|    Apr 20 Fri, 2018 2:36 pm
FLASH NEWS

ദൈവത്തിന്റെ ഇടപെടലുകള്‍

Published : 24th March 2016 | Posted By: G.A.G

Ente-rogi

ചില അനുഭവങ്ങള്‍ അങ്ങനെയാണ്. സാമാന്യബുദ്ധി കൊണ്ടോ മെഡിക്കല്‍ സയന്‍സിന്റെ തത്ത്വങ്ങളിലൂടെയോ വിശദീകരിക്കാനാവില്ല. മിറാക്കിള്‍ എന്ന ഒറ്റവാക്കില്‍ അതിനെ ഒതുക്കും. വിശദീകരിക്കാന്‍ ശ്രമിക്കുന്തോറും നിഗൂഢമായ, എന്നാല്‍ മനുഷ്യനോടു ചേര്‍ന്നുനില്‍ക്കുന്ന, യാഥാര്‍ഥ്യങ്ങളിലേക്കു കൊണ്ടുപോവുന്ന അത്തരം അനുഭവങ്ങള്‍ ചികില്‍സകര്‍ക്ക് അപൂര്‍വമായി ഉണ്ടായേക്കാം. പക്ഷേ, ദൈവത്തിന്റെ ഇടപെടലുകളില്‍ വിശ്വസിക്കുന്നവര്‍ക്ക് അത്തരം അനുഭവങ്ങളെ സംശയത്തോടെ വീക്ഷിക്കേണ്ടി വരില്ല. അതിലവര്‍ക്ക് അദ്ഭുതം തോന്നേണ്ടതുമില്ല. എന്റെ ചികില്‍സാ കാലഘട്ടത്തില്‍ സംഭവിച്ച അത്തരം രണ്ടനുഭവങ്ങളുണ്ട്.
അതില്‍ ആദ്യത്തേത് 1990കളുടെ മധ്യത്തില്‍ ഞാന്‍ ഫറോക്കിലെ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുമ്പോഴുണ്ടായതാണ്.
നട്ടെല്ലിനു വേദനയുമായാണ് മുപ്പത്തഞ്ചുകാരിയായ സ്ത്രീ എന്നെ കാണാനെത്തിയത്. പിതാവും സഹോദരിയുമാണ് കൂടെയുണ്ടായിരുന്നത്. ചികില്‍സാരേഖകള്‍ പരിശോധിച്ചപ്പോള്‍ സാധാരണ ഡോക്ടര്‍മാരെ മുതല്‍ മെഡിക്കല്‍ കോളജിലെ പ്രഫസര്‍മാരെ വരെ കണ്ടതിന്റെ രേഖകളുണ്ടായിരുന്നു. അക്കാലത്ത് സ്‌കാനിങ് അത്ര വ്യാപകമല്ലാത്തതിനാല്‍ അതെടുത്തിരുന്നില്ല. പലയിടങ്ങളില്‍ നിന്നെടുത്ത എക്‌സ്‌റേയും രക്തപരിശോധനാഫലങ്ങളും കൊണ്ടുവന്നിരുന്നു. പുതുതായി ഒരു മരുന്നും എനിക്ക് എഴുതാനുണ്ടായിരുന്നില്ല. എല്ലാം നേരത്തേ കണ്ട ഡോക്ടര്‍മാര്‍ എഴുതിയതും കാലങ്ങളായി രോഗി കഴിക്കുന്നതുമാണ്.
മരുന്നുകളൊന്നും എഴുതുന്നില്ലെന്നും നാളെ വീട്ടില്‍ നിന്ന് ഒരു കുപ്പിയില്‍ വെള്ളവുമായി എത്തണമെന്നും ഞാന്‍ അവരോട് പറഞ്ഞു. രോഗി വരേണ്ടതില്ലെന്നും പിതാവ് മാത്രം എത്തിയാല്‍ മതിയെന്നും പറഞ്ഞു. പിറ്റേന്ന് അയാള്‍ വെള്ളം നിറച്ച കുപ്പിയുമായി ക്ലിനിക്കിലെത്തി. കുപ്പി വാങ്ങി മുറിക്കകത്തു കയറി ഞാന്‍ ഏകനായ ദൈവത്തോട് മനസ്സുരുകി പ്രാര്‍ഥിച്ചു, ദൈവമേ, ഈ വെള്ളത്തിന് അതിന്റേതായ എല്ലാ കഴിവുകളും നല്‍കിയ നീ ഇതിനെ മരുന്നാക്കി മാറ്റേണമേ… വേദനകൊണ്ട് പ്രയാസപ്പെടുന്ന ആ സ്ത്രീക്ക് ഇത് മരുന്നായി മാറേണമേ… അത്രയും ആത്മാര്‍ഥമായിട്ടാണ് ഞാന്‍ പ്രാര്‍ഥിച്ചത്.
വെള്ളം നിറച്ച കുപ്പി കൈമാറിയ ശേഷം അതു ദിവസം മൂന്നു നേരം വീതം വേദനയുള്ള സ്ഥലത്ത് പുരട്ടണമെന്നു നിര്‍ദേശിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോഴുണ്ട് രാവിലെ തന്നെ എന്റെ ക്ലിനിക്കിലേക്ക് സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള സംഘം വരുന്നു. അവരില്‍ പലരും വിവിധ രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവരാണ്. ഞാന്‍ നല്‍കിയ വെള്ളം പുരട്ടിയ സ്ത്രീയുടെ  വേദന പൂര്‍ണമായും മാറിയെന്നും അതുപോലെ അവര്‍ക്കും വെള്ളം വേണമെന്നുമായിരുന്നു ആവശ്യം. എല്ലാവര്‍ക്കും ഇതുപോലെ വെള്ളം നല്‍കാനാവില്ലെന്നും ആ സ്ത്രീക്കു വേണ്ടി മാത്രമായാണ് നേരത്തേ പ്രാര്‍ഥിച്ചതെന്നും ഇനി അതിനു കഴിയില്ലെന്നും പറഞ്ഞ് അവരെ മടക്കിയയച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ലിവറിനു രോഗം ബാധിച്ച ആദിവാസി പെണ്‍കുട്ടിയും അമ്മയും കാണാനെത്തുമായിരുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസിന്റെ അവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന രോഗം. വേദനയും ശ്വാസംമുട്ടലും രൂക്ഷമാവുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയി ലിവറിലെ നീര് കുത്തിയെടുക്കും. ഇതാണ് ചെയ്തിരുന്നത്. പെണ്‍കുട്ടി വളരെ ക്ഷീണിതയായിട്ടാണ് ഒരിക്കല്‍ വന്നത്. മെഡിക്കല്‍ കോളജില്‍ പോവാന്‍ ഞാന്‍ നിര്‍ദേശിച്ചു. ‘സാറേ’ എന്നതിനു പകരം ‘ചാറേ’ എന്നായിരുന്നു അവര്‍ വിളിച്ചിരുന്നത്. ‘ചാറേ, മെഡിക്കല്‍ കോളജില്‍ ഞങ്ങള്‍ക്ക് ആരുമില്ല, ചത്താലും അങ്ങോട്ടു പോവില്ല’ അമ്മ ഉറപ്പിച്ചു പറഞ്ഞു.
ആശുപത്രിയില്‍ ദിവസവും രണ്ടുനേരം ഞാന്‍ റൗണ്ട്‌സിനു പോവാറുണ്ട്. രാവിലെ കണ്ട രോഗികളില്‍ ഗുരുതരാവസ്ഥയിലുള്ളവരെയാണ് രാത്രി കാണാറുള്ളത്. മഗ്‌രിബ് നമസ്‌കാരത്തിനു ശേഷം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുവേണ്ടി ഞാന്‍ ഏറെനേരം പ്രാര്‍ഥിക്കും. പള്ളിയില്‍ നിന്നും നേരെ ആശുപത്രിയിലേക്ക് അവരെ കാണാന്‍ പോവും. ഇതാണ് പതിവ്.
അന്ന് രാത്രിയിലെ റൗണ്ട്‌സിനു ചെന്നപ്പോഴുണ്ട് പെണ്‍കുട്ടിയുടെ അമ്മ അടുത്തേക്കു വന്ന് ശബ്ദം താഴ്ത്തി എന്നോട് സംസാരിച്ചു. മകളുടെ അസുഖം മാറാന്‍ ഞാനവര്‍ക്ക് നൂല് മന്ത്രിച്ചുകൊടുക്കണമെന്നാണ് അവരുടെ ആവശ്യം. ആരാണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ ചാറിനെ കണ്ടാല്‍ അങ്ങനെ തോന്നുമെന്നായിരുന്നു മറുപടി. ഒടുവില്‍ താമസസ്ഥലത്തു വന്നാല്‍ നൂല് നല്‍കാമെന്നു സമ്മതിപ്പിച്ചിട്ടേ അവര്‍ എന്നെ വിട്ടുള്ളൂ. ആ പെണ്‍കുട്ടിക്കു വേണ്ടിയും ഏറെ സമയം ഞാന്‍ പ്രാര്‍ഥിക്കുകയും നൂലു നല്‍കുകയും ചെയ്തു. ദിവസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടി അദ്ഭുതകരമായി സുഖം പ്രാപിച്ചു. മരുന്നുകളും മുടങ്ങാതെ കഴിക്കുന്നുണ്ടായിരുന്നു. നീരുവന്ന് വീര്‍ത്ത വയര്‍ ചുരുങ്ങി. ആറു ദിവസത്തിനകം വളരെ ആരോഗ്യവതിയായി അവള്‍ ആശുപത്രി വിട്ടു.
ഇനിയാണ് സംഭവത്തിന്റെ ക്ലൈമാക്‌സ്. ദിവസങ്ങള്‍ക്കു ശേഷം ഉച്ചഭക്ഷണം കഴിക്കാന്‍ ഞാന്‍ വീട്ടിലെത്തിയപ്പോള്‍ മുഴുത്ത ഒരു പൂവന്‍കോഴിയുമായി ആ പെണ്‍കുട്ടിയുടെ അമ്മ എന്നെ കാത്തുനില്‍ക്കുന്നു. ‘ചാറേ, മകളുടെ രോഗം മാറാന്‍ ചാറിന്റെ പേരില്‍ നേര്‍ച്ചയാക്കിയ കോഴിയാണ്, രോഗം മാറി ചാറിത് വാങ്ങണം’. നൂല് മന്ത്രിച്ചൂതുന്നതില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞിട്ടൊന്നും അവര്‍ വകവച്ചില്ല. കോഴിയെ അകത്തേക്കു വച്ച് അവര്‍ തിരിച്ചുപോയി. തനിച്ചു താമസിക്കുന്നയാളായതിനാല്‍ എന്റെ പേരില്‍ നേര്‍ച്ചയാക്കിയ കോഴിയെ ഞാന്‍ കറി വച്ചില്ല, പകരം അടുത്ത വീട്ടിലെ ഉമ്മയ്ക്ക് സംഭാവന ചെയ്തു.
വിശദീകരണങ്ങള്‍ക്കും അപ്പുറമാണ് സൂചിപ്പിച്ച രണ്ടനുഭവങ്ങളും. പച്ചവെള്ളം എങ്ങനെ മരുന്നായി മാറുമെന്നോ, നൂലുകൊണ്ട് രോഗം മാറ്റാമെന്നോ മെഡിക്കല്‍ സയന്‍സില്‍ ഞാനെന്നല്ല ആരും പഠിക്കുന്നില്ല. പക്ഷേ, ചില അവസരങ്ങളില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നു. അല്ലെങ്കില്‍ ഉണ്ടായിത്തീരുന്നു. ഇതിലപ്പുറം ഇതിന് വിശദീകരണം നല്‍കാന്‍ എനിക്കു കഴിയില്ല. ി

[ ഡോ. അലി അഷ്‌റഫ് ടി കെ തിരൂര്‍ ജില്ലാ
ആശുപത്രിയിലെ മുന്‍ ആര്‍എംഒ ആണ്‌ ]

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss