|    Sep 23 Sun, 2018 10:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയയുടെ ജീവന്‍ സര്‍ക്കാര്‍ സംരക്ഷിക്കണം : നാസറുദ്ദീന്‍ എളമരം

Published : 30th May 2017 | Posted By: fsq

കൊച്ചി: ഡോ. ഹാദിയയുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത ഇനി സര്‍ക്കാരിനാണെന്നും ഹാദിയക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിന്റെ ചിത്രം മാറുമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാംമതം സ്വീകരിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത ഡോ. ഹാദിയയുടെ വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി നടപടി പുനഃപരിശോധിക്കണമെന്നും ഹാദിയയുടെ ജീവന്‍ സംരക്ഷിക്കണമെന്നും വിധിപ്രസ്താവം നടത്തിയ ജഡ്ജിമാരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാദിയയുടെ ജീവനു നേരെ ആര്‍എസ്എസ് ഭീഷണി ഉയര്‍ന്നാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ഹാദിയ ഞങ്ങളുടെ ചോരയാണ്. ഞങ്ങളുടെ സഹോദരിയാണ്. ഹാദിയക്കു വേണ്ടി ഞങ്ങള്‍ ജീവാര്‍പ്പണം നടത്തുമെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു. ഭരണകൂടത്തിനാണ് ഇനി ഹാദിയയുടെ ജീവന്‍ സംരക്ഷിക്കേണ്ട ബാധ്യത. ഇവിടെ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനുമുണ്ട്. അവര്‍ ഇടപെടണം. ഹാദിയയെ സ്വതന്ത്രയാക്കി വിടണമെന്നും നാസറുദീന്‍ എളമരം ആവശ്യപ്പെട്ടു. ഇതു വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അതിന്മേല്‍ കൈവയ്ക്കാന്‍ ആരെയും അനുവദിക്കില്ല. ഹൈക്കോടതിക്കെതിരായ സമരമല്ല തങ്ങള്‍ നടത്തുന്നത്, മറിച്ച്, നീതിന്യായവ്യവസ്ഥ വ്യതിചലിക്കപ്പെട്ടതിനെതിരേയുള്ള സമരമാണ്. നീതിന്യായ സംവിധാനം ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണ്. ഏതൊരു കാര്യത്തിനും കോടതി തീര്‍പ്പു കല്‍പിക്കുമ്പോള്‍ നീതിപൂര്‍വകമായ ഇടപെടലുകള്‍ ഉണ്ടാവണം. അത് ഹനിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധങ്ങള്‍ തെരുവിലേക്കിറങ്ങും. അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നോക്കേണ്ടത് നീതിന്യായ സംവിധാനത്തിന്റെ ബാധ്യതയാണെന്നും നാസറുദീന്‍ എളമരം പറഞ്ഞു. ഹാദിയയുടെ വിഷയത്തി ല്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായത് ദുര്‍വിധിയാണെന്ന് മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ന്‍ കെ അലി പറഞ്ഞു. ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഫലമാണോ ഇത്തരത്തിലൊരു വിധിയുണ്ടാവാന്‍ കാരണമായതെന്നു പരിശോധിക്കണം. ഹാദിയക്ക് നീതി ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും എന്‍ കെ അലി ആവശ്യപ്പെട്ടു. വിധി അത്യന്തം ഖേദകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മീരാന്‍ മൗലവി പറഞ്ഞു. പൗരാവകാശത്തെ പുച്ഛിച്ചു പുറപ്പെടുവിച്ച വിധിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേത്. ജനങ്ങളുടെ പ്രതീക്ഷയായ കോടതി പക്ഷപാതപരമായ രീതിയില്‍ നിലപാടെടുക്കുന്നത് അപകടകരമായ സാഹചര്യം ഉണ്ടാക്കുമെന്നും മീരാന്‍ മൗലവി പറഞ്ഞു. മുസ്‌ലിം ഏകോപന സമിതി ജില്ലാ കണ്‍വീനര്‍ വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി ആമുഖ പ്രഭാഷണം നടത്തി. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന  സമിതിയംഗം അബ്ദുല്‍ കരീം റഷാദി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായീല്‍, കേരള മുസ്‌ലിം ജമാത്ത് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പരീത്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹ്‌യ തങ്ങള്‍, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷമീര്‍, ഹിറാ സെന്റര്‍ ഖത്തീബ് മാഞ്ഞാലി സുലൈമാന്‍ മൗലവി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss