|    Oct 24 Wed, 2018 8:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയയുടെ വീട്ടുതടങ്കല്‍: എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ ദേശീയ മാധ്യമങ്ങളും

Published : 11th September 2017 | Posted By: fsq

 

പി സി അബ്ദുല്ല

കോഴിക്കോട്: ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കി വീട്ടുതടങ്കലിലാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീലില്‍ സുപ്രിംകോടതി നിര്‍ദേശിച്ച അന്വേഷണം അട്ടിമറിക്കാന്‍ ദേശീയതലത്തിലും ഹിന്ദുത്വനീക്കം. ആര്‍എസ്എസിന് സ്വാധീനമുള്ള ചില മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം അഴിച്ചുവിട്ട് കേസിന്റെ ഗതി മാറ്റാനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്.വസ്തുതകളുടെ പിന്‍ബലമില്ലാതെ സംഘപരിവാരം കാലങ്ങളായി ഉന്നയിക്കുന്ന ‘ലൗ ജിഹാദ്’ ആരോപണവുമായി കൂട്ടിക്കെട്ടി ഡോ. ഹാദിയ കേസിനെ പ്രതിരോധത്തില്‍ നിര്‍ത്താനാണു നീക്കം. കേസില്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ആര്‍എസ്എസ് തിരക്കഥയ്ക്കനുസരിച്ച് ദേശീയ അന്വേഷണ ഏജന്‍സിയെ നയിക്കാനും ചില കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നു. ഡോ. ഹാദിയ കേസില്‍ ഇതിനകമുള്ള അന്വേഷണത്തില്‍ കേരള പോലിസ് തള്ളിയ മതതീവ്രവാദ ബന്ധം, അന്താരാഷ്ട്ര ഭീകരബന്ധം പോലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഐഎയുടെ നിഷ്പക്ഷ അന്വേഷണത്തിനു തടയിടാന്‍ ശ്രമം നടക്കുന്നത്. പ്രാഥമികാന്വേഷണംപോലും പൂര്‍ത്തിയാവും മുമ്പ് എന്‍ഐഎ അന്വേഷണ റിപോര്‍ട്ടെന്ന പേരില്‍ അപസര്‍പ്പക കഥകള്‍ ചില ദേശീയമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഇതിനു തെളിവാണ്. ടൈംസ് നൗ, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയവയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും പച്ച നുണകള്‍ നിരത്തിയാണ് ഡോ. ഹാദിയ കേസ് അട്ടിമറിക്കാന്‍ രംഗത്തെത്തിയത്. ‘ലൗ ജിഹാദി’ന്റെ ഭാഗമാണ് ഡോ. ഹാദിയയുടെ മതംമാറ്റവും വിവാഹവുമെന്ന് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ചില മാധ്യമങ്ങളുടെ പ്രചാരണം. ഇതുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചയില്‍ ലൗ ജിഹാദിനെ സാധൂകരിക്കുംവിധം ജമാഅത്തെ ഇസ്‌ലാമി നേതാവിന്റെ പരാമര്‍ശം ചാനല്‍ വളച്ചൊടിച്ചതും വിവാദമായി. ജമാഅത്ത് നേതൃത്വം ചാനല്‍ വാര്‍ത്ത തിരുത്തി മാപ്പുപറയണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ടൈംസ് നൗ മാധ്യമ മര്യാദ കാണിച്ചില്ല.എന്‍ഡബ്ല്യുഎഫ് ദേശീയ അധ്യക്ഷ എ എസ് സൈനബയ്‌ക്കെതിരേയും മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിക്കെതിരേയും എന്‍ഐഎയുടെ പേരില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഡോ. ഹാദിയ കേസ് ‘ലൗ ജിഹാദാ’യി ചിത്രീകരിക്കാന്‍ ടൈംസ് നൗ അടക്കം ശ്രമിച്ചത്. ഡോ. ഹാദിയ സംഭവത്തില്‍ സത്യസരണിയോ എ എസ് സൈനബയോ നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കേരള പോലിസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതാണ്.  2013 മുതല്‍ ഇസ്‌ലാമിക ജീവിതം നയിച്ചുവന്ന ഹാദിയ, ഔദ്യോഗികമായി മതംമാറാന്‍ വേണ്ടി പല സ്ഥാപനങ്ങളെയും സമീപിച്ച കൂട്ടത്തിലാണ് സത്യസരണിയിലെത്തിയതെന്നാണ് കേരള പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് അഖിലേന്ത്യാ പ്രസിഡന്റായ സൈനബയ്‌ക്കെതിരേ ടൈംസ് നൗ ചാനലടക്കം ഉന്നയിച്ച ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണ്. സൈനബ ഹാദിയയെ മതംമാറ്റാന്‍ നേതൃത്വം നല്‍കിയെന്നും സമാനമായ ഒട്ടേറെ ‘ലൗ ജിഹാദ്’ വിവാഹങ്ങള്‍ നടത്തിയെന്നുമാണ് എന്‍ഐഎയുടെ പേരില്‍ ചില ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. എന്നാല്‍, കേരള പോലിസിന്റെ വിശദമായ അന്വേഷണ റിപോര്‍ട്ടില്‍ തള്ളിക്കളഞ്ഞതാണ് ഈ ആരോപണങ്ങള്‍ എന്നത് ടൈംസ് നൗ അടക്കം മറച്ചുവയ്ക്കുന്നു.സത്യസരണിയിലെ മുന്‍ ട്രസ്റ്റ് അംഗമായ സൈനബയ്ക്ക് മതപഠനത്തിന്റെ ഒരുഘട്ടത്തിലും ഡോ. ഹാദിയയുമായി ബന്ധമുണ്ടായിരുന്നില്ല. 2016ല്‍ ഹൈക്കോടതിയില്‍ സ്വമേധയായുള്ള മതംമാറ്റം അറിയിച്ചശേഷം ഹൈക്കോടതിയാണ് ഹാദിയയെ സൈനബയ്‌ക്കൊപ്പം വിട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡോ. ഹാദിയയുടെ സംരക്ഷണച്ചുമതല സൈനബ ഏറ്റെടുത്തത്. തിടുക്കപ്പെട്ട് മതംമാറ്റ വിവാഹം നടത്താനാണ് ഡോ. ഹാദിയയെ സൈനബ ഏറ്റെടുത്തതെന്ന ചില മാധ്യമങ്ങളുടെ ഇപ്പോഴത്തെ ആരോപണവും നേരത്തേ കേരള പോലിസ് അന്വേഷണത്തില്‍ അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞതാണ്. ഹൈക്കോടതി സൈനബയ്‌ക്കൊപ്പം വിട്ട് 11 മാസം കഴിഞ്ഞാണ് ഷെഫിന്‍ ജഹാനുമായുള്ള ഡോ. ഹാദിയയുടെ വിവാഹം നടന്നത്.ഡോ. ഹാദിയ കേസില്‍ കേരള പോലിസ് കണ്ടെത്തിയ വസ്തുതകള്‍ തന്നെയാണ് നിഷ്പക്ഷമായ എന്‍ഐഎ അന്വേഷണത്തിലും കണ്ടെത്തുകയെന്ന ചില കേന്ദ്രങ്ങളുടെ ആശങ്കയാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിലെന്നാണു സൂചന. ഡോ. ഹാദിയ കേസില്‍ സത്യസന്ധമായ അന്വേഷണവും അതു പ്രകാരമുള്ള സുപ്രിംകോടതിയുടെ തീര്‍പ്പും സാധ്യമായാല്‍ സംഘപരിവാരത്തിന് തിരിച്ചടിയാവുമെന്ന നിരീക്ഷണങ്ങളുമുണ്ട്.നേരത്തേ സംഘപരിവാരവും അനുകൂല മാധ്യമങ്ങളും സംഘടിതമായി ഉയര്‍ത്തിക്കൊണ്ടുവന്ന ‘ലൗ ജിഹാദ്’ ആരോപണം പോലിസും കോടതിയും തള്ളിയത് ഹിന്ദുത്വശക്തികള്‍ക്ക് പ്രഹരമായിരുന്നു. ഡോ. ഹാദിയ കേസില്‍ അങ്ങനെ സംഭവിക്കാതിരിക്കാനും ദേശീയ അന്വേഷണ ഏജന്‍സിയെ സമ്മര്‍ദത്തിലാക്കാനുമാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നു വിലയിരുത്തുന്നവര്‍ ഏറെയാണ്. ഹിന്ദുത്വ അജണ്ടയുള്ള മാധ്യമങ്ങളില്‍ ആദ്യം തിരക്കഥ രചിച്ച്് ആ വഴിയേ അന്വേഷണം നീട്ടി ഡോ. ഹാദിയക്ക് നീതി വൈകിപ്പിക്കാനുള്ള എന്‍ഐഎയുടെ തന്നെ നീക്കമായും പുതിയ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നവരുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss