|    Oct 19 Thu, 2017 3:55 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഡോ. രഘുറാം രാജന്‍ പുറത്തുപോവേണ്ടിവരുമോ?

Published : 18th May 2016 | Posted By: SMR

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്റെ ഔദ്യോഗിക കാലാവധി നീട്ടുന്നതിന് കേന്ദ്രഗവണ്‍മെന്റ് എതിരാണെന്ന് ഈയിടെയായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. രണ്ടു സ്ഥാപനങ്ങളെന്ന നിലയില്‍ ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പക്വമായ ബന്ധമാണു പുലര്‍ത്തുന്നതെന്നും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കല്‍പിക്കേണ്ടതില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നുണ്ടെങ്കിലും അത് ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. കഴിഞ്ഞയാഴ്ച ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ഡോ. രാജന്റെ കാലാവധി നീട്ടുന്നതിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി നിര്‍മലാ സീതാരാമന്‍ ഡോ. രാജന്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നടത്തിയ ചില പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. ബിജെപിയുടെ സാമ്പത്തികനയങ്ങളുമായി പലപ്പോഴും ഡോ. രാജന് വിയോജിക്കേണ്ടിവരുന്നു എന്നതൊരു വസ്തുതയാണ്. വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കും എന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം പാലിക്കാന്‍ സഹായകമായ തരത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സമ്മതിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിനെതിരായി തിരിയാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ബിജെപിയുടെ രാഷ്ട്രീയ ഇച്ഛകള്‍ക്കുവേണ്ടി സ്വന്തം നിലപാടുകളില്‍ മാറ്റംവരുത്താത്തതാണ് അദ്ദേഹത്തിനു വിനയാവുന്നതെന്നു ചുരുക്കം.
സപ്തംബറില്‍ ഡോ. രഘുറാം രാജന്റെ മൂന്നു കൊല്ലത്തെ കാലാവധി അവസാനിക്കും. അദ്ദേഹത്തിനു തൊട്ടുമുമ്പ് ആര്‍ബിഐ ഗവര്‍ണര്‍സ്ഥാനമലങ്കരിച്ച നാലുപേരുടെയും കാലാവധി അഞ്ചു കൊല്ലക്കാലത്തേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സാമ്പത്തികരംഗത്ത് സല്‍പ്പേരുണ്ടാക്കുകയും ഉറുപ്പികവില ഭദ്രമാക്കുകയും വിലക്കയറ്റം നിയന്ത്രണാധീനമാക്കുന്നതില്‍ എടുത്തുപറയാവുന്ന പങ്കുവഹിക്കുകയും ചെയ്ത ഡോ. രഘുറാം രാജനെ ബിജെപിക്ക് പഥ്യമല്ലാതാവുന്നത് അദ്ദേഹം പല കയ്‌പ്പേറിയ സത്യങ്ങളും തുറന്നുപറയുന്നതുകൊണ്ടാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ‘പൊട്ടക്കണ്ണന്മാരുടെ നാട്ടിലെ ഒറ്റക്കണ്ണനാ’ണെന്ന് ഈയിടെ അദ്ദേഹം പറയുകയുണ്ടായി. ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യസ്ഥാപനങ്ങളില്‍നിന്നും കോടികള്‍ കടം വാങ്ങി തിരിച്ചടയ്ക്കാതിരിക്കുന്ന കോര്‍പറേറ്റ് കുത്തകകള്‍ക്കെതിരേ അദ്ദേഹം ശക്തമായി സംസാരിച്ചു. ഭരണാധികാരവും കുത്തകകളും ചേര്‍ന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്‍പിക്കുന്ന ആഘാതങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. റിസര്‍വ് ബാങ്ക് ഗവര്‍ണറെന്ന നിലയില്‍ അദ്ദേഹം കൂടി ഒരു പരിധിവരെ അതിനു കാരണക്കാരനാണെങ്കിലും ഈ വിമര്‍ശനംപോലും കോര്‍പറേറ്റുകള്‍ക്ക് ദാസ്യവേല ചെയ്യുന്ന ബിജെപിയെ ചൊടിപ്പിക്കുന്നു. ബിജെപിയുടെ അനിഷ്ടത്തിന് ഡോ. രഘുറാം രാജന്‍ ഇരയാവുകയാണെങ്കില്‍ അതൊരു ദേശീയ ദുരന്തമായിരിക്കുമെന്നേ ഈ ഘട്ടത്തില്‍ പറയാനുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക