|    Jan 21 Sat, 2017 7:41 am
FLASH NEWS

ഡോ. അംബേദ്കര്‍ എങ്ങനെ ഹിന്ദുവാകും

Published : 3rd October 2015 | Posted By: G.A.G

 

AMBEDKAR

എം.കെ. മനോജ്കുമാര്‍

ചരിത്രം പുനര്‍വിചിന്തനത്തിന് വിധേയമാകുമ്പോള്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. എന്നാല്‍ ബോധപൂര്‍വ്വം ചരിത്രത്തെ വളച്ചൊടിച്ച് ഭൂതകാല യാഥാര്‍ത്ഥ്യങ്ങളെയും, അനുഭവങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് വ്യക്തമായ സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടാകുമെന്നത് നിസ്തര്‍ക്കമാണ്.  അത്തരത്തില്‍ ചരിത്ര സത്യങ്ങളെ നിരാകരിച്ചുകൊണ്ട് തങ്ങള്‍ക്ക് അനുകൂലമാംവിധത്തില്‍ ചരിത്രം പുനര്‍നിര്‍മ്മിതി നടത്താന്‍ ഗൂഢ നിലപാടുകളുമായി ചില വ്യക്തികളും സംഘടനകളും രംഗപ്രവേശനം ചെയ്തിരിക്കുന്നത് സംശയാസ്പദവും ഉത്കണ്ഠാജനകവുമാണ്.കേരളത്തിന്റെ ദേശീയ വാരികയെന്ന അവകാശവാദത്തോടെ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ഒരു വാരികയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഡോ. അംബേദ്കറെ ഹിന്ദു മതത്തിന്റെ അവിഭാജ്യഘടകമായി വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള ലേഖന പരമ്പരതന്നെ പ്രത്യക്ഷപ്പെടുകയുണ്ടായി.ഡോ. അംബേദ്കറെ കുറിച്ച് വായിക്കുകയും വസ്തുനിഷ്ഠമായി പഠിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും അദ്ദേഹം ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നുവെന്ന് വാദിക്കാന്‍ കഴിയുകയില്ല. അത്രമാത്രം ഹിന്ദുമതത്തിലെ വിവേചനത്തിനെതിരെ പോരാടുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.

കാരണം, അദ്ദേഹം പിറന്നത് ഹിന്ദുമതത്തിന്റെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമായിട്ടുള്ള ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വിഭാഗത്തിലും ഉള്‍പ്പെടാതിരുന്ന പഞ്ചമര്‍ എന്ന വിഭാഗത്തിലായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ശൂദ്രനെ ജാതി ശ്രേണിയുടെ ചുവട്ടില്‍ പ്രതിഷ്ഠിച്ചിരിക്കുന്നുവെന്ന് മാത്രമല്ല, പിന്നെയോ നിയമ പ്രകാരം അവന് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്തുനിന്ന് അവന്‍ ഉയര്‍ന്ന് വരുന്നത് തടയുന്നതിന് വേണ്ടി എണ്ണമറ്റ അപകര്‍ഷങ്ങള്‍ക്കും അവകാശങ്ങള്‍ക്കും അവനെ വിനിയോഗിക്കുകയും ചെയ്യുന്നുണ്ട്.നിശ്ചയമായും അസ്പൃശ്യരുടേതായ അഞ്ചാം വര്‍ണ്ണം (പഞ്ചമര്‍) ആവിര്‍ഭവിക്കുന്നതിന് മുമ്പ് ഹിന്ദുക്കളുടെ ദൃഷ്ടിയില്‍ ശൂദ്രര്‍, താഴ്ന്ന ജാതികളുടെ ഗണത്തില്‍ത്തന്നെ ഏറ്റവും താഴ്ന്നവരായിരുന്നു.

VAIKOM_SATYAGRAHA-AKALI7

ഡോ. അംബേദ്ക്കര്‍ ഭൂജാതനായ മഹര്‍ ജാതിയും സാമൂഹിക ഘടനയുടെ ഏറ്റവും അടിത്തട്ടിലുള്ളതായിരുന്നു. ഡോ.അംബേദ്കറുടെ ജീവിതകാലമത്രയും, തന്റെ വിദ്യാഭ്യാസ-ഔദ്യോഗിക-സാമൂഹിക  രാഷ്ട്രീയ പ്രവര്‍ത്തന മേഖലകളില്‍ അദ്ദേഹത്തിന് ഏപ്പോഴും

വൈക്കം സത്യാഗ്രഹപ്പന്തലില്‍ നിന്ന്

എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നതും ജാതി ഹിന്ദുക്കളില്‍ നിന്നായിരുന്നുവെന്നത് തെളിവുകള്‍ സഹിതം സമര്‍ഥിക്കാന്‍ ഒട്ടേറെ രേഖകളുണ്ട്. ഒരു ഹിന്ദുവിന്റെ പദവി നിര്‍ണയിക്കുന്നതിനുള്ള അധികാരം പൂര്‍ണ്ണമായും ബാഹ്മണതാത്പര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.ഏതൊരു ഹിന്ദുവിന്റെ പദവിയും ഏത് സമയത്തും ശരിവെക്കാനും റദ്ദാക്കാനുമുള്ള അധികാരം ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നും ഹൈന്ദവ സംഹിതകള്‍ പലതും വെളിപ്പെടുത്തുന്നു. ബി.സി 1500-ല്‍ രചിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന മനുസ്മൃതി ഹിന്ദുമതത്തിന്റെ സമഗ്ര നിയമസംഹിതയായാണ് അവതരിപ്പിക്കപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാരായ ഹിന്ദു സമൂഹം ആരാധനയോടെ കാണുന്ന പണ്ഡിത ബ്രാഹ്മണനും സന്യാസിയുമായിരുന്നത്രെ മനു. അദ്ദേഹത്തിന്റെ സൃഷ്ടിയാണ് മനുസ്മൃതി. മനുവിന്റെ നിയമങ്ങള്‍ നടപ്പാക്കണമെന്ന പ്രചരിപ്പിക്കുന്നതിനുവേണ്ടി നിയുക്തമാണ് ആര്‍.എസ്.എസ്. ഉള്‍പ്പെടുന്ന സംഘപരിവാര്‍ സംഘടനകളും അവരുടെ പ്രസിദ്ധീകരണങ്ങളും. 1925-ലെ ആര്‍.എസ്.എസിന്റെ രൂപീകരണംതന്നെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി തീര്‍ക്കുക  എന്ന ഏക ലക്ഷ്യത്തിലൂന്നിയാണ്. മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു ഭരണകൂടത്തിന്റെ രൂപീകരണവും പ്രവര്‍ത്തനങ്ങളും, അസ്പൃശ്യജനതയെ ആയിരിക്കും ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുക എന്ന ദീര്‍ഘവീക്ഷണമാണ് 1928-ല്‍ മനുസ്മൃതിയുടെ ഒരു കോപ്പി നര്‍മ്മദാനദി തീരത്തുവെച്ച് കത്തിക്കുന്നതിന് ഡോ. അംബേദ്ക്കറെ പ്രേരിപ്പിച്ചത്. ഹിന്ദുവാണെന്ന് വാദിക്കുന്നവര്‍ എന്തുകൊണ്ട് ഇത്തരം സംഭവങ്ങള്‍ വിസ്മരിക്കുന്നു. തീര്‍ച്ചയായും അത് മനഃപൂര്‍വ്വമല്ല. ഡോ. അംബേദ്ക്കറെന്ന ഇതിഹാസ പുരുഷന്‍ വര്‍ത്തമാനകാല അധികാര രാഷ്ട്രീയത്തിന് അവഗണിക്കാനാവാത്ത ആള്‍ രൂപമായിരിക്കുന്നുവെന്നത് കൊണ്ടുമാത്രമാണത്.


അംബേദ്ക്കറിസത്തെ കൂടുതല്‍ അറിയുകയും പഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറിവരുന്നുണ്ട്. പ്രത്യേകിച്ചും അയിത്ത ജനത ഡോ. അംബേദ്ക്കറെ തങ്ങളുടെ വിമോചകനായി അംഗീകിരിക്കുകയും അംബേദ്ക്കറിസം പ്രചരിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. അംബേദ്ക്കറിസത്തിന്റെ വ്യാപനം ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഗൂഢ അജണ്ടക്ക് വിഘാതമായിത്തീരുമെന്ന തിരിച്ചറിവാണ് ഡോ. അംബേദ്ക്കറെ ഹിന്ദു മതത്തിന്റെ വക്താവായി ചിത്രീകരിച്ചുകൊണ്ട് പുതിയ കെട്ടുകഥകള്‍ മെനയാന്‍ സംഘപരിവാര ബുദ്ധികേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നത്. 


അംബേദ്ക്കറെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഒരു രാഷ്ട്രീയ ദര്‍ശനത്തിനും അധികാര സംവിധാനങ്ങള്‍ക്കും അധികകാലം നിലനില്‍ക്കാനാവില്ലെന്ന തിരിച്ചറിവ് ആദ്യം മനസ്സിലാക്കിയ സംഘപരിവാര്‍ ബുദ്ധിയെ തീര്‍ച്ചയായും പ്രശംസിക്കണം. അകറ്റി നിര്‍ത്തപ്പെടുന്നതിന്റെ ഉത്തരം നല്‍കുന്നതിനെക്കാള്‍ അടുപ്പിച്ചുനിര്‍ത്തി സ്വന്തമാക്കുകയെന്ന ബ്രാഹ്മണതന്ത്രമാണ് ഇവിടെയും കാണാനാകുന്നത്. തലമുറകളായി മര്‍ദ്ദിതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ഒരു മഹാജനസഞ്ചയത്തിന്റെമേല്‍ ബ്രാഹ്മണിസവും അതിനുകാരണമായ ഹിന്ദുമതവുമാണ് ജാതിയും അയിത്തവും നിലനിര്‍ത്തുന്നെതന്ന് ഡോ. അംബേദ്ക്കര്‍ക്ക് ബോദ്ധ്യപ്പെട്ടു. ജാതിയും, അയിത്തവും ഉന്മൂലനം ചെയ്യപ്പെടാത്ത ഹിന്ദുമതം അദ്ദേഹത്തിന് ഒരിക്കലും സ്വീകാര്യമായിരുന്നില്ല. തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അയിത്ത ജനവിഭാഗങ്ങള്‍ക്കുവേണ്ടി അദ്ദേഹം നയിച്ച വിപ്ലവകരമായ ഒട്ടേറെ സാമൂഹിക സമരമുഖങ്ങളില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയതും എക്കാലവും ഹിന്ദു സമൂഹമായിരുന്നു. ഹിന്ദു സാമൂഹിക വ്യവസ്ഥ അല്ലെങ്കില്‍ ചാതുര്‍വര്‍ണ്യസിദ്ധാന്തം നിലനില്‍ക്കുന്നിടത്തോളം അസ്പൃശ്യര്‍ക്കെതിരെയുളള വിവേചനം നിലനില്‍ക്കുകതന്നെ ചെയ്യുമെന്ന് ഡോ. അംബേദ്ക്കര്‍ നിരീക്ഷിച്ചു.

ഋഗ്വേദം 10-ാം മണ്ഡലത്തിലുളള 90-ാം കീര്‍ത്തനത്തില്‍ വിവരിച്ചിട്ടുളള ചാതുര്‍വര്‍ണ്ണ്യത്തെ ആധാരമാക്കിയ ഹിന്ദു സമൂഹഘടനയില്‍ നാലുവിഭാഗം മനുഷ്യരെക്കുച്ച് മാത്രമാണ് പരാമര്‍ശിക്കുന്നത്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍. ഈ നാലു വിഭാഗത്തിനും ചെയ്തുവരേണ്ട കുലത്തൊഴിലുകളും പ്രത്യേകമായി മനുസ്മൃതിക്കാരന്‍ പറയുന്നുണ്ട്. പക്ഷേ, വിചിത്രമെന്നു പറയട്ടെ, ലോകത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത വിധത്തിലാണ് ഇവരുടെ സൃഷ്ടികര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. പുരുഷസൂക്തമെന്ന പ്രസിദ്ധമായ വേദവാക്യപ്രകാരം ബ്രാഹ്മണര്‍ സ്രഷ്ടാവിന്റെ വായില്‍നിന്നും, ക്ഷത്രിയന്‍ കൈകളില്‍നിന്നും, വൈശ്യന്‍ തുടകളില്‍നിന്നും, ശൂദ്രന്‍ പാദത്തില്‍നിന്നുമാണ് ജനിച്ചിട്ടുളളത്. ബ്രാഹ്മണന് ആരാധനാ കര്‍മ്മങ്ങളും, ക്ഷത്രിയന് അയോധനവും രാജ്യഭാരവും, വൈശ്യന് വ്യാപാരം, കൃഷി എന്നിവയും ജീവിതവൃത്തിയായി നിശ്ചയിച്ച സ്മൃതികാരന്‍ (മനു) ശൂദ്രന്റെ കുലത്തൊഴില്‍ മറ്റ് മൂന്ന് വര്‍ഗക്കാരുടെയും ദാസ്യവൃത്തിയാണെന്ന് അനുശാസിക്കുകയും ചെയ്തു. ഈ ജാതി ഘടനയില്‍ ഒരിടത്തും അയിത്തജാതിക്കാര്‍ക്ക് സ്ഥാനമില്ല. നാലു വര്‍ണ്ണങ്ങള്‍ക്കും പുറത്തായി ‘പഞ്ചമര്‍’ എന്നൊരു കൂട്ടമായി മനുഷ്യകുലത്തില്‍പ്പോലും ഉള്‍പ്പെടാത്തവരായി അയിത്തജാതിക്കാര്‍ അസ്പൃശ്യരായി അകറ്റി നിര്‍ത്തപ്പെട്ടു.

ANCIENTPHOTOS7_NAGY

1930 മുതല്‍ 1935 വരെ നാസിക്കില്‍ നടന്ന കലാരാം മന്ദിര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്ന ഡോ. അംബേദ്കര്‍

ലോകത്ത് ഒരിടത്തും മനുഷ്യന്‍ ആരുടെയെങ്കിലും ശരീരാവയവങ്ങളില്‍നിന്നും പിറവികൊണ്ടതായി കേട്ടറിവുപോലുമില്ല. ഹിന്ദുക്കള്‍ ആരാധിക്കുന്ന അവരുടെ മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പോലും മനുഷ്യാവതാരം എടുക്കുന്നതിനുമുമ്പ് ഏതെങ്കിലുമൊരു മനുഷ്യസ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍കിടന്ന് വളര്‍ച്ചപ്രാപിച്ചു പുറത്തുവന്നതായിട്ടേ ഐതിഹ്യങ്ങള്‍പോലും പരാമര്‍ശിക്കുന്നുളളു. അത്തരം ചരിത്രസത്യങ്ങളെ വെല്ലുവിളിക്കുന്ന ഉല്പത്തിക്കഥയുടെ പൊയ്കാലില്‍ നിന്നുകൊണ്ടാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ (സവര്‍ണ്ണജാതി) ജാതി ശ്രേഷ്ഠരുടെ വിജയവൈജയന്തി പാറിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ ആചാരവിശ്വാസങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഈ പ്രഹേളിക വിജയിച്ച് മുന്നേറുകയാണ്. അതിന്റെ ഉറവിടമായ മനുസ്മൃതിയാണ് മാനുഷിക നീതിയെ  നിഷേധിക്കുന്ന ആചാരസംഹിതകളാല്‍ മനുഷ്യരെ അടിമകളാക്കി തീര്‍ത്തിട്ടുളളത്. പുരുഷസൂക്തം സിദ്ധാന്തിക്കുന്ന ഈ ജാതി ശ്രേണീഘടനയെ ശ്രീബുദ്ധനാണ് ആദ്യം ചോദ്യം ചെയ്തത്. പുരുഷസൂക്തം അവതരിപ്പിച്ച ആശയത്തിന്റെ പവിത്രതയെ ചോദ്യം ചെയ്തവരെയെല്ലാംതന്നെ ഹിന്ദുസമൂഹഘടനയുടെ ശില്പിയായ മനു തരംതാഴ്ത്തുകയുണ്ടായി.


ഹിന്ദു സമുദായത്തിലെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ചണ്ഡാലന്റെ ഉല്പത്തിയെ വിവരിക്കുന്ന 12-ാം വാക്യം നോക്കുക. ‘ഒരു ശൂദ്രന് വൈശ്യ സ്ത്രീയിലോ, മിശ്രജാതി സ്ത്രീയിലോ, ബ്രാഹ്മണസ്ത്രീയിലോ ജനിക്കുന്ന സന്താനങ്ങളാണ് മനുഷ്യജാതിയില്‍ അധഃമമെന്നുവച്ചിട്ടുളള അയോഗമ, കസ്തര്‍, ചണ്ഡാലന്മാര്‍’. എന്നാല്‍ ഉയര്‍ന്നജാതിയില്‍പ്പെട്ട പുരുഷന്‍ താഴ്ന്നജാതിയില്‍പ്പെട്ട സ്ത്രീയെ പ്രാപിക്കുമ്പോള്‍ അത് സ്മൃതിക്കാരന്റെ   ദൃഷ്ടിയില്‍ തെറ്റല്ലെന്നു മാത്രമല്ല, അതിന് നിയമസമ്മതിയുണ്ടുതാനും.


മനുസ്മൃതി 10-ാം അദ്ധ്യായം 37 മുതല്‍ 43 വരെയുളള വാക്യങ്ങള്‍ ചണ്ഡാലനെയും (അയിത്തക്കാരന്‍) അവന്റെ സംസര്‍ഗത്താല്‍ ജനിക്കുന്ന മറ്റ് മിശ്രജാതികളെയും കുറിച്ചുളള വിവരണങ്ങളാണ്. അവരുടെ ജീവിതാവശ്യങ്ങള്‍, പാര്‍പ്പിടസ്ഥാനങ്ങള്‍, ആഹാരം, വസ്ത്രധാരണരീതി മുതലായ കാര്യങ്ങള്‍ 51 മുതല്‍ 55 വരെയുളള വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്നു. വാക്യം 51:- ചണ്ഡാലന്റെയും ശ്വാപകന്റെയും താമസസ്ഥലം ഗ്രാമത്തിനുപുറത്തായിരിക്കണം. അവര്‍ക്ക് പാത്രങ്ങളില്‍ ഭക്ഷണം നിഷേധിക്കണം. നായ്ക്കളും കഴുതകളും ഉള്‍പ്പെടുന്നതാണ് അവരുടെ സ്വത്ത്.വാക്യം 52:- അവര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍, ശവശരീരങ്ങള്‍ മറവു ചെയ്യുമ്പോള്‍ ധരിപ്പിച്ചിരുന്നതായിരിക്കണം. ഭക്ഷണം ഉടഞ്ഞ പാത്രങ്ങളിലേ ആകാവു. ആഭരണം ഇരുമ്പുകൊണ്ടുമാത്രം നിര്‍മ്മിക്കപ്പെട്ടവയായിരിക്കമെന്നു മാത്രമല്ല, അവര്‍ സദാ അലഞ്ഞുതിരിയുകയും വേണം.

വാക്യം 53:-  പരിശുദ്ധ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന യാതൊരാളും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കരുത്. അവരുടെ വ്യാപാര ഇടപാടുകള്‍ അവര്‍ക്കിടയില്‍ മാത്രമാവണം. വിവാഹവും അങ്ങനെയായിരിക്കണം. വാക്യം 54:- മറ്റുളളവരെ ആശ്രയിച്ചായിരിക്കണം അവരുടെ ആഹാരം. അതും ഉടഞ്ഞ പാത്രങ്ങളില്‍ മാത്രം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും രാത്രികാലങ്ങളില്‍ അലഞ്ഞു നടക്കരുത്. വാക്യം 55:- തിരിച്ചറിയപ്പെടുന്നതിന് രാജാവു ശിക്ഷാ രൂപത്തിലേല്പിച്ച അടയാളങ്ങളോടുകൂടി അവന്‍ പകല്‍ സമയത്തു ജോലി ചെയ്യാന്‍ പോകണം.

113-BABASAHEB-AMBEDKAR_BIG ബന്ധുക്കളില്ലാത്തവര്‍ മരണപ്പെട്ടാല്‍ അവരുടെ ശവം ചുമക്കണം. അങ്ങനെയാണ് സ്മൃതികളാലും, സൂത്രങ്ങളാലും മനുഷ്യകുലത്തില്‍നിന്ന് പുറം തളളപ്പെട്ട ആദിമജനതയുടെ ഇടയില്‍ ജനിച്ച ഡോ. അംബേദ്ക്കര്‍ തന്റെ ജനസമൂഹത്തിന്റെ വിമോചനത്തിനു കാരണവും തടസ്സവുമായ ഹിന്ദുമതത്തിന്റെ പ്രാകൃതവും

1956 ഒക്ടോബര്‍ 14ന് നാഗ്പൂരില്‍ വച്ച് അംബേദ്കര്‍ അനുയായികള്‍ക്കൊപ്പം ബുദ്ധമതം ആശ്ലോഷിച്ചപ്പോള്‍

കിരാതവുമായ നിയമസംഹിതകള്‍ക്കെതിരെ പോരാടാന്‍ തയ്യാറെടുക്കുന്നത്.1928-ല്‍ ഹിന്ദുമതത്തിന്റെ ഭരണഘടനയായ മനുസ്മൃതി കത്തിച്ചുകൊണ്ടായിരുന്നു അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വാതന്ത്ര്യപോരാട്ടത്തിന് അദ്ദേഹം പടയൊരുക്കം തുടങ്ങിയത്. ഹിന്ദുക്കളുമായി സമരസപ്പെട്ടു മുന്നോട്ട് പോകുവാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടികള്‍ ഒന്നിനുപിറകെ ഒന്നായി നേരിടേണ്ടി വന്നപ്പോള്‍ ഡോ. അംബേദ്ക്കര്‍, മത പ്രശ്‌നം ചര്‍ച്ച ചെയ്യാനായി താന്‍ ജനിച്ചു വളര്‍ന്ന മഹര്‍ ജാതി കോണ്‍ഫ്രന്‍സില്‍ നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം ശ്രദ്ധേയമായിരുന്നു. ഹിന്ദുമതത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ വിലയിരുത്തി. ”മനുഷ്യന്റെ ആത്മാഭിമാനത്തെ അംഗീകരിക്കുന്നത് പാപമായി കാണുന്ന മതം മതമല്ല, രോഗമാണ്. ഒരു മനുഷ്യന് വൃത്തികെട്ട ഒരു മൃഗത്തെ തൊടാന്‍ അനുവാദം നല്‍കുകയും മറ്റൊരു മനുഷ്യനെ തീണ്ടാന്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്ന മതം മതമല്ല.

ഭ്രാന്താണ്.  ഒരു വര്‍ഗം വിജ്ഞാനം നേടരുത്, ധനം സമ്പാദിക്കരുത് എന്നിങ്ങനെ അനുശാസിക്കുന്ന മതം മതമല്ല, ജീവിതത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. പഠിക്കാത്തവര്‍ പഠിക്കാത്തവരായിത്തന്നെ നില നില്‍ക്കണമെന്നും പാവങ്ങള്‍ പാവങ്ങളായിതന്നെ അവശേഷിക്കണമെന്നും പഠിപ്പിക്കുന്ന മതം മതമല്ല, ശിക്ഷയാണ്.”  ഈ പ്രസംഗത്തെ തുടര്‍ന്നാണ് ഹിന്ദുമതം ഉപേക്ഷിക്കാന്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ മഹര്‍ കോണ്‍ഫ്രന്‍സ് തീരുമാനം എടുത്തത്.”അസ്പൃശ്യതയുടെ വേരുകള്‍ ജാതിവ്യവസ്ഥയിലാണ്. ജാതിവ്യവസ്ഥയുടെ വേരുകള്‍ വര്‍ണ്ണാശ്രമമവുമായി (ചാതുര്‍വര്‍ണ്ണ്യം) ബന്ധപ്പെട്ട മതത്തിലും. വര്‍ണ്ണാശ്രമത്തിന്റെ വേരുകളാവട്ടെ ബ്രാഹ്മണിക മതത്തിലും. ബ്രാഹ്മണിക മതത്തിന്റെ വേരുകള്‍ സേച്ഛാധിപത്യം എന്ന രാഷ്ട്രീയ അധികാരത്തിലും.” 1935 ഒക്‌ടോബര്‍ 13ന് യെവ്‌ലയില്‍ ചേര്‍ന്ന മത പരിവര്‍ത്തന സമ്മേളനത്തില്‍ അദ്ദേഹം സ്പഷ്ടമാക്കിയത് ഇങ്ങനെ: ”ജനനംകൊണ്ട് ഞാന്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കുകയില്ല.” ചരിത്രപ്രസിദ്ധമായ ഈ പ്രഖ്യാപനം അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.

MANUSMRITHIഅയിത്തജാതിക്കാര്‍ ഹിന്ദുമതം ഉപേക്ഷിച്ചാല്‍ ഹിന്ദുമതം തകരുമെന്ന് ഭയപ്പെട്ട ഹൈന്ദവ ദേശീയവാദികള്‍ ഡോ. അംബേദ്ക്കറോട് അദ്ദേഹത്തിന്റെ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഒട്ടേറെ ലോകനേതാക്കള്‍ തങ്ങളുടെ മതങ്ങളിലേക്ക് അദ്ദേഹത്തെ സഹര്‍ഷം സ്വാഗതം ചെയ്തു. പക്ഷേ, അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു. ഹിന്ദുമതം ഉപേക്ഷിക്കുമെന്ന 1935-ലെ പ്രഖ്യാപനത്തിനുശേഷം ജാതിഹിന്ദുക്കളുടെ മനഃപരിവര്‍ത്തനത്തിനുവേണ്ടി തന്റെതായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി.1930-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിലും കേരളത്തിലും അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്തത്. അതും ഏറെ നാളുകള്‍ നീണ്ട സമരത്തിനു ശേഷം. 1920-ല്‍ ബോംബെയിലെ ഗണപതി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ മഹറുകള്‍ ശ്രമിച്ചു. ക്ഷേത്രപ്രവേശനത്തിനായി അമരാവതിയിലും പൂനയിലും അവര്‍ സത്യാഗ്രഹങ്ങള്‍ നടത്തിയെങ്കിലും ജാതി ഹിന്ദുക്കള്‍ അത് അനുവദിച്ചില്ല. പ്രസിദ്ധമായ കലാരാം ക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് 1930 മുതല്‍ 35 വരെ മഹാരാഷ്ട്രയിലെ നാസിക്കില്‍ നീണ്ട അഞ്ചുവര്‍ഷക്കാലം ബഹുജനസത്യാഗ്രഹം നടത്തി. കേരളത്തിലും സമാനമായ സമരങ്ങളുണ്ടായി. 1917-ല്‍ ശ്രീമൂലം പ്രജാസഭാ അംഗമായിരുന്ന കുറുമ്പന്‍ ദൈവത്താന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പുലയര്‍ ചെങ്ങന്നൂര്‍ അമ്പലത്തില്‍ അതിക്രമിച്ചു കയറി.

വൈക്കം സത്യാഗ്രഹം (1924-25), ഗുരുവായൂര്‍ സത്യാഗ്രഹം (1931-32) എന്നിവയെല്ലാം അയിത്തജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം വേണമെന്നാവശ്യപ്പെട്ട് നടത്തേണ്ടിവന്ന സമരങ്ങളായിരുന്നു. 1936 നവംബര്‍ 12-നാണ് ക്ഷേത്രപ്രവേശനം അധഃകൃതര്‍ക്ക് അനുവദിച്ചുകൊണ്ടുളള വിളംബരം തിരുവിതാംകൂറില്‍ പോലും നടപ്പാക്കുന്നത്. അതായത് ഹിന്ദുമതം തങ്ങളുടെ ദൈവങ്ങളെ ആരാധിക്കാന്‍ അയിത്തജാതിക്കാര്‍ക്ക് അനുവാദം നല്‍കുന്നത് കേവലം 79 വര്‍ഷങ്ങള്‍ക്കുമുമ്പാണ്.  അന്നുമുതല്‍ മാത്രമാണ് 3500 വര്‍ഷത്തിലേറെ പഴക്കമുളള ഹിന്ദു മതത്തിന്റെ ഭാഗമാകാന്‍ ദളിതര്‍ക്കു സാധ്യമായത്. പക്ഷേ, ഇപ്പോഴും ഹിന്ദുത്വത്തിന്റെ ആധികാരികതയ്ക്ക് പുറത്തുതന്നെയാണ് ദലിതരുടെ സ്ഥാനം.

ജാതിയെ നിലനിര്‍ത്തികൊണ്ട് അയിത്ത നിര്‍മാര്‍ജ്ജനം നടത്താമെന്നാണ് ഗാന്ധി ഉള്‍പ്പെടെയുളള ഹൈന്ദവദേശീയ നേതാക്കള്‍ ഉദ്‌ഘോഷിച്ചത്. എന്നാല്‍ ഗാന്ധിയുടെ തനിനിറം കമ്മ്യൂണല്‍ അവാര്‍ഡിന്റെ ചര്‍ച്ചാവേളയില്‍ കുറേക്കൂടി വ്യക്തമാക്കപ്പെട്ടു. കമ്മ്യൂണല്‍ അവാര്‍ഡിലൂടെ ഇന്ത്യയിലെ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക സംവരണ മണ്ഡലങ്ങള്‍ അനുവദിച്ചാല്‍ സ്വന്തം ജീവന്‍ കൊടുത്തും മരണംവരെ നിരാഹാരം അനുഷ്ഠിച്ച് അതിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഗാന്ധി  യര്‍വാദാ ജയിലില്‍ നിരാഹാരം തുടങ്ങുകയും ചെയ്തു. ഒട്ടേറെ സമരമുഖങ്ങള്‍ക്കിടയില്‍  1913 മുതല്‍ 1948 ജനുവരി 13 വരെ വിവിധ കാലയളവുകളിലായി 17 സത്യാഗ്രഹങ്ങള്‍ അനുഷ്ഠിച്ച ഗാന്ധി മരണംവരെ നിരാഹാരം പ്രഖ്യാപിച്ച ഏക സത്യാഗ്രഹം അയിത്തജാതിക്കാര്‍ക്ക് പ്രത്യേക സംവരണമണ്ഡലങ്ങള്‍ അനുവദിക്കുന്നതിന് എതിരെയായിരുന്നവെന്നത് ശ്രദ്ധേയമാണ്. 1924 മാര്‍ച്ച് 12നു യങ് ഇന്ത്യ മാസികയില്‍ ഗാന്ധി ഇങ്ങനെ എഴുതി; ‘എന്റെ അഭിപ്രായത്തില്‍ ജാതി സമ്പ്രദായത്തിന് അടിത്തറയുണ്ട്.

അതിനെതിരായി കലഹം കൂട്ടുന്നതില്‍ അര്‍ഥമില്ല.’ ജാതി തൊഴിലധിഷ്ഠിതമാണെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച ഗാന്ധിയെ നേരില്‍കണ്ട് ഈഴവര്‍ ഉള്‍പ്പെടെയുള്ള അയിത്ത ജാതിക്കാര്‍ ഹിന്ദുക്കളാണെന്ന കള്ളപ്രചാരണം അവസാനിപ്പാക്കാന്‍ 1934-ല്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ കൊച്ചിയിലെ പള്ളുരുത്തിയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി. യോഗം ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഹിന്ദു മതം ഭാരതത്തിന്റെ മഹാശാപം. മഹാത്മജി, മതശൃംഖല വെട്ടിമുറിച്ച് ഭാരതത്തെ രക്ഷിക്കൂ എന്നും അസന്നിഗ്ധമായ ഭാഷയില്‍ യോഗ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

(പ്രൊ. എം.കെ. സാനു: -സഹോദരന്‍ അയ്യപ്പന്‍, പേജ് 471).1947-ലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു ശേഷവും ജാതിഹിന്ദുക്കള്‍ സ്വയം പരിഷ്‌കരിക്കുന്നതിനു തയ്യാറാകാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയതോടെയാണ് ഡോ. അംബേദ്ക്കര്‍ ഹിന്ദുമതത്തെ പരിഷ്‌കരിക്കാനും ഹിന്ദുക്കള്‍ക്ക് ഏക സിവില്‍കോഡ് നിര്‍മ്മിക്കാനും വേണ്ടി 1951-ല്‍ ഹിന്ദു കോഡ് ബില്ലിലൂടെ അവസാനഘട്ട ശ്രമം നടത്തിയത്. എന്നാല്‍ പാര്‍ലമെന്റിനകത്തും പുറത്തും ജാതിഹിന്ദുക്കള്‍ ഹിന്ദുകോഡ് ബില്ലിനെ പരാജയപ്പെടുത്തിയത് ഡോ. അംബേദ്ക്കറുടെ മതവിപ്ലവത്തിന്റെ ശക്തിയും തീവ്രതയും വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.

1956 നവംബര്‍ 15ന് കാട്മണ്ഡുവില്‍ച്ചേര്‍ന്ന ബുദ്ധമതസമ്മേളനത്തില്‍ ‘ബുദ്ധനും മാര്‍ക്‌സും’ എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ച അദ്ദേഹം പറഞ്ഞു: ‘ലോകത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് പ്രത്യേക സാഹചര്യങ്ങളുടെയും സമ്പ്രദായങ്ങളുടെയും ഫലമായി ഉണ്ടാകുന്നതാണ്. മതവുമായിട്ട് അതിനൊരു ബന്ധവുമില്ല. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അതല്ല സ്ഥിതി. അസമത്വം ഹിന്ദുമതത്തിന്റെ പ്രാണവായുപോലെ അനുഭവപ്പെടുന്നു. B.R._Ambedkar_in_1950സമത്വത്തില്‍ ജാതിഹിന്ദു വിശ്വസിക്കുന്നില്ല. ജനാധിപത്യമര്യാദകളും അവന് അജ്ഞാതമാണ്. സാമൂഹ്യമായി പറഞ്ഞാല്‍ ഓരോ ഹിന്ദുവും യാഥാസ്ഥിതികനും, രാഷ്ട്രീയമായി പറഞ്ഞാല്‍ ഉല്‍പതിഷ്ണുവുമാണ്. ക്ഷേത്രപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അയിത്തജാതിക്കാരോട് പ്രസംഗിക്കവേ ഒരു പൊതുസമ്മേളനത്തില്‍ അംബേദ്ക്കര്‍ ഇപ്രകാരം പറഞ്ഞു: ‘കഴുത്തില്‍ തുളസിമാല ധരിച്ചതുകൊണ്ട് ജന്മിമാരുടെ ചൂഷണത്തില്‍നിന്നും നിങ്ങള്‍ വിമോചിതരാകാന്‍ പോകുന്നില്ല. ശ്രീരാമസ്‌തോത്രങ്ങള്‍ ഉരുവിട്ടതുകൊണ്ട് കടബാധ്യതകളില്‍ നിന്നും നിങ്ങള്‍ വിമോചിതരാവുകയില്ല.

പണ്ഡലിപുരത്തേയ്ക്ക് തീര്‍ത്ഥയാത്ര നടത്തിയതുകൊണ്ട് നിങ്ങള്‍ക്കാരും ശമ്പളം നല്‍കുകയില്ല. ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം നല്ലതായിരിക്കാം. എന്നാല്‍ അദ്ധ്യാത്മിക മേന്മയെക്കാള്‍ ഭൗതികമേന്മയാണ് ഇപ്പോള്‍ അയിത്തജാതിക്കാര്‍ക്ക് ആവശ്യം. പണമില്ലാതെ നിങ്ങള്‍ക്കു ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല. കുട്ടികള്‍ക്കു വിദ്യാഭ്യാസ സൗകര്യങ്ങളും വൈദ്യസഹായവും ലഭിക്കുകയില്ല. അതിനാല്‍ രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

ഭൗതിക പുരോഗതിക്കായിരിക്കണം നിങ്ങളുടെ സമരം’. ക്രിസ്തുമതത്തെയും ഇസ്‌ലാംമതത്തെയും അംബേദ്ക്കര്‍ പരിഗണിച്ചു. പക്ഷേ, മരണാനന്തര ജീവിതത്തില്‍ യുക്തിയില്ലെന്ന കാരണത്താല്‍ ആ രണ്ടു മതങ്ങളെയും അദ്ദേഹം തളളിക്കളഞ്ഞു. പിന്നീട് അദ്ദേഹം ഗൗരവപൂര്‍വ്വം സിക്ക് മതത്തെക്കുറിച്ചു ചിന്തിച്ചു. പക്ഷേ, പട്ടികജാതിക്കാര്‍ കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുത്ത രാഷ്ട്രീയാവകാശങ്ങള്‍ അവിടെ നഷ്ടപ്പെടുമെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ സിക്കുമതത്തെയും വിഗണിച്ചു.

ബുദ്ധമതത്വങ്ങളില്‍ അദ്ദേഹം ആകൃഷ്ടനായി. ഇന്ത്യയില്‍ ബുദ്ധമതം മരിച്ചുകഴിഞ്ഞിട്ടു സഹസ്രാബ്ദങ്ങളായിരുന്നുവെങ്കിലും ബുദ്ധമതത്തിന് ഇന്ത്യയുടെ ദേശീയജീവിതത്തില്‍ സമത്വാധിഷ്ഠിതമായ മാനവീയത പ്രദാനം ചെയ്യാന്‍ കഴിഞ്ഞിരിന്നുവെന്ന് അദ്ദേഹം മനസിലാക്കി. സവര്‍ണ്ണഹിന്ദുക്കളില്‍ ഉത്പതിഷ്ണുക്കളായ ആനന്ദകൗസല്യായന്‍ ധര്‍മ്മാനന്ദകോസാംബിയെപ്പോലുളള പണ്ഡിതന്മാരുടെ നിലപാടുകളും അദ്ദേഹത്തിന്റെ ബുദ്ധമതാശ്ലേഷണത്തിന് കാരണമായിട്ടണ്ട്. 1956 ഒക്‌ടോബര്‍ 14ന് അംബേദ്ക്കര്‍ തന്റെ അനുയായികളെ നാഗ്പൂരിലേക്ക് ക്ഷണിച്ചുവരുത്തി. ഇന്ത്യയിലെ അന്നത്തെ ഏറ്റവും പ്രായം ചെന്ന ബൗദ്ധഭിക്ഷുവായ മഹാസ്തവീര്‍ ചന്ദ്രമണിയുടെ കാര്‍മ്മികത്വത്തില്‍ അംബേദ്ക്കര്‍ ഉള്‍പ്പെടെ അഞ്ചുലക്ഷത്തോളം അയിത്തജാതിക്കാര്‍ അന്ന് ബുദ്ധമതത്തില്‍ ചേര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 380 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക