|    Sep 24 Mon, 2018 7:47 am
FLASH NEWS

ഡോ. സി കൃഷ്ണന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പുരസ്‌കാരം

Published : 20th January 2017 | Posted By: fsq

 

താമരശ്ശേരി: കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രഥമ വൈസ്ചാന്‍സലര്‍ പ്രഫ. എം എം ഗനിയുടെ പേരില്‍ മികച്ച കോളജധ്യാപകര്‍ക്കു നല്‍കുന്ന പുരസ്‌ക്കാരത്തിന് മാനവിക വിഷയങ്ങളിലെ സംഭാവനകള്‍ പരിഗണിച്ച് കോടഞ്ചേരി ഗവ. കോളജ് പ്രിന്‍സിപ്പാള്‍ ഡോ.സി കൃഷ്ണന്‍ അര്‍ഹനായി. അക്കാദമിക-അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്‍കുന്ന ഈ അവാര്‍ഡിന് കോടഞ്ചേരി ഗവണ്‍മെന്റ് കോളജില്‍ നിന്ന് അംഗീകാരം നേടുന്ന പ്രഥമ അധ്യാപകനാണ് ഇദ്ദേഹം. പ്രമുഖ ഗവേഷകനും സാമ്പത്തിക ശാസ്ത്ര അധ്യാപകനുമായ ഡോ.സി കൃഷ്ണന് 21 വര്‍ഷത്തെ ഗവേഷണ പരിചയവും 7 വര്‍ഷത്തെ ഭരണ പരിചയവുമുണ്ട്. 1989-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചശേഷം 1996 മുതല്‍ ചുങ്കത്തറ മാര്‍ത്തോമ കോളജിലും എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജിലും തുടര്‍ന്ന് കോടഞ്ചേരി ഗവ. കോളജിലും സേവനമനുഷ്ഠിച്ചു വരുന്നു. പത്തോളം ദേശീയ-അന്തര്‍ദേശീയ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും 100 ഓളം സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം നിരവധി ഡോക്ടറല്‍ ബിരുദധാരികളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകളുടെ സാമ്പത്തിക ശാസ്ത്ര ഗവേഷണ ഗൈഡായ ഇദ്ദേഹം ഇന്ദിരാഗാന്ധി സദ്ഭാവനാ അവാര്‍ഡ്, രാജീവ്ഗാന്ധി അച്ചീവേഴ്‌സ് അവാര്‍ഡ്, ഗ്രാബ്‌സ് ട്രസ്റ്റിന്റെ മികച്ച ഗവേഷകാധ്യാപക പുരസ്‌ക്കാരം, കൃഷ്ണ യൂണിവേഴ്‌സിറ്റിയുടെ മികച്ച ഗവേഷണ ലേഖന പുരസ്‌ക്കാരം എന്നിവ ഇതിനകം നേടിയിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദതല സാമ്പത്തിക ശാസ്ത്ര ബോര്‍ഡിന്റെ ചെയര്‍മാനായും ബിരുദതല ചോയ്‌സ് ബേസ്ഡ് ക്രഡിറ്റ് സെമസ്റ്റര്‍ സ്റ്റിയറിങ് കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. 2004-ല്‍ കോടഞ്ചേരി കോളജില്‍ സേവനമാരംഭിച്ചതു മുതല്‍ കോളജിന്റെ ബഹുമുഖ വികസനത്തില്‍ സക്രിയ സാന്നിധ്യമാണ്. പത്ത് ദേശീയ സെമിനാറുകള്‍ക്ക് നേതൃത്വപരമായ സാന്നിദ്ധ്യം നല്‍കി. 2009-ലേയും 2014-ലേയും നാക് സന്ദര്‍ശന പരിപാടിയില്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി പ്രൊജക്ടുകള്‍ കോളജിലേക്ക് കൊണ്ടുവരുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. പ്രത്യേകിച്ചും റൂസ്സ, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ എന്നീ സ്‌കീമുകള്‍ വഴി. കോളജിനെ മികവിന്റെ കേന്ദ്രമാക്കുവാനുളള  പ്രത്യേക പ്രൊജക്ടും സര്‍ക്കാരിനെകൊണ്ട് അംഗീകരിപ്പിക്കുവാന്‍ കഴിഞ്ഞതും ഇദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഫലമാണ്.ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്കായുളള പ്രതിവാര ആരോഗ്യ പദ്ധതിയായ “സജ്ജീവനി” പ്രവര്‍ത്തനമാരംഭിക്കുന്നതില്‍ സജീവ പങ്കാളിയായി. വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള ഇന്ത്യയിലെ ആദ്യത്തെ ദുരന്തനിവാരണ സേനയായ സ്റ്റുഡന്റ്‌സ് റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ ആദ്യ യൂണിറ്റ് കോടഞ്ചേരി ഗവണ്‍മെന്റ് കോളജില്‍ തുടങ്ങുന്നതിന് ജില്ലാ ഭരണ കൂടത്തിനും അതോറിറ്റിക്കും പിന്തുണ നല്‍കി.  കോഴിക്കോട് ജില്ലയില്‍ നായര്‍കുഴി നിവാസിയായ ഇദ്ദേഹം കൂമുള്ളി സ്വദേശിയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss