|    Oct 22 Mon, 2018 11:47 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡോ. ഹാദിയയുടെ വീഡിയോ ദൃശ്യം ; കേരള പോലിസ് വെട്ടിലാവുന്നു

Published : 28th October 2017 | Posted By: fsq

 

നിഷാദ് എം ബഷീര്‍

കോട്ടയം: തടങ്കലില്‍ കഴിയുന്ന വീട്ടില്‍ താന്‍ കഠിന മര്‍ദനത്തിന് ഇരയാവുന്നുവെന്നും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നുമുള്ള ഡോ. ഹാദിയയുടെ വീഡിയോദൃശ്യം രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടതോടെ വെട്ടിലായത് കേരള പോലിസ്. തെറ്റായ റിപോര്‍ട്ട് നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും പോലിസ് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാവുന്നത്. ഡോ. ഹാദിയ ക്ക് പോലിസിന്റെയും അച്ഛന്‍ അശോകന്റെയും ഭാഗത്തുനിന്ന് യാതൊരുവിധ മനുഷ്യാവകാശലംഘനങ്ങളും നേരിടുന്നില്ലെന്നായിരുന്നു കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ കോട്ടയം എസ്പി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തന്നെ അച്ഛന്‍ തൊഴിക്കുകയും ചവിട്ടുകയും ചെയ്യാറുണ്ടെന്ന് വീഡിയോയിലൂടെ ഡോ. ഹാദിയ പുറംലോകത്തെ അറിയിച്ച സാഹചര്യത്തി ല്‍ പോലിസ് റിപോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ്. ഡോ. ഹാദിയ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നതായി വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഹാദിയ മര്‍ദനത്തിനിരയാവുന്നുണ്ടെന്നു സുരക്ഷയ്ക്കായി നിയോഗിച്ച പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് ലഭിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വീട്ടുതടങ്കലില്‍ ഹാദിയ മനുഷ്യാവകാശലംഘനങ്ങള്‍ നേരിടുന്നുണ്ടോയെന്ന് നേരിട്ട് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു എസ്പി—ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍, നിയമോപദേശത്തിന്റെ പഴുതുപയോഗിച്ച് ഡോ. ഹാദിയയില്‍ നിന്ന് മൊഴിയെടുക്കാതെ, അച്ഛന്‍ അശോകന്റെ മൊഴി മാത്രം ഉള്‍പ്പെടുത്തിയാണ് പോലിസ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഹാദിയയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു. ഡോ. ഹാദിയയുടെ വാക്കുകള്‍ പുറംലോകത്തെത്തുന്നതിനെ പോലിസും സംഘപരിവാരവും വീട്ടുകാരും ഭയപ്പെടുന്നുവെന്നാണ് ഇതില്‍നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അതുകൊണ്ടുതന്നെയാണ് ഹാദിയയെ കാണുന്നതിന് മാധ്യമങ്ങളടക്കമുള്ളവര്‍ക്ക് പോലിസ് വിലക്കേര്‍പ്പെടുത്തിയതും. വിവാഹം ഹൈക്കോടതി അസാധുവാക്കിയതിനെത്തുടര്‍ന്ന് മെയ് 26 മുതലാണ് 27 സായുധ പോലിസുകാരുടെ അകമ്പടിയില്‍ വൈക്കം ടിവിപുരത്തെ വീട്ടില്‍ ഹാദിയയുടെ തടവ് ആരംഭിക്കുന്നത്. സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി വിധിയുടെ മറവില്‍ ഹാദിയക്ക് സംസ്ഥാന പോലിസ് ഒരുക്കിയതാവട്ടെ തടവറയാണ്. ഹാദിയ സ്വതന്ത്രയാണെന്നും പിതാവിന് തടഞ്ഞുവയ്ക്കാനാവില്ലെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ട പശ്ചാത്തലത്തില്‍ പോലിസിന്റെ നടപടികള്‍ ഏറെ വിവാദമായി. സുരക്ഷയിലുള്ള വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ പോലിസിനോ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കോ സാധിക്കില്ല. വ്യക്തി ആവശ്യപ്പെടുന്ന പ്രകാരം സ്വതന്ത്രമായും സുരക്ഷിതമായും സഞ്ചരിക്കാനുള്ള വഴിയൊരുക്കലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചുമതല. എന്നാല്‍, ഹാദിയയ്ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സ്വാതന്ത്ര്യംപോലും നല്‍കാതെ വീട്ടിനുള്ളില്‍ പോലിസ് വലയം തീര്‍ത്തിരിക്കുന്നു. പുറത്ത് മുഴുവന്‍സമയ പാറാവും റോന്തുചുറ്റലുമായി പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും പോലിസ് തടഞ്ഞിരിക്കുകയാണ്. ഡോ. ഹാദിയയെ കാണാനെത്തുന്നവര്‍ക്ക് അനുമതി നിഷേധിക്കുന്നതിനു പുറമേ, സ്വന്തം പേരിലുള്ള രജിസ്‌ട്രേഡ് തപാലുകള്‍ നല്‍കുന്നതിനു വിലക്കേര്‍പ്പെടുത്തുകയാണ് പോലിസും വീട്ടുകാരും.അതേസമയം, സംഘപരിവാര നേതാക്കള്‍ക്ക് യഥേഷ്ടം ഹാദിയയുടെ വീട്ടില്‍ കയറിച്ചെല്ലാന്‍ പോലിസ് അനുമതിനല്‍കിയെന്ന ഇരട്ടനീതിയും ഇവിടെ വെളിവാകുന്നുണ്ട്. കോടതിയുടെ പേരുപറഞ്ഞുള്ള പോലിസിന്റെ വാദഗതികള്‍ പൊളിയുന്ന തെളിവുകള്‍ ഓരോ ദിവസവും പുറത്തുവരുന്നത് ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss