|    Jan 18 Wed, 2017 9:43 am
FLASH NEWS

ഡോ. പല്‍പ്പുവിന്റെ ചെറുമകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരില്ല; മന്ത്രി മാണിയുടെ പകപോക്കലെന്ന്്്

Published : 4th November 2015 | Posted By: SMR

പാലാ: എസ്എന്‍ഡിപി യോഗം സ്ഥാപകന്‍ ഡോ. പല്‍പ്പുവിന്റെ ചെറുമകളുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. മന്ത്രി കെ എം മാണിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കും പരാതി നല്‍കിയതിന്റെ പകപോക്കലായി വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റിയതാണെന്ന് പാലാ ഗീതാഞ്ജലിയില്‍ ശര്‍മിള പ്രതാപ് പറയുന്നു. നേരത്തെ, വീടിന്റെ മതിലില്‍ മാണിയുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ അനുവദിക്കാതിരുന്നതിന്റെ വൈരാഗ്യത്തിന് വീടു തന്നെ നഷ്ടമാക്കുന്ന തരത്തിലുള്ള പീഡനമാണെന്നും ഈ കുടുംബം ആരോപിക്കുന്നു. രാഷട്രീയ വൈരത്തിന്റെ പേരില്‍ പൗരന്റെ മൗലീകാവകാശവും മനുഷ്യാവകാശവും നിഷേധിക്കുന്ന അനീതിക്കെതിരെ 13 ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീനാരായണ ധര്‍മസംരക്ഷണ സമിതി നേതൃത്വത്തില്‍ ഉപവസിക്കുമെന്ന് ശര്‍മ്മിളയുടെ പാലായിലെ വസതി സന്ദര്‍ശിക്കാന്‍ എത്തിയ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഡോ. പല്‍പ്പുവിന്റെ മകളുടെ മകന്റെ മകള്‍ ശര്‍മിളയും ആറംഗ കുടുംബവും കാല്‍ നൂറ്റാണ്ടായി പാലാ മരിയന്‍ ജങ്ഷനിലെ വീട്ടിലാണ് താമസം. പ്രദേശത്തെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തക മേരി ഡൊമിനിക് ഈ കുടുംബത്തിന് വോട്ടവകാശം നിഷേധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ശര്‍മിളയ്ക്ക് നോട്ടീസ് നല്‍കുകയും തെളിവെടുപ്പിന് രേഖകളുമായി ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തു. റേഷന്‍ കാര്‍ഡിലടക്കം പേരുള്ള ഇവര്‍ക്കെല്ലാം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ഇവയുമായി ഹാജരായി അധികൃതരെ ബോധ്യപ്പെടുത്തി. ശര്‍മിളയടക്കം എല്ലാവര്‍ക്കും കഴിഞ്ഞ പാര്‍ലമെണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടായിരുന്നു. ശര്‍മിള, ഭര്‍ത്താവ് പി എം പ്രതാപ്, സഹോദരന്‍ സലിം, ഭാര്യ ശ്രീലേഖ, മറ്റ് സഹോദരങ്ങളായ സാബു, സാജന്‍ എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. സാബുവിന്റെ പേര് മാത്രമാണ് ആദ്യ പട്ടികയില്‍ ഉണ്ടായിരുന്നത്. രേഖകളുമായി അധികൃതരുടെ മുന്നില്‍ ഹാജരായതിന്റെ അടിസ്ഥാനത്തില്‍ ശര്‍മിള ഒഴികെയുള്ളവര്‍ക്ക് വോട്ടവകാശം അനുവദിച്ചു. ഇപ്പോള്‍ അവസാന പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞ ഇവര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. പേര് നീക്കിയതിനെതിരെ ശര്‍മിള ഹൈക്കോടതിയില്‍ അഡ്വ. ദിവ്യ സി ബാലന്‍ മുഖേന പരാതി(നമ്പര്‍: 33475/2015) ഫയല്‍ചെയ്തു. കോടതി ചൊവ്വാഴ്ച്ച കേസ് പരിഗണിക്കും. എന്‍എന്‍ഡിപിയെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്ഥാപക നേതാവിന്റെ കുടുംബത്തോടുള്ള അനീതിക്കെതിരെ നിശബ്ദ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ശ്രീനാരായണ ധര്‍മ്മ സംരക്ഷണ സമിതി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. എസ് ചന്ദ്രസേനന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ. സി എന്‍ ബാലന്‍ എന്നിവര്‍ പറഞ്ഞു. സമിതി വര്‍ക്കിങ് ചെയര്‍മാന്‍ പി പി രാജന്‍, പി സുഗുണന്‍ എന്നിവരും ശര്‍മ്മിള പ്രതാപന്റെ പാലായിലെ വസതിയില്‍ എത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക