്തരമായി ഡോ. ഹാദിയയെ സന്ദര്‍ശിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഒറ്റമുറിയിലെ ഏകാന്തവാസത്തിലൂടെ അവരുടെ സര്‍ഗാത്മകത ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം എന്‍സിഎച്ച്ആര്‍ഒ സംഘം വൈക്കത്തെ ഹാദിയയുടെ വീട്ടില്‍ ചെന്നത്. എന്നാല്‍, കാവല്‍ പോലിസ് തടഞ്ഞു. കേരളത്തില്‍ പോലിസ്‌രാജാണെന്നതിന്റെ ദൃഷ്ടാന്തമാണിത്. ആരോഗ്യവതിയും വിദ്യാസമ്പന്നയുമായ ഒരു യുവതിയെ ഭ്രാന്തിയെപ്പോലെ കോടതി കണ്ടത് നിയമത്തിലെ ബോധരാഹിത്യമാണ്. പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടപ്പെട്ടയാളെ ജീവിതപങ്കാളിയാക്കാനും ഇഷ്ടമുള്ള ജാതിയിലോ മതത്തിലോ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഭരണഘടനാപരമായി അവകാശമുള്ളപ്പോഴാണ് കൊല്ലം സ്വദേശി ഷെഫിന്റെയും വൈക്കം ടിവി പുരം സ്വദേശിനി ഡോ. ഹാദിയയുടെയും വിവാഹം അസാധുവായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാദിയയുടെ വീടിനു ചുറ്റും വെടിമരുന്നുശാലയ്ക്ക് കാവല്‍ നില്‍ക്കുന്ന രീതിയിലാണ് പോലിസ് തോക്കുമായി നിലയുറപ്പിച്ചിരിക്കുന്നത്. വീടിനു ചുറ്റും സെര്‍ച്ച്‌ലൈറ്റ്, സിസിടിവി കാമറ നിരീക്ഷണം, നാട്ടുകാര്‍ക്കുപോലും വഴി നടക്കാന്‍ പോലിസിന്റെ ചോദ്യങ്ങള്‍ നേരിടണം, സായുധ പോലിസിന്റെ റോന്തുചുറ്റല്‍ തുടങ്ങിയവയെല്ലാം അനാവശ്യ ഭീതി സൃഷ്ടിക്കുന്നു. ഡോ. ഹാദിയക്ക് ഇഷ്ടമുള്ളവരെ കാണാനും സംസാരിക്കാനും സ്വാതന്ത്ര്യം ലഭിക്കണം. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും ഇല്ലാതാക്കിയത് ഡോ. ഹാദിയയുടെ ജീവനു തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുന്നു. കോടതിയും നിയമങ്ങളും മനുഷ്യരുടെ ബോധത്തെ സഹായിക്കുകയാണു വേണ്ടത്. എന്നാല്‍, ഇവിടെ വേലിതന്നെ വിളവുതിന്നുകയാണെന്നും ഇത് പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങളും സ്ത്രീസംഘടനകളും അവലംബിക്കുന്നത് കുറ്റകരമായ മൗനമാണ്. ഡോ. ഹാദിയക്ക് നീതി ലഭിക്കാന്‍ ചിന്തകരും ബുദ്ധിജീവികളും ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss