|    Nov 13 Tue, 2018 5:53 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡോ. ഹാദിയക്കു നീതിനിഷേധം : കോടതി വിധിക്കെതിരേ പൊതുബോധം ശക്തമാവുന്നു

Published : 5th June 2017 | Posted By: fsq

പി സി അബ്ദുല്ല

കോഴിക്കോട്: സ്വന്തം താല്‍പര്യപ്രകാരം ഇസ്‌ലാംമതം സ്വീകരിച്ച ശേഷം വിവാഹിതയായ ചെയ്ത ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കുകയും ഭര്‍ത്താവില്‍ നിന്ന് അകറ്റി മാതാപിതാക്കളുടെ തടവിലാക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരേ ചര്‍ച്ചകള്‍ വ്യാപകമാവുന്നു. സാമൂഹിക മാധ്യമങ്ങളിലും സ്വകാര്യ ആശയ വിനിമയങ്ങളിലുമൊക്കെ ഡോ. ഹാദിയക്കെതിരായ ഹൈക്കോടതി ഉത്തരവിലെ നീതിരാഹിത്യത്തിന്റെയും ദുരൂഹതകളുടെയും വിവിധ തലങ്ങള്‍ സജീവ ചര്‍ച്ചയാവുകയാണ്.മലയാളത്തിലെ മുഖ്യധാരാ ചാനലുകളിലെ ചര്‍ച്ചകളില്‍ ഡോ. ഹാദിയക്കെതിരായ വിധി നീതി ബോധത്തിനും ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും നിരക്കുന്നതല്ലെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. വിധിയെ പിന്തുണച്ച് മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന ആര്‍എസ്എസ്, ബിജെപി വക്താക്കള്‍ക്കുപോലും കോടതിയുത്തരവിലെ നീതിരാഹിത്യത്തിനു മുമ്പില്‍ ഉത്തരം മുട്ടുന്നു. ഭരണഘടനാധിഷ്ഠിതമായും ജനാധിപത്യ ബോധത്തിലൂന്നിയും ഡോ. ഹാദിയ കേസില്‍ മറുപടി പറയാനാവാത്ത സംഘപരിവാര വക്താക്കള്‍ മതംമാറ്റവും തീവ്രവാദവുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണങ്ങളുയര്‍ത്തി  കേസിന്റെ വസ്തുതകളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണു സ്വീകരിക്കുന്നത്.അതേസമയം, ഡോ. ഹാദിയ കേസില്‍ പരസ്യപ്രതികരണത്തിനും ശക്തമായ നിലപാട് സ്വീകരിക്കാനും മടിക്കുന്ന മുസ്‌ലിം സംഘടനകളെയടക്കം പ്രതിരോധത്തിലാക്കും വിധമാണ് ഇപ്പോള്‍ കോടതി വിധിക്കെതിരായ ചര്‍ച്ചകളും പൊതു അഭിപ്രായങ്ങളും ശക്തമാവുന്നത്. ഡോ. ഹാദിയക്കെതിരായ നീതി നിഷേധവും പൗരാവകാശ ലംഘനവും ഉയര്‍ത്തി പ്രതിഷേധമാര്‍ച്ച് നടത്തിയ മുസ്‌ലിം എകോപനസമിതിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച സംഘടനകളില്‍ പോലും ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യമറിയിച്ചും കോടതിവിധിയെ രൂക്ഷമായി വിമര്‍ശിച്ചുമാണ് ചര്‍ച്ചകള്‍. വിഷയത്തില്‍ ഔദ്യോഗികമായി മൗനം പാലിച്ച ചില പ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കോടതിവിധിക്കെതിരേ രംഗത്തുവന്നു.മുമ്പ് ലൗജിഹാദ് വിഷയത്തില്‍ ഒരു ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ വിള്ളലുകള്‍ അനുസ്മരിപ്പിക്കുന്നതാണ് ഡോ. ഹാദിയ കേസിലെ ഹൈക്കോടതി വിധിയെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഖജാഞ്ചി ബഷീര്‍ ഫൈസി ദേശമംഗലം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സമാനമായ കേസുകളില്‍ മതം മാറി വിവാഹിതരായവരെയും മറ്റും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ച ധാരാളം കോടതി വിധികളുണ്ടായിട്ടുണ്ട്. എന്നാല്‍, ഈ കേസില്‍ അഖില ഹാദിയയായതാണോ കോടതിക്കു പിടിക്കാതെപോയതെന്ന് ബഷീര്‍ ഫൈസി ചോദിക്കുന്നു.ഡോ. ഹാദിയക്ക് എന്തുകൊണ്ട് ഭരണഘടനാ ആനുകൂല്യങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെട്ടു എന്ന ചോദ്യം ശക്തമായി ഉയരണം. വിവേകമുള്ള ഒരു യുവതി ബോധിപ്പിച്ച മൊഴി ഈ കേസില്‍ കോടതിക്ക് ബോധ്യപ്പെടാതെപോയത് ദുരൂഹമാണ്. ബീഫുമായി ബന്ധപ്പെട്ട വിവാദ കോലാഹലത്തിനിടയില്‍ ഡോ. ഹാദിയക്ക് നേരിട്ട നീതിനിഷേധം സമുദായം മറന്നുപോവരുതെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.ഡോ. ഹാദിയക്ക് നീതി ലഭ്യമാക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ആഹ്വാനംചെയ്യുന്നു. ഭരണഘടന പൗരനു നല്‍കുന്ന അടിസ്ഥാനാവകാശങ്ങളാണ് ഡോ. ഹാദിയ കേസിലെ കോടതിവിധിയില്‍ ഹനിക്കപ്പെട്ടത്. ഇസ്‌ലാംമതം സ്വീകരിക്കുന്നതു ഭീകരതയിലേക്ക് പലായനം ചെയ്യലാണെന്നു വരുത്തിത്തീര്‍ക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് ആക്കംകൂട്ടുന്നതാണ് കോടതിവിധി. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളും ജനാധിപത്യാവകാശങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാവരും ഡോ. ഹാദിയക്ക് നീതി ലഭ്യമാക്കാന്‍ രംഗത്തിറങ്ങണം. ഡോ. ഹാദിയ കേസിലെ പ്രകടമായ നീതിനിഷേധത്തിനെതിരേ പ്രതികരിക്കാത്ത സാംസ്‌കാരിക നായകരുടെയും ബുദ്ധി ജീവികളുടെയും രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും മുഖംമൂടി വലിച്ചു ചീന്ത ണമെന്നും എം എം അക്ബര്‍ അഭി പ്രായപ്പെടുന്നു.ഡോ. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കോടതി കണ്ടെത്തിയ ന്യായങ്ങള്‍ വിചിത്രവും ബാലിശവുമാണെന്നു പ്രമുഖ അഭിഭാഷകന്‍ ഷഹീന്‍ ബക്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഭരണഘടനയിലെ 14, 19, 21 അനുച്ഛേദങ്ങള്‍ക്കു തീര്‍ത്തും വിരുദ്ധവും ജനാധിപത്യ അവകാശങ്ങളുടെ നഗ്‌നമായ ലംഘനവുമാണ് കോടതിവിധി. ഡോ. ഹാദിയക്ക് മാനസികവൈകല്യമൊന്നുമില്ലെന്നിരിക്കേ അവരുടെ താല്‍പര്യത്തിനു വിരുദ്ധമായി രക്ഷാ കര്‍തൃത്വം കോടതി അടിച്ചേല്‍പിച്ചത് മൗലികാവകാശ ലംഘനമാണ്. ഡോ. ഹാദിയക്ക് തീരുമാനങ്ങളെടുക്കാന്‍ ശേഷിയില്ലെന്ന കോടതിയുടെ നിരീക്ഷണം വിചിത്രമാണ്.  താന്‍ സ്വയം മതം മാറിയതാണെന്ന് ഡോ. ഹാദിയ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതംഗീകരിക്കാതെ അവരെ മാതാപിതാക്കളുടെ തടങ്കലിലാക്കിയ കൊടതിയുത്തരവിന് ഒരു നിയമ പിന്‍ബലവും അവകാശപ്പെടാനാവില്ലെന്നും അഡ്വ. ഷഹീന്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss