|    Oct 22 Mon, 2018 3:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഡോ. ഹാദിയയെ രക്ഷിതാക്കള്‍ ശാരീരികമായി പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തല്‍

Published : 20th September 2017 | Posted By: fsq

 

കോട്ടയം:  ഡോ. ഹാദിയയെ മാതാപിതാക്കള്‍ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഹാദിയ തടവില്‍ക്കഴിയുന്ന വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പോലിസുകാരില്‍ മനുഷ്യത്വം അവശേഷിക്കുന്ന ഒരാളാണ് ഇക്കാര്യം അറിയിച്ചതെന്ന് കേസിലെ സഹ അഭിഭാഷകനായ അഡ്വ. കെ സി നസീറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ‘ഹാദിയയുടെ ജീവന്‍ അപകടത്തിലാണ്.  വീടിനകത്തിട്ട് ഹാദിയയെ അച്ഛനും അമ്മയും ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ കുട്ടിയെ അവര്‍ കൊല്ലും. അല്ലെങ്കില്‍ ഭ്രാന്തിയാക്കും. പരസ്യമായി പറയാന്‍ അവര്‍ ഭയപ്പെടുകയാണ്. കേരള പോലിസിലെ ആര്‍എസ്എസ് സ്വാധീനം അത്രമേല്‍ പ്രകടമാണ്. നിരവധി തവണ കൗണ്‍സിലിങ് നടത്തിയിട്ടും മാനസികമായി പീഡിപ്പിച്ചിട്ടും ഇസ്്‌ലാംമത വിശ്വാസം ഉപേക്ഷിക്കാന്‍ ഹാദിയ തയ്യാറായിട്ടില്ല. ആര്‍എസ്എസ് രീതിയനുസരിച്ച് അടുത്തത് ശാരീരികപീഡനങ്ങളും കൊല്ലുമെന്ന ഭീഷണിയുമാണ്. അതാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയ്‌ക്കോ മനുഷ്യനെന്ന നിലയ്‌ക്കോ പൗരനെന്ന നിലയ്‌ക്കോ ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രിയും വനിതാ സാമാജികരും പ്രതിപക്ഷനേതാവും വനിതാ കമ്മീഷനും ഡിജിപിയും ഇടപെട്ടേ പറ്റൂ’ എന്ന അഭ്യര്‍ഥനയോടെയാണ് നസീറിന്റെ പോസ്റ്റ്. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് നസീറിന്റെ വെളിപ്പെടുത്തല്‍. രക്ഷിതാക്കള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് ആഗസ്ത് 30ന് സമ്മാനങ്ങളുമായി പോയ ആറു പെണ്‍കുട്ടികളോടും ഹാദിയ വിളിച്ചുപറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ഡോ. ഹാദിയയ്ക്ക് വീട്ടില്‍ ശാരീരികമായ ഉപദ്രവം നേരിടുന്നതായി അയല്‍വാസികളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമമായ അഴിമുഖവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല വൈക്കത്തെത്തി അച്ഛനെയും അമ്മയെയും സന്ദര്‍ശിച്ചശേഷമാണ് ഡോ. ഹാദിയയുടെ വീട്ടിലെ സാഹചര്യം കൂടുതല്‍ മോശമായത്. ഹാദിയയെ എപ്പോഴും  ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും വീട്ടില്‍നിന്ന് വലിയ അലര്‍ച്ചയും ബഹളവും കേള്‍ക്കാറുണ്ടെ ന്നും ഹാദിയയുടെ വീടുമായി അടുത്ത ബന്ധമുള്ള ഒരാള്‍ പറഞ്ഞതായി ഓണ്‍ലൈന്‍ പത്രമായ അഴിമുഖം ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss