ഡോ. സാക്കിര്‍ നായിക്കിന് നേരെ
Published : 10th July 2016 | Posted By: SMR
മുഹമ്മദ് പടന്ന, മുംബൈ
ഒടുവില്‍ ആഗോള തീവ്രവാദത്തിന് പുതിയൊരു മുഖം ലഭിച്ചിരിക്കുന്നു. ഡോ. സാക്കിര്‍ നായിക്ക്. ഇത് ഇമ്മിണി വല്യ മുഖം തന്നെ. എന്നും ടിവിയില്‍ കണ്ടുകൊണ്ടിരിക്കുന്ന തൊപ്പിയും താടിയുമുള്ള ‘തീവ്രവാദി’ മുഖം. ബംഗ്ലാദേശിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പങ്കെടുത്ത രണ്ടു യുവാക്കള്‍ക്ക് നായിക്കിന്റെ പ്രഭാഷണം കേട്ടതാണ് ആക്രമണത്തിനു പ്രേരകമായതത്രെ.
കാലങ്ങളായി പലരുടെയും കണ്ണിലെ കരടായ നായിക്കിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുത പരിശോധിക്കുമ്പോഴാണ് മഅ്ദനിയുടെ കേസിനു സമാനമാണിതെന്നു സംശയിച്ചുപോവുന്നത്. ഇരുവരുടെയും പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടുന്നു. ഇരുവരുടെയും വാക്കുകള്‍ കേള്‍ക്കാന്‍ നിരവധിപേര്‍ ശ്രോതാക്കളായി എത്താറുണ്ട്. മതബോധമുള്ള പണ്ഡിതന്മാര്ക്ക് ഇന്ത്യയില്‍ നിലവിലുള്ള പരിമിതികളാണ് ഇവരെ ‘തീവ്രവാദി’യെന്ന് സമൂഹം വിളിക്കുമ്പോള്‍ വെളിപ്പെടുന്നത്. ലോകം മുഴുവന്‍ പ്രേക്ഷകരും ലക്ഷക്കണക്കിന് അനുയായികളും ഡോക്ടര്ക്കുണ്ട്. അതാവും ഒരു പുകമറ സൃഷ്ടിച്ച് അദ്ദേഹത്തെ ശ്വാസംമുട്ടിക്കുന്നതിന്റെ കാരണം.
ഒരുപാടു രാജ്യങ്ങളില്‍ ഒരുപാടാളുകള്‍ കാണുന്ന മതകാര്യ ചാനല്‍ ആണ് സാക്കിറിന്റെ നേതൃത്വത്തിലുള്ള പീസ് ടിവി. ഇതിലൂടെ ലോകത്തിന്റെ പല കോണുകളില്‍നിന്നും ഇസ്ലാമിനെയും ഖുര്‍ആനെയും പറ്റി വ്യക്തമായി മനസ്സിലാക്കാന്‍ പലര്‍ക്കും അവസരം ലഭിച്ചുപോരുന്നു. മതസംവാദത്തില്‍ മിടുക്കനായ ഡോ. നായിക്കിന് ബൈബിള്‍, വേദങ്ങള്‍, പുരാണങ്ങള്‍ തുടങ്ങി വിവിധ മതങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ അഗാധമായ പാണ്ഡിത്യമുണ്ട്. ഇന്ത്യയില്‍ സ്വന്തം മതം പ്രചരിപ്പിക്കാന്‍ കിട്ടുന്ന അവസരം ലോകത്ത് എവിടെയും കിട്ടില്ലെന്നു പറയുന്ന അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തില്‍ ആര്‍ക്കുണ്ട് സംശയം. അദ്ദേഹത്തെ കുരുക്കാന്‍ ആഗോളതലത്തില്‍ തന്നെ നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന് പലരും പറയുന്നു.
രാഷ്ട്രീയം ഇല്ലാത്ത ആളായതുകൊണ്ടായിരിക്കാം ബംഗ്ലാദേശിലൂടെ ആരോപണം കടന്നുവന്നത്. ആരോപണം പുറത്തുവരേണ്ട താമസം സാക്കിറിന്റെയും ‘തീവ്രവാദി’കളുടെയും ചിത്രങ്ങള്‍ സഹിതം പൊടിപ്പും തൊങ്ങലും ചേര്‍ത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചില ഹിന്ദി ചാനലുകള്‍ തുടക്കമിട്ടതോടെ സംഗതി ഉഷാറായി. ഇപ്പോള്‍ പല നിഷ്പക്ഷ മനസ്സുകളിലും സാക്കിര്‍ നായിക്ക് ഒരു കൊടും ‘തീവ്രവാദി.’ ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ തലങ്ങും വിലങ്ങും ഡോക്ടറെ തെറിവിളിക്കുന്നു. നിരവധി തവണ പാകിസ്താനിലേക്ക് ഫോണ്‍ വിളിച്ച മന്ത്രിക്കെതിരേ ഒരക്ഷരം മിണ്ടാത്ത ശിവസേന കാവിക്കൊടിയുമായി തെരുവിലിറങ്ങുകയും ചെയ്തു. ബിജെപി മുഖ്യമന്ത്രിയുടെ അന്വേഷണ ഉത്തരവ് അതിനുപുറമേ. സാക്കിറിന്റെ ചാനലും പ്രസംഗങ്ങളും നിരോധിക്കാന്‍ ഒരുകൂട്ടര്‍ മുറവിളിയും തുടങ്ങിക്കഴിഞ്ഞു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ മുളുണ്ട് സ്ഫോടനവുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പര്യവസാനമാണ് ധക്ക ആരോപണത്തിലൂടെ പൂര്‍ത്തിയായിരിക്കുന്നത് എന്നു കരുതാം.
നിരവധി ഹിന്ദുത്വനേതാക്കള്‍ രാജ്യദ്രോഹപ്രസംഗം നടത്തിയിട്ടും ഒരു പെറ്റികേസ് രജിസ്റ്റര്‍ ചെയ്യാത്ത രാജ്യത്ത് സാക്കിറിനെ പോലെയുള്ള ഒരു പ്രബോധകനെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.