|    Jan 23 Mon, 2017 8:08 am
FLASH NEWS

ഡോ. കരീം: ബുദ്ധിജീവിയായ പോരാളി

Published : 8th February 2016 | Posted By: SMR

ജമാല്‍ കൊച്ചങ്ങാടി

തേജസ് ദിനപത്രത്തിന്റെ ദശവാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ ദിവസമാണ് ഡോ. എന്‍ എ കരീം സാറിന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവന്നത്. കുറച്ചുകാലമായി അദ്ദേഹം രോഗശയ്യയിലാണെന്നറിയാമായിരുന്നു. പോയി കാണണമെന്നും ആഗ്രഹിച്ചിരുന്നു. തലസ്ഥാന നഗരിയിലെത്തുമ്പോള്‍ കഴിയുന്നേടത്തോളം അദ്ദേഹത്തെ സന്ദര്‍ശിക്കാറുള്ളതാണ്. എന്നാല്‍, ഒരേസമയം അക്കാഡമിഷനും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ ആക്റ്റിവിസ്റ്റുമായിരുന്ന ആ വലിയ മനുഷ്യനുവേണ്ടി മയ്യിത്ത് നമസ്‌കരിക്കാനുള്ള നിയോഗമാണുണ്ടായത്.
ഇതുപോലെ തിരുവനന്തപുരത്ത് എത്തിയ മറ്റൊരു ദിവസമാണ് വിട്ടുവീഴ്ചയില്ലാത്ത ചിന്തകനും എഴുത്തുകാരനും-പത്രപ്രവര്‍ത്തകനുമായിരുന്ന പി കെ ബാലകൃഷ്ണന്റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടിവന്നത്. രണ്ടുപേരും എടവനക്കാട്ടുകാര്‍. ഇരുവരും വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതുജീവിതത്തിലേക്കു കടന്നുവന്നവര്‍. സ്വന്തം വിശ്വാസങ്ങളിലും ബോധ്യങ്ങളിലും നിന്ന് അണുവിട വ്യതിചലിക്കാന്‍ തയ്യാറില്ലാത്തവര്‍. പലനിലയ്ക്കും മലയാളിയുടെ ബൗദ്ധിക വ്യവഹാരങ്ങളെ സ്വാധീനിച്ചവര്‍. വളരെയൊന്നും അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പെരുമാറ്റത്തിലെ മാന്യതയും മാനവികതയും ആര്‍ജവവുംകൊണ്ട് വ്യക്തിപരമായി കീഴടക്കിയവര്‍.
എടവനക്കാട്, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ കേരളത്തിന് ഒട്ടേറെ ധിഷണാശാലികളെ സംഭാവന ചെയ്തിട്ടുണ്ട്. പി എ സെയ്ത് മുഹമ്മദ്, വി എ സെയ്തു മുഹമ്മദ്, ഡോ. സി കെ കരീം, പി കെ ഗോപാലകൃഷ്ണന്‍, ഡോ. പി കെ അബ്ദുല്‍ ഗഫൂര്‍ തുടങ്ങി പലരുടെയും പേരുകള്‍ ഓര്‍മിക്കാനുണ്ട്. എടവനക്കാട്ട് വിവിധ മതസ്ഥരുണ്ടായിരുന്നെങ്കിലും അത് ഒരു മുസ്‌ലിം ഗ്രാമമായി അറിയപ്പെട്ടത് ഭൂവുടമകളും കച്ചവടപ്രമാണികളുമായ മുസ്‌ലിം സമ്പന്നര്‍ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് ഡോ. എന്‍ എ കരീം സാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കേരളീയ നവോത്ഥാനമുണര്‍ത്തിയ വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന അടിസ്ഥാന ചോദനയില്‍നിന്ന് ഉയര്‍ന്നുവന്ന വിദ്യാഭ്യാസ വിചക്ഷണനായിരുന്നു അദ്ദേഹം. കോളജ് അധ്യാപകന്‍ തൊട്ട് േപ്രാ വൈസ് ചാന്‍സലര്‍ വരെ അക്കാദമിക ജീവിതത്തില്‍ പല ഉന്നത സ്ഥാനങ്ങളും വഹിച്ച ആ ധിഷണാശാലിക്ക് നവതി പിന്നിട്ടിട്ടും വിശ്രമജീവിതം എന്നൊന്ന് അചിന്ത്യമായിരുന്നു. സര്‍വകലാശാലയുടെ അമരത്തിരിക്കുമ്പോഴും അതിനു പുറത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ഇടതു ചായ്‌വുള്ള ബുദ്ധിയും മനസ്സും സുചിന്തിതമായി രൂപപ്പെടുത്തിയ വീക്ഷണങ്ങളും അക്കാദമിക വ്യക്തിത്വം തുരുമ്പെടുക്കാന്‍ അനുവദിച്ചില്ല. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കുപോലും ജനകീയവും അനൗപചാരികവുമായ മാനങ്ങള്‍ നല്‍കാന്‍ അതു സഹായിച്ചു.
പക്ഷേ, ജീവിതസായാഹ്നത്തില്‍ അദ്ദേഹത്തെ നിരാശപ്പെടുത്തിയ സാമൂഹിക യാഥാര്‍ഥ്യങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനും സാംസ്‌കാരിക പുരോഗതിക്കും വേണ്ടി വളര്‍ന്നുവന്ന പ്രസ്ഥാനങ്ങള്‍ വിജയിക്കുമെന്ന് അദ്ദേഹം ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു. എന്നാല്‍, പഴയ എല്ലാ പ്രതിലോമശക്തികളുടെയും കൂടുതല്‍ ഭീഷണമായ തിരിച്ചുവരവാണു കരീം സാറിനെ പോലുള്ളവരെ ഭഗ്നാശരാക്കിയത്. അദ്ദേഹത്തിന്റെ തലമുറയില്‍പ്പെട്ടവര്‍ക്ക് സാമൂഹികവും രാഷ്ട്രീയവുമായ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ മൗലികമായ വേര്‍തിരിവുണ്ടായിരുന്നില്ല.
ബുദ്ധിപരമായ സത്യസന്ധത എന്നത് ആ ധിഷണാശാലിയെ സംബന്ധിച്ചിടത്തോളം ഒരു ആലങ്കാരിക പ്രയോഗമായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചവര്‍ക്കറിയാം. ”ഞാന്‍ പലപ്പോഴും എന്റെ ജീവിതത്തെ നിശിതമായി ആത്മപരിശോധന ചെയ്ത് ചിലപ്പോഴെങ്കിലും കടുത്ത ആത്മനിന്ദയോടും പശ്ചാത്താപബോധത്തോടും കൂടി സത്യസന്ധമായി വിലയിരുത്തുമ്പോള്‍ ജീവിതത്തിന്റെ പ്രത്യേക ഘട്ടത്തില്‍ ഞാനെന്തിന് അങ്ങനെ ചെയ്തു എന്ന് യുക്തിക്കോ നീതിക്കോ ഉത്തരം കിട്ടാതെ കുഴങ്ങാറുണ്ട്.”
അത്തരമൊരു ദുര്‍ബല നിമിഷത്തിലാണ് ചുണ്ടിനും കപ്പിനും ഇടയ്ക്ക് വൈസ് ചാന്‍സലര്‍ സ്ഥാനം നഷ്ടപ്പെടാനിടയാക്കിയ വിവാദമായ ശരീഅത്ത് പ്രസംഗം ചെയ്യാനിടയായതെന്ന് ‘ഒരു കാലഘട്ടത്തിന്റെ കൈയൊപ്പ്’ എന്ന ആത്മകഥയില്‍ ഡോ. കരീം തുറന്നുപറഞ്ഞിട്ടുണ്ട്. ‘പ്രകടമായ കാരണങ്ങളൊന്നുമില്ലാതെ’ ഇഎംഎസ് ഉയര്‍ത്തിക്കൊണ്ടുവന്ന ശരീഅത്ത് വിവാദത്തെക്കുറിച്ച് തിരുവനന്തപുരത്ത് പ്രോഗ്രസീവ് ലോയേഴ്‌സ് സംഘടിപ്പിച്ച സെമിനാറിലെ പ്രസംഗത്തിനെത്തുമ്പോള്‍ തന്റെ മനസ്സ്, ബാല്യകാലസുഹൃത്തായിരുന്ന ഡോ. പി കെ അബ്ദുല്‍ ഗഫൂറിന്റെ ചരമവാര്‍ത്ത കേട്ട് കലുഷിതമായിരുന്നു. അതിനു തൊട്ടുമുമ്പ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന്റെ യോഗത്തിലെ ചര്‍ച്ചകളും അസ്വസ്ഥനാക്കിയിരുന്നു. അന്നേരം ശൂന്യമായ മനസ്സിന്റെ അടിയില്‍ ആഴത്തിലെവിടെയോ ആണ്ടുകിടന്നിരുന്ന ചില പൂര്‍വകാല രാഷ്ട്രീയവിദ്വേഷങ്ങള്‍ പുരണ്ട ആശയങ്ങള്‍ ഓരോന്നായി തികട്ടിവന്നു. അവ അത്തരം യോഗത്തില്‍ ഒരു യുക്തിബോധമുള്ള അക്കാദമിക മനസ്സില്‍നിന്ന് വരേണ്ട വാക്കുകളായിരുന്നില്ലെന്ന് ശ്രോതാക്കള്‍ക്കു തോന്നുന്നതിനു മുമ്പ് എനിക്കു തന്നെ മനസ്സിലായിരുന്നു.”
തന്റെ സുഹൃത്തുക്കളില്‍പ്പോലും വ്യാപകമായി അസംതൃപ്തി സൃഷ്ടിച്ച ആ പ്രസംഗത്തെ ‘വിവേകശൂന്യം’ എന്നു പില്‍ക്കാലത്താണെങ്കിലും വിശേഷിപ്പിക്കാന്‍ ഡോ. കരീം കാണിച്ച വിവേകവും ആര്‍ജവവും നമ്മുടെ എത്ര ബുദ്ധിജീവികള്‍ക്കുണ്ടാവും? തങ്ങളുടെ പ്രസ്താവനകളെയും ചെയ്തികളെയും ന്യായീകരിക്കാനല്ലാതെ വിമര്‍ശനബുദ്ധിയോടെ വിലയിരുത്താനും സ്വന്തം തെറ്റ് സമ്മതിക്കാനുമുള്ള സത്യസന്ധത എത്രപേര്‍ക്കുണ്ടാവും? അവനവന്റെ പാര്‍ട്ടികളുടെയും നേതാക്കളുടെയും പ്രസ്താവനകളെയും ചെയ്തികളെയും കണ്ണുമടച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരാണ് ദൃശ്യമാധ്യമങ്ങളില്‍ ‘നിഷ്പക്ഷ നിരീക്ഷകരായി’ ഞെളിഞ്ഞിരിക്കുന്ന പല ബുദ്ധിജീവികളുമെന്ന് ആര്‍ക്കാണറിയാത്തത്?
അദ്ദേഹത്തിനുണ്ടായിരുന്ന ഈ ആര്‍ജവത്തിന്റെ മറ്റൊരുവശം എനിക്ക് നേരിട്ട് അനുഭവപ്പെടുകയുണ്ടായി. ആഗോള രാഷ്ട്രീയം, വിദ്യാഭ്യാസം, സാഹിത്യം തുടങ്ങിയ പല വിഷയങ്ങളെക്കുറിച്ചും അദ്ദേഹം എനിക്ക് ലേഖനങ്ങള്‍ അയച്ചുതന്നു സഹായിച്ചിട്ടുണ്ട്. തേജസില്‍ ചേര്‍ന്നപ്പോഴും ആ സഹകരണം നിര്‍ബാധം തുടര്‍ന്നു. ഒരിക്കല്‍ അദ്ദേഹം അയച്ചുതന്ന ഒരു വിമര്‍ശന ലേഖനം ദൈര്‍ഘ്യം കാരണം ചുരുക്കി എഡിറ്റ് ചെയ്യേണ്ടിവന്നു. അത് അദ്ദേഹത്തിന്റെ അംഗീകാരത്തിനുവേണ്ടി അയച്ചുകൊടുക്കുകയും ചെയ്തു. അതു തിരിച്ചയച്ചുകൊണ്ടുള്ള കത്തില്‍ അദ്ദേഹം എഴുതി:
നവംബര്‍ 20, 2006
പ്രിയപ്പെട്ട ജമാല്‍ സാഹിബ്,
സ്‌നേഹപൂര്‍വം അയച്ച എഴുത്തും പരിഷ്‌കരിച്ച് സംഗ്രഹിച്ച റിവ്യൂവിന്റെ ഡ്രാഫ്റ്റും കിട്ടി. വളരെ സന്തോഷം. നന്ദി.
ഇതിനേക്കാള്‍ വിദഗ്ധമായി എന്റെ ലേഖനം ചുരുക്കി മാറ്റിയെഴുതാന്‍ മറ്റാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ധാരാളം മതി. ഞാനെഴുതിയതിന്റെ അന്തസ്സത്ത ഒരു തുള്ളിപോലും ചോര്‍ന്നുപോയിട്ടില്ലെന്നു മാത്രമല്ല, അതിലെ ആശയങ്ങള്‍ കൂടുതല്‍ സാന്ദ്രവും സുന്ദരവുമായി മാറിയിട്ടുണ്ട്.
ചില ചെറിയ രാഷ്ട്രീയനിരീക്ഷണങ്ങള്‍ മുടങ്ങാതെ അയച്ചുതരാന്‍ ശ്രമിക്കാം. പ്രസിദ്ധീകരിക്കാന്‍ പറ്റുന്നവ മാത്രം അച്ചടിച്ചാല്‍ മതി. താങ്കള്‍ക്കും പത്രത്തിനും എല്ലാ നന്മകളും നേര്‍ന്നുകൊണ്ട്, ക്ഷേമാശംസകളോടെ (ഒപ്പ്).
പത്രപ്രവര്‍ത്തനജീവിതത്തില്‍ മറ്റേതു പുരസ്‌കാരത്തേക്കാളും വിലപ്പെട്ട അംഗീകാരമായി ഞാനിന്നും ഈ കത്ത് സൂക്ഷിക്കുന്നു.
തേജസ് പത്രത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പല ഇടതുപക്ഷ-മതേതര ബുദ്ധിജീവികളില്‍നിന്നു വിഭിന്നനായി കരീം സാര്‍ തുടക്കം മുതല്‍ സഹകരിച്ചുപോന്നിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് മാധ്യമം വാര്‍ഷികപ്പതിപ്പിനുവേണ്ടി തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നടക്കാന്‍പോലുമാവാത്ത അവസ്ഥയിലായിരുന്നിട്ടും, അനാരോഗ്യം വകവയ്ക്കാതെ അദ്ദേഹം വന്നത് നന്ദിപൂര്‍വം ഓര്‍മിക്കുന്നു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ഒരുകാലത്തും പേരിലല്ലാതെ ഉന്നത വിദ്യാഭ്യാസമായിരുന്നില്ല. അത് അതിന്റെ പഠന-ബോധന-പരീക്ഷാ പ്രക്രിയകളിലെല്ലാം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ കേവലം ഒരു തുടര്‍ച്ച മാത്രമായിരുന്നു.
പരന്ന വായനയും ഉയര്‍ന്ന ചിന്തയും അക്കാഡമീഷ്യന്‍ എന്ന നിലയിലുള്ള അനുഭവങ്ങളുമാണ് ഡോ. എന്‍ എ കരീം എന്ന വിദ്യാഭ്യാസ വിചക്ഷണന്റെ വീക്ഷണങ്ങളെ രൂപപ്പെടുത്തിയത്. എന്തിനെയും വസ്തുനിഷ്ഠമായും സൂക്ഷ്മമായും വിലയിരുത്തി. പൗലോ ഫ്രെയര്‍ തുടങ്ങി ഇവാന്‍ ഇല്ലിച്ച് വരെയുള്ള വിദ്യാഭ്യാസചിന്തകരുടെ കൃതികളെല്ലാം ആഴത്തില്‍ പഠിച്ച് സ്വരുക്കൂട്ടിയ ഒരു ദര്‍ശനം അദ്ദേഹത്തിനുണ്ടായിരുന്നു. സമത്വത്തില്‍ അധിഷ്ഠിതമായ ഒരു ലോകക്രമം. നവസാമ്രാജ്യത്വത്തിന്റെ ആഗോള-ഉദാരവല്‍ക്കരണങ്ങളിലെ അപകടം മണത്തറിഞ്ഞ് അദ്ദേഹം അത് ഏറ്റവും പ്രതികൂലമായി ബാധിക്കുക വിദ്യാഭ്യാസരംഗത്തെയാണെന്നു തിരിച്ചറിഞ്ഞു. സര്‍വകലാശാലാ രംഗത്തെ സ്വകാര്യവല്‍ക്കരണമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നു വിശ്വസിച്ചു. ധാരാളം സര്‍വകലാശാലകള്‍ നിലവില്‍ വന്നുകഴിഞ്ഞ സ്ഥിതിക്ക് ഇനി പഴയ വീക്ഷണത്തിലേക്കുള്ള മടക്കയാത്ര അസാധ്യമാണെന്നും അദ്ദേഹത്തിനറിയാമായിരുന്നു.
ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യമായിരുന്നു ഡോ. കരീമിന്റെ പ്രിയ വിഷയം. ഇംഗ്ലീഷിലും മലയാളത്തിലും അനര്‍ഗളമായി എഴുതാനും പ്രസംഗിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. നിഖില്‍ ദാ എന്ന ഇന്ത്യയിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ നിഖില്‍ ബാനര്‍ജിയുടെ പത്രാധിപത്യത്തിലുള്ള മെയിന്‍സ്ട്രീമില്‍ അദ്ദേഹമെഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചാല്‍, അത് വിലപ്പെട്ടതായിരിക്കും.
ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗമായിരിക്കുമ്പോഴും ‘പ്രീ സെന്‍സറിങ് ഉള്ള ഒരേയൊരു കല സിനിമ മാത്രമാണ്’ എന്നു പറയാനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചു. ഗവണ്‍മെന്റിനെ പരോക്ഷമായി കുറ്റപ്പെടുത്തുന്നുവെന്നാരോപിച്ച്, ഷാജി എന്‍ കരുണിന്റെ ‘ഒരു ഭാവകാവ്യംപോലെ മനോഹരമായ’ പിറവിയുടെ പ്രദര്‍ശനം നിരോധിക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങളെ ചെറുത്തു പരാജയപ്പെടുത്താനായത് കരീം സാറിനെ പോലുള്ളവര്‍ ബോര്‍ഡിലുണ്ടായിരുന്നതുകൊണ്ടാണ്.
എതിര്‍പ്പുകളെ നിസ്സംഗമായും നര്‍മബോധത്തോടെയും കരീം സാര്‍ നേരിട്ടു. ഒരു കോളജ് പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹത്തിനു നേരെ ചില വിദ്യാര്‍ഥികള്‍ ചീമുട്ടയെറിഞ്ഞു. ആദ്യത്തെ ഏറ് ലക്ഷ്യംതെറ്റി മറ്റെവിടെയോ പതിച്ചു. രണ്ടാമത്തെ ഏറ് മുഖത്ത് തന്നെ ഏറ്റു. പ്രസംഗം തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ”രണ്ടാമത്തെ ഏറുകാരനാണ് നല്ല ഉന്നമുള്ളത്.” എറിഞ്ഞ കുട്ടിയെ ശിക്ഷിക്കരുതെന്ന് കോളജ് അധികൃതരോട് പറഞ്ഞിട്ടാണ് അദ്ദേഹം അവിടെനിന്നു പോയത്.
വ്യത്യസ്തമായ വിഷയങ്ങളില്‍ കരീം സാറിന്റെ ധീരവും സ്വതന്ത്രവുമായ നിലപാടുകള്‍ വ്യക്തമാക്കാന്‍ അദ്ദേഹത്തിന്റെ ചില ഉദ്ധരണികള്‍ സഹായിക്കും.
”നവലിബറല്‍ ആഗോള മുതലാളിത്തത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത ചൂഷണത്തിന്റെയും തജ്ജന്യമായ അസമത്വത്തിന്റെയും പട്ടിണിയുടെയും കൂട്ടമരണങ്ങളുടെയും ചിത്രം ദൈവവിശ്വാസികളുടെ ദൃഷ്ടിയില്‍നിന്നു കുറച്ചെങ്കിലും മറച്ചുപിടിക്കാന്‍ പാശ്ചാത്യലോകം സംഘടിതമായി ഉപയോഗിക്കുന്ന പോസ്റ്റര്‍ വുമണ്‍ ആണ് മദര്‍ തെരേസ.” ഇതേ വ്യവസ്ഥ തന്നെയാണ് സല്‍മാന്‍ റുഷ്ദിയെ പോസ്റ്റര്‍ ബോയിയായും മലാലയെ പോസ്റ്റര്‍ ഗേളായും കൊണ്ടുനടക്കുന്നതെന്ന് കരീം സാര്‍ ആക്ഷേപിക്കുന്നു.
മോദി ഭരണത്തില്‍ എല്ലാ ഫാഷിസ്റ്റ് സംവിധാനങ്ങളിലുമെന്നപോലെ അര്‍ധ ഔദ്യോഗിക ചിന്താ പോലിസും സാംസ്‌കാരിക നിയന്ത്രണ ബ്രിഗേഡുകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാവപ്പെട്ടവന്റെ നികുതിപ്പണം വിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും ചെലവഴിക്കാതെ കോര്‍പറേറ്റ് വളര്‍ച്ചയ്ക്ക് ആവശ്യമായ ലോകനിലവാരമുള്ള ദീര്‍ഘദൂര റോഡുകള്‍ക്കും റെയില്‍പ്പാതകള്‍ക്കും മറ്റ് ആധുനിക വളര്‍ച്ചാസൗകര്യങ്ങള്‍ക്കും ചെലവഴിക്കുന്നതിലെ മൂല്യരാഹിത്യത്തിന് എന്നും എതിരായിരുന്നു കരീം സാര്‍.
കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി തൊട്ട് പബ്ലിക് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് വരെ വിഭിന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ന്യൂനപക്ഷങ്ങളോടും ദലിതുകളോടുമുള്ള ചായ്‌വ് ഒരിടതുപക്ഷ ചിന്തകനെന്ന നിലയില്‍ ഒരിക്കലും അദ്ദേഹം മറച്ചുവച്ചില്ല. പല മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശയരൂപീകരണം തൊട്ട് മെറ്റീരിയലൈസേഷന്‍ വരെയുള്ള ഘട്ടങ്ങളില്‍ വഹിച്ച നേതൃത്വപരമായ പങ്കും ഭാവിചരിത്രം വിലയിരുത്തും. പുതിയ കാലത്തെ ഒരു നവോത്ഥാന നായകന്റെ ധൈഷണികമായ സാന്നിധ്യം കരീം സാറിന്റെ പൊതുജീവിതത്തില്‍ പ്രകടമായിരുന്നു. സത്യസന്ധരായ അത്തരം ബുദ്ധിജീവികളില്‍ ഒരുപക്ഷേ, അവസാനത്തെ കണ്ണി ഡോ. എന്‍ എ കരീം സാറായിരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക