|    Mar 25 Sun, 2018 1:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘ഡോ. എന്‍ എ കരീമിന് വിട

Published : 6th February 2016 | Posted By: SMR

തിരുവനന്തപുരം: ജീവിതത്തിലുടനീളം പുരോഗമനാശയങ്ങള്‍ക്കു വേണ്ടിയും വിദ്യാഭ്യാസത്തിന്റെ ജനകീയവല്‍ക്കരണത്തിനുവേണ്ടിയും പ്രവര്‍ത്തിച്ച ഡോ. എന്‍എ കരീമിന്(90) കേരളം വിടനല്‍കി. ഭൗതിക ശരീരം എല്ലാവിധ ഔദ്യോഗിക ബഹുമതികളോടുംകൂടി ഖബറടക്കി. രാവിലെ 10.40ന് ഭൗതികശരീരം വിലാപയാത്രയായി പാളയം പള്ളിയിലേക്ക് കൊണ്ടുപോയി. മയ്യത്ത് നമസ്‌ക്കാരത്തിന് പാളയം ഇമാം ഷുഹൈല്‍ മൗലവി നേതൃത്വം നല്‍കി. ചടങ്ങുകള്‍ക്കുശേഷം 11 മണിയോടെ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ രാവിലെ വസതിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.വ്യഴാഴ്ച്ച ഉച്ചയ്ക്ക് 2.30നായിരുന്നു ഡോ. എന്‍.എ കരീം പേരൂര്‍ക്കട ഇന്ദിരാനഗറിലെ സ്വവസതിയില്‍ അന്തരിച്ചത്.
എന്‍എം അഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനായി 1926 ഫെബ്രുവരി 15ന് കൊച്ചിയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളജില്‍ ചേര്‍ന്നെങ്കിലും സാമാജ്യത്വ വിരുദ്ധ സമരത്തില്‍ പങ്കെടുക്കാനായി പഠനം ഉപേക്ഷിച്ചു. പീന്നീട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് ബിരുദവും അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. കേരള സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ കരീം ഡല്‍ഹി ജാമിഅ മില്ലിയ അടക്കം നിരവധി സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകനായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്റ്റുഡന്‍സ് ഡീന്‍ ആയിരുന്നു. കേരള സര്‍വകലാശാലയില്‍ രണ്ട് തവണ പ്രോ വൈസ് ചാന്‍സലറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ ഇടത് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. നവോദയം’ എന്ന പത്രികയുടെ എഡിറ്ററായി. കൂടാതെ ‘നവയുഗം’ എന്ന പേരില്‍ സ്വന്തം ഉടമസ്ഥതയില്‍ ഒരു പത്രം നടത്തുകയും ചെയ്തു. ബിരുദത്തിന് ശേഷം ‘ചന്ദ്രിക’യില്‍ സബ് എഡിറ്ററായി ചേര്‍ന്നു. ഫറൂഖ് കോളജില്‍ തന്നെ 1953ല്‍ ട്യൂട്ടറായി സേവനം ആരംഭിച്ചു. രണ്ട് വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിന് ശേഷം അലിഗഡില്‍ നിന്ന് എംഎ ബിരുദം പൂര്‍ത്തിയാക്കി, കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ അധ്യാപികനായി. പിന്നീട് കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ചപ്പോള്‍ സ്റ്റുഡന്‍സ് ഡീന്‍ ആയി. കേരള സര്‍വകലാശാലയില്‍ രണ്ട് തവണ പ്രോ വൈസ് ചാന്‍സലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയില്‍ പ്രോ വൈസ് ചാന്‍സലര്‍ പദവി വഹിക്കുന്ന ആദ്യത്തെയാളായിരുന്നു അദ്ദേഹം.
ഭാര്യ: മീന കരീം. ബഷീര്‍ അഹമ്മദ്, ഡോ. ഫരീദ എന്നിവര്‍ മക്കളും ഡോ. മുഹമ്മദ് ഷാഫി മരുമകനുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss