|    Oct 19 Fri, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയയുടെ വീട്ടുതടങ്കല്‍ : വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി

Published : 9th September 2017 | Posted By: fsq

 

തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് മനുഷ്യാവകാശ കമ്മീഷന്‍ നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഓഫിസിനു മുന്നില്‍ നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി. ധര്‍ണ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാദിയയുടെ വിശ്വാസവും ആരാധനയും സ്വാതന്ത്ര്യവും സംരക്ഷിക്കാമെന്ന് പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുന്നു. സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍, ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ എന്നിവരോട് തന്നെ രക്ഷിക്കണമെന്നു പറഞ്ഞു കരഞ്ഞ ഹാദിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടും മനുഷ്യാവകാശ കമ്മീഷന്‍ നിസ്സംഗത തുടരുന്നത് ദുരൂഹമാണ്. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നു പറഞ്ഞിട്ടുപോലും ഇടപെടാന്‍ കമ്മീഷന് സാധിക്കാത്തത് എന്തെന്ന് ചെയര്‍മാന്‍ വ്യക്തമാക്കണം. കമ്മീഷന്‍ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാവണം. മനുഷ്യാവകാശലംഘനമുണ്ടാവുമ്പോള്‍ നോക്കുകുത്തിയാവരുത്. കോടതിവിധി ഉണ്ടായാല്‍ പോലും ഇടപെടുന്നതിന് കമ്മീഷന് നിയമതടസ്സമില്ല. നീതിനിഷേധത്തിന് ഇരയാവുന്നവര്‍ക്ക് സമീപിക്കാന്‍ ഒരു കേന്ദ്രവുമില്ലാതാവുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും. ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ പൊതുജനങ്ങളുടെ നികുതി ഇനത്തില്‍ നിന്ന് ശമ്പളം വാങ്ങുന്നതിനേക്കാള്‍ രാജിവച്ചു പുറത്തുപോവുന്നതാണ് നല്ലതെന്നും മജീദ് ഫൈസി വ്യക്തമാക്കി.  കമ്മീഷന്‍ നിസ്സംഗത തുടര്‍ന്നാല്‍ വനിതകളുടെ ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് മുന്നറിയിപ്പു നല്‍കി. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ സുഹ്‌റാബി, സംസ്ഥാന സെക്രട്ടറിമാരായ ചന്ദ്രിക, ജമീല വയനാട്, എന്‍ഡബ്ല്യൂഎഫ് സംസ്ഥാനസമിതി അംഗം റജീന നയാസ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനസമിതിയംഗം സാഇഹ, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമയ്യ റഹീം സംസാരിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിനു സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ചിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന നേതാക്കള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തി. പ്രശ്‌നത്തില്‍ ഉടന്‍ ഇടപെടുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതായി വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss