|    Feb 25 Sun, 2018 1:36 pm
FLASH NEWS

ഡോ. സൈനയും കാന്‍സര്‍ രജിസ്ട്രിയും അംഗീകാരത്തിന്റെ നിറവില്‍

Published : 28th January 2017 | Posted By: fsq

 

തലശ്ശേരി: സ്തുത്യര്‍ഹ സേവനം കാഴ്ചവച്ചവര്‍ക്കുള്ള ജില്ലാ കലക്ടറുടെ മെഡല്‍, മലബാര്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രജിസ്്ട്രി വിഭാഗം മേധാവി ഡോ. സൈന സുനില്‍ കുമാറിന് ലഭിച്ചത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. ഈ ബഹുമതി കാന്‍സര്‍ രജിസ്ട്രി വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരുടെയും പ്രയത്‌നത്തിനുള്ള അംഗീകാരമാണെന്ന് ഡോ. സൈന പറഞ്ഞു. അര്‍ബുദരോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് അപഗ്രഥിച്ച് റിപോര്‍ട്ടുകള്‍ തയ്യാറാക്കുകയും ഗവേഷണത്തിനും നയരൂപീകരണത്തിനും ഉപയോഗപ്രദമാക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണു രജിസ്ട്രിയുടെ പ്രവര്‍ത്തനം. രണ്ടുതരത്തിലുളള അര്‍ബുദ രജിസ്ട്രികളാണ് നിലവിലുള്ളത്. ആശുപത്രിയിലെത്തുന്ന രോഗികളുടെയും അവര്‍ സ്വീകരിക്കുന്ന ചികില്‍സാരീതികളുടെയും വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കുന്ന ആശുപത്രി അധിഷ്ഠിത രജിസ്ട്രിയാണ് ഒന്നാമത്തേത്. ഒരു പ്രത്യേക ഭൂപ്രദേശത്തെ അര്‍ബുദരോഗികളുടെ രോഗവിവരങ്ങള്‍ ശേഖരിച്ച് അപഗ്രഥനം നടത്തി തയ്യാറാക്കുന്ന ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രി രണ്ടാമ—ത്തേതും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മാഹിയിലും വ്യാപിച്ചുകിടക്കുന്ന ഈ രജിസ്്ട്രി മലബാര്‍ ജനസംഖ്യാധിഷ്ഠിത അ ര്‍ബുദ രജിസ്ട്രി എന്ന പേരില്‍ അറിയപ്പെടുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. സതീശന്റെ മേല്‍നോട്ടത്തില്‍ 2010ലാണ് ഡോ. സൈനയുടെ നേതൃത്വത്തില്‍ ആശുപത്രി അധിഷ്ഠിത രജിസ്ട്രി തുടങ്ങിയത്. ആവശ്യത്തിനു ജീവനക്കാര്‍ ഇല്ലാതിരുന്നിട്ടു പോലും  ഡോ. സൈന ഈ പദ്ധതി നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റെടുക്കുകയായിരുന്നു. രണ്ടു ജീവനക്കാരുമായി തുടങ്ങിയ രജിസ്ട്രി ഇതിനകം നാലുവര്‍ഷത്തെ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചു. അഞ്ചാമത്തെ റിപോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ്. എംസിസിയിലെ സ്തനാര്‍ബുദ രോഗവിമുക്തരുടെ സംഘടനയായ തേജസിന്റെ കണ്‍വീനറായും എംസിസി പേഷ്യന്റ് വെല്‍ഫെയര്‍ ഫണ്ടിന്റെ കണ്‍വീനറായും ഡോ. സൈന പ്രവര്‍ത്തിക്കുന്നു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രിയുടെ പ്രവര്‍ത്തനം പാലക്കാട് , വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് വിപുലീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി വിവര ശേഖരണത്തിനായി മൊബൈല്‍ ആപ്പിന്റെയും കാന്‍സര്‍ മാപ്പിങ് സോഫ്റ്റ്‌വെയറിന്റെയും നിര്‍മാണം നടക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss