|    Oct 22 Mon, 2018 3:11 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡോ. ഹാദിയ കേസ് : നിലപാടില്‍ വ്യക്തത വരുത്താതെ വനിതാ കമ്മീഷന്‍

Published : 19th September 2017 | Posted By: fsq

തിരുവനന്തപുരം: ഹാദിയ കേസിലുള്ള നിലപാടില്‍ വ്യക്തത വരുത്താതെ സംസ്ഥാന വനിതാ കമ്മീഷന്‍. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്നു സൂചിപ്പിച്ച് വനിതാ കമ്മീഷന്റെ നിലപാട് എന്തെന്ന് അറിയിക്കാതെ അധ്യക്ഷ എം സി ജോസഫൈന്‍ വാര്‍ത്താക്കുറിപ്പിറക്കി. ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് വനിതാ കമ്മീഷന്‍ വസ്തുതാന്വേഷണം നടത്തുന്നുണ്ടെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടാല്‍ റിപോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് അധ്യക്ഷ വ്യക്തമാക്കുന്നത്. ഹാദിയ നേരിടുന്ന മാനസിക സംഘര്‍ഷം ചൂണ്ടിക്കാട്ടി മഹിളാ സംഘടനകളുടേത് ഉള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സമ്മതിക്കുമ്പോഴും വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നു പറഞ്ഞ് ഒഴിവാകുകയാണ് വനിതാ കമ്മീഷന്‍. വനിതകള്‍ക്കെതിരായ ഏതു തരം അവകാശനിഷേധങ്ങളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്താനും സ്ത്രീകളുടെ അന്തസ്സും പദവിയും സംരക്ഷിക്കാനും വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നു പറയാറുള്ള ജോസഫൈനാണ് ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാതെ കൈയൊഴിയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പി സി ജോര്‍ജ് എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ക്കെതിരേ അവര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. ഹാദിയ സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷനു പരാതികള്‍ ലഭിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കമ്മീഷന്റെ ശ്രദ്ധയിലുണ്ട്. കഴിഞ്ഞ ദിവസം ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു പേര്‍ ഒപ്പിട്ട ജനകീയ ഹരജിയും ലഭിച്ചതായി അവര്‍ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കാന്‍ വനിതാ കമ്മീഷനു പരിമിതികളുണ്ടെന്ന ന്യായം പറഞ്ഞാണ് കമ്മീഷന്‍ ഇപ്പോള്‍ ഒഴിഞ്ഞുമാറുന്നത്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നീതിനിഷേധം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാവുമെന്നു പറഞ്ഞു വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ് വനിതാ കമ്മീഷന്‍. വനിതാ കമ്മീഷനു സ്വതന്ത്ര ചുമതലകള്‍ ഉണ്ടെന്നിരിക്കെയാണ് കമ്മീഷന്‍ അധ്യക്ഷയുടെ അവ്യക്തമായ നിലപാടെന്നതും ശ്രദ്ധേയമാണ്. അവര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളോട് ചേര്‍ന്നുനില്‍ക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss