|    Aug 17 Fri, 2018 12:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡോ. ഹാദിയ : അനുമതി തേടി വനിതാ കമ്മീഷന്‍ സുപ്രിംകോടതിയിലേക്ക്

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹാദിയയെ സന്ദര്‍ശിക്കാനുള്ള അനുമതിക്കായി വനിതാ കമ്മീഷന്‍ സുപ്രിംകോടതിയെ സമീപിക്കുന്നു. ഹാദിയയെയും കുടുംബത്തെയും സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു.  ഹാദിയയെ കമ്മീഷന്‍ നേരിട്ടു കാണണമെന്ന് വനിതാ സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കമ്മീഷന്‍ നേരിട്ട് ഹാദിയയെ സന്ദര്‍ശിച്ച് സ്ഥിതി കോടതിയെ ബോധ്യപ്പെടുത്തണമെന്ന് എഴുത്തുകാരായ കെ സച്ചിദാനന്ദന്‍, ജെ ദേവിക എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ഡബ്ല്യുഎഫ് ഉള്‍പ്പെടെയുള്ള ചില വനിതാ സംഘടനകളും കമ്മീഷനെ സമീപിച്ചിരുന്നു. ഹാദിയ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി വരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അവരെ സന്ദര്‍ശിക്കുന്നതിന് നിയമപരമായ വഴികള്‍ തേടാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. നിയമസാധ്യതകള്‍ ആരായാനായി കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അഡ്വക്കറ്റ് ജനറലുമായും കമ്മീഷന്‍ സ്റ്റാന്‍ഡിങ് കോണ്‍സലുമായും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ ധാരണയായത്. സാമൂഹിക സാഹചര്യം കലുഷിതമാവാതിരിക്കാനാണ് കമ്മീഷന്റെ നീക്കമെന്നു ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, വനിതാ കമ്മീഷനെ പരിഹസിച്ച് ജെ ദേവിക ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഘിപ്രീണന വനിതാ കമ്മീഷന്‍ എന്ന ആരോപണവുമായാണ് ദേവികയുടെ പ്രതികരണം. ഹാദിയയുടെ വീട്ടില്‍ സംഘികള്‍ കയറിയിറങ്ങുന്നതില്‍ കുഴപ്പമില്ല, സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പോവണമെങ്കില്‍ കോടതിയുടെ അനുവാദം വേണമെന്ന നിലപാടിനെ ചോദ്യംചെയ്താണ് ദേവിക രംഗത്തെത്തിയത്. ഇതില്‍പ്പരമൊരു നാണക്കേട് വേറെയില്ലെന്നു തുറന്നടിക്കുന്ന പോസ്റ്റില്‍, നാട്ടിലെ ആത്മാഭിമാനമുള്ള സ്ത്രീപ്രവര്‍ത്തകരും ബുദ്ധിജീവികളും ഈ സംഘിപ്രീണന കമ്മീഷനോട് സഹകരിക്കരുതെന്ന ആഹ്വാനവുമുണ്ട്.  ആത്മഹത്യാപരമായ വഴി തിരഞ്ഞെടുത്ത വനിതാ കമ്മീഷന്‍ നിലപാട് തിരുത്തുന്നതു വരെ അംഗീകരിക്കരുതെന്നും ദേവിക പറയുന്നു. വനിതാ കമ്മീഷന് പ്രതിഷേധ സന്ദേശമയക്കാനും ദേവിക ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss